തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു മുമ്പ് വരെ ജീൻസും ടോപ്പുമിട്ട് അടിച്ചുപൊളിച്ച് നടന്ന പെൺകുട്ടികൾ സ്ഥാനാർത്ഥിയായപ്പോൾ സാരി ഉടുത്ത് പഠിക്കുകയാണ്. വിവാഹത്തിനും മറ്രും പോകുമ്പോൾ അമ്മ പറഞ്ഞാൽപ്പോലും സാരി ഉടുത്തിട്ടില്ല. ലാച്ച, അല്ലെങ്കിൽ ചുരിദാർ ഇതാണ് വേഷം. സാരിയൊക്കെ പഴഞ്ചൻ ഏർപ്പാടെന്നും പറയും. ഉടുക്കാനുള്ള ബുദ്ധിമുട്ട് വേറെയും. സ്ഥാനാർത്ഥിയായപ്പോൾ പാർട്ടിക്കാര് പറഞ്ഞു 'സാരി ഉടുക്കണം. എങ്കിലേ പക്വത തോന്നൂ '. ഒടുവിൽ സാരിയും ബ്ലൗസും അതിനു മാച്ചു ചെയ്യുന്ന പൊട്ട്, കമ്മൽ... അങ്ങനെ ആകെയങ്ങ് മാറേണ്ടിവന്നു. ഒരു പാർട്ടിയല്ല, പ്രധാന പാർട്ടിക്കാരെല്ലാം അവരുടെ ചെറുപ്പക്കാരായ വനിതാ സ്ഥാനാർത്ഥികളോട് സാരി ഉടുത്തുവേണം പ്രചാരണത്തിന് ഇറങ്ങേണ്ടതെന്ന് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്നവരോടൊക്കെ വോട്ടു ചോദിക്കാൻ പോകുമ്പോൾ പച്ചപ്പരിഷ്കാരിയെന്ന് തോന്നാൻ പാടില്ലല്ലോ.
വനിതാ സ്ഥാനാർത്ഥികൾക്കു മാത്രമല്ല, പുരുഷ സ്ഥാനാർത്ഥികൾക്കും വസ്ത്ര ധാരണത്തിൽ ശ്രദ്ധ പുലർത്തണമെന്ന നിർദ്ദേശമുണ്ട്. അടിപൊളി വേഷമൊക്കെ മാറ്റി മുണ്ട്, ഷർട്ട് എന്നിവയിലേക്ക് മാറാനാണ് നിർദ്ദേശം. കോളേജിൽ നിന്നും പഠിച്ചിറങ്ങി നേരെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയവർക്ക് ചെറിയ ക്ലാസ് നൽകിയാണ് പ്രചാരണത്തിന് അതത് പാർട്ടി നേതൃത്വം അയയ്ക്കുന്നത്. വീടുകളിൽ ചെല്ലുമ്പോൾ ' മസിലും പിടിച്ച് ' നിൽക്കാതെ 'ഫ്രണ്ട്ലി'യായി വോട്ട് അഭ്യർത്ഥിക്കണമെന്നാണ് ക്ലാസുകളിലെ പ്രധാന ഉപദേശം. ഒാരോ പ്രദേശത്തേയും പ്രശ്‌നങ്ങൾ മനസിലാക്കി വേണം വോട്ട് തേടാനിറങ്ങാൻ.
കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികൾ, പ്രദേശത്ത് നടപ്പിലാക്കേണ്ട പദ്ധതികൾ എന്നിവയെക്കുറിച്ച് ചെറു കുറിപ്പുകൾ വീട്ടിലിരുന്ന് പഠിക്കാൻ ചില സ്ഥാനാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. നഗരത്തിലെ ഒരു സ്ഥാനാർത്ഥി കട്ട നിരീശ്വരവാദിയാണത്രേ. അവരോട് മുതിർന്ന നേതാക്കൾ പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണെന്നാണ് കേൾവി ' മോളെ നിരീശ്വരവാദമൊന്നും വോട്ടർമാരോട് പറഞ്ഞേക്കല്ലേ, ഇപ്പോൾ ശബരിമല സീസൺ കൂടിയാണ് പണി കിട്ടും !'