ഗുവാഹത്തി: സംശയാസ്പദമായ സാഹചര്യത്തിൽ ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കണ്ടെത്തിയ പതിനൊന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികവേഷം ധരിച്ചെത്തിയ ഇവർ തിരിച്ചറിയൽ രേഖ ഹാജരാക്കാത്തതും ഇവരുടെ പ്രവൃത്തികൾ സംശയാസ്പദമായ വിധത്തിലുമായിരുന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
ആദ്യം നാല് പേരെയാണ് പൊലീസ് പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മറ്റ് ഏഴ് പേരെ കൂടി പിടികൂടുകയായിരുന്നു. അതീവ സുരക്ഷാമേഖലയിൽ എത്തിച്ചേർന്നതിന്റെ വ്യക്തമായ കാരണം വെളിപ്പെടുത്തുകയോ തിരിച്ചറിയൽരേഖ കാണിക്കുകയോ ചെയ്യാത്തതിനാൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു മാസത്തോളമായി ഇവർ ഈ ഭാഗത്ത് താമസിച്ചു വരികയാണെന്ന് ഗുവാഹത്തി ജോയിന്റ് പൊലീസ് കമ്മിഷണർ ദേബ് രാജ് ഉപാദ്ധ്യായ് പറഞ്ഞു. നിയമവിരുദ്ധമായി സൈനിക യൂണിഫോം ധരിച്ചെത്തിയതിൽ ക്രിമിനൽ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവരിൽ ഒരാളുടെ പക്കൽ നിന്ന് ഒരു സെക്യൂരിറ്റി കമ്പനിയുടെ വ്യാജ നിയമന ഉത്തരവ് പിടികൂടി. ഇവർ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് നടത്തിയ തിരച്ചിലിൽ ചില രേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു. ഇവരുടെ കൈവശം ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വിമാനത്താവളത്തിന്റെ സുരക്ഷാചുമതല നിർവഹിക്കുന്ന സി.ഐ.എസ്.എഫിന് ഗുവഹാത്തി പൊലീസ് പ്രാഥമികാന്വേഷണ വിവരം കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |