SignIn
Kerala Kaumudi Online
Sunday, 27 September 2026 3.39 PM IST

സ്വർണക്കടത്തു കേസ് : പത്തു പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ എൻ.ഐ.എ

gold-samaggling-

കൊച്ചി: നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ കേസിലെ 10 പ്രതികൾക്ക് എൻ.ഐ.എ കോടതി ജാമ്യംനൽകിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജിയിൽ പ്രതികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എട്ടാംപ്രതി ഇ. സെയ്തലവി, ഒമ്പതാംപ്രതി പി.ടി. അബ്ദു, 11 -ാം പ്രതി മുഹമ്മദ് അലി ഇബ്രാഹിം, 14 -ാം പ്രതി മുഹമ്മദ് ഷെഫീഖ്, 16 -ാം പ്രതി മുഹമ്മദ് അൻവർ, 19 -ാം പ്രതി അംജദ് അലി, 21 -ാം പ്രതി സി.വി. ജിഫ്‌സൽ, 22 -ാം പ്രതി പി. അബൂബക്കർ, 23 -ാം പ്രതി മുഹമ്മദ് അബ്ദുൾ ഷമീം, 24 -ാം പ്രതി പി.എം. അബ്ദുൾ ഹമീദ് എന്നിവർക്ക് ജാമ്യം നൽകിയതിനെതിരെയാണ് ഹർജി.

ഒക്ടോബർ 15 നാണ് എൻ.ഐ.എ കോടതി 10 പ്രതികൾക്ക് ജാമ്യം നൽകിയത്. സ്വർണക്കടത്തിൽ സാമ്പത്തിക ലാഭത്തിനായി പ്രതികളെ ഉപകരണമാക്കിയെന്നാണ് ഇതുവരെ ലഭിച്ച തെളിവുകളിൽനിന്നു വ്യക്തമാകുന്നതെന്ന്‌ എൻ.ഐ.എ കോടതി വ്യക്തമാക്കിയെന്നും കേസിലെ വസ്തുതകളും തെളിവുകളും കണക്കിലെടുക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും ഹർജിയിൽ പറയുന്നു. കേസിലെ മുഖ്യപ്രതികളുമായി ഇവർക്കുള്ള അടുപ്പം കോടതി കണക്കിലെടുത്തില്ല. പ്രതികളിൽനിന്ന് പിടിച്ചെടുത്ത 99 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയ്ക്ക് നൽകിയതിൽ 77 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്. സ്വർണക്കടത്തിന്റെ ഗൂഢാലോചനയിലടക്കം ഇൗ പ്രതികൾക്ക് പങ്കുണ്ടോയെന്ന് അറിയാൻ ഇൗ ഫലംകൂടി ലഭിക്കണം. ഇവർക്ക് സ്വർണക്കടത്തിലെ മുഖ്യകണ്ണികളുമായി നേരിട്ടോ, ഇടനിലക്കാരുമായോ ബന്ധമുണ്ടായിരുന്നോയെന്ന് കൂടുതൽ അന്വേഷണത്തിലേ കണ്ടെത്താനാവൂ. പ്രതികൾക്ക് ജാമ്യം നൽകിയതിലൂടെ രാജ്യത്തിനകത്തും പുറത്തുമായി ഇനിയും കണ്ടെത്താനുള്ള തെളിവുകൾ നശിപ്പിക്കാൻ കൂട്ടായ ശ്രമമുണ്ടാകുമെന്ന് ആശങ്കയുണ്ട്. കേസിന്റെ പ്രാരംഭഘട്ടത്തിൽ സ്വർണക്കടത്തു നടത്തിയവരെന്നും ഇതിനു പണം നൽകിയവരെന്നും വേർതിരിക്കാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD SAMAGGLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA