എന്റെ മാതൃകാ പുരുഷന്മാർ
മാതൃകാ പുരുഷൻ എന്നു കേൾക്കുമ്പോൾ പ്രസാദം വദനത്തിങ്കലും കാരുണ്യം ദർശനത്തിലും മാധുര്യം വാക്കിലും ചേർന്നുള്ളവനാണ് പുരുഷോത്തമൻ എന്ന വരികളാണ് ഓർമ്മ വരുന്നത്. ഇത്രയും ഗുണവിശേഷങ്ങളുള്ള ഒരാൾ മഹാബോറനായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇങ്ങനെ ഒരാളെ നല്ല പുരുഷനെന്ന് വിശേഷിപ്പിക്കാനും തോന്നുന്നില്ല. എന്നാൽ അയാൾ യോഗ്യനല്ല എന്ന് ഇതിനർത്ഥമില്ല.
പെൺകുട്ടികൾക്ക് നല്ല അടക്കവും ഒതുക്കവുമുണ്ടാകണമെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ഈ ഗുണങ്ങൾ കൂടുതൽ യോജിക്കുന്നത് പുരുഷന്മാർക്കാണ്. യോഗ്യനായ പുരുഷൻ അടക്കവും ഒതുക്കവുമുള്ള വ്യക്തിയായിരിക്കും. ഒച്ചപ്പാടും ബഹളവുമില്ലാതെ നന്നായി പ്രവർത്തിക്കുന്ന ധീരമായ തീരുമാനങ്ങളെടുക്കുന്ന ബുദ്ധിയുള്ള പുരുഷന്മാരെയാണ് എനിക്ക് ഇഷ്ടം.
ഭാര്യയുടെ എ.ടി.എം കാർഡ് വാങ്ങി സൂക്ഷിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. ഭാര്യയുടെ ശമ്പളം ക്രയവിക്രയം ചെയ്യുന്നവരുണ്ട്. സ്ത്രീകളുടെ അഭിപ്രായങ്ങൾക്ക് വില കല്പിക്കാത്തവരുണ്ട്. അവനവനെ കുറിച്ച് ആത്മവിശ്വാസമില്ലാത്തവരാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. ആത്മവിശ്വാസമുള്ളവർക്ക് മാത്രമേ സ്ത്രീകളെ അംഗീകരിക്കാൻ പ്രാപ്തിയുണ്ടാകുകയുള്ളൂ.
സി.അച്യുതമേനോൻ,ഇ.ശ്രീധരൻ, കെ.കരുണാകരൻ, വൈക്കം മുഹമ്മദ് ബഷീർ എന്നിവരാണ് എന്റെ സങ്കല്പത്തിലെ മാതൃകാപുരുഷന്മാർ. അച്യുതമേനോൻ ഒച്ചപ്പാടില്ലാത്ത രാഷ്ട്രീയനേതാവായിരുന്നു. കർമ്മത്തെ ധ്യാനം പോലെ കൊണ്ടു നടക്കുന്ന ആളാണ് ശ്രീധരൻ. പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കെ.കരുണാകരന്റെ കഴിവ് എനിക്ക് ഇഷ്ടമാണ്. ഉന്മാദം കലയാണെന്ന് വൈക്കം മുഹമ്മദ് ബഷീർ തെളിയിച്ചു.
ഏഴാം വയസിൽ അച്ഛനെ നഷ്ടമായെങ്കിലും അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ചങ്കൂറ്റവും ഓർമ്മയിൽ എന്നും നിലനിൽക്കും. ആർദ്രതയും മാന്യതയും ഒതുക്കവും സത്യസന്ധതയുമുള്ള ആളാണ് ഭർത്താവ്. നർമ്മബോധം കൊണ്ട് ഒരു സഹോദരനും നിഷ്കളങ്കത കൊണ്ട് മറ്റൊരാളും എന്റെ മാതൃകാ പുരുഷന്മാരുടെ പട്ടികയിലുണ്ട്. മക്കളിലൊരുവൻ സ്നേഹിക്കാനുള്ള കഴിവുകൊണ്ടും ബുദ്ധിയും തന്റേടവും കൊണ്ട് മറ്റൊരു മകനും മാതൃകാ പുരുഷന്മാരാകുന്നു .പ്രണയത്തിലൂടെ സ്ത്രീക്ക് പുരുഷനെ ഗന്ധർവനാക്കാൻ സാധിക്കും. എന്നാൽ തിരിച്ച് ഒരു പെണ്ണിനെ ആകെ മാറ്റാൻ പുരുഷന് സാധിക്കണമെന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |