തിരുവനന്തപുരം: കിഫ്ബിയുടെ മസാലബോണ്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ ഡി) അന്വേഷണം. മസാലബോണ്ടുകളുടെ അനുമതിയുടെ വിശദാംശങ്ങൾ തേടി ഇ ഡി റിസർവ് ബാങ്ക് ഒഫ് ഇന്ത്യക്ക് (ആർ ബി ഐ )
കത്തുനൽകിയിട്ടുണ്ട്. നേരത്തേ മസാലബോണ്ടുകൾക്ക് റിസർവ് ബാങ്കിന്റെ അനുമതിയുണ്ടെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.
സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. എന്നാൽ ഈ ഭാഗങ്ങൾ പിന്നീട് എഴുതിച്ചേർത്തതാണെന്നാണ് സർക്കാരിന്റെ വാദം.
അതേസമയം, കിഫ്ബിയെ പരാമർശിക്കുന്ന സി.എ.ജി റിപ്പോർട്ടിനെ നിയമപരമായി നേരിടാൻ സർക്കാർ നടപടി തുടങ്ങി. ഹൈക്കോടതിയിലുള്ള കേസിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാനെക്കൂടി വാദത്തിനിറക്കും. ഡൽഹിയിലുള്ള സ്റ്രാൻഡിംഗ് കോൺസലിന് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. കരടുറിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമറിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാൻ അനുമതിയില്ലെന്ന സി.എ.ജി വാദവും നിയമപരമായി നേരിടാനാണ് നീക്കം. സി.എ.ജി പരാമർശങ്ങളെ നിയമപരമായും രാഷ്ട്രീയമായും ഭരണപരമായും നേരിടാനാണ് സി.പി.എമ്മിന്റെയും സർക്കാരിന്റെയും തീരുമാനം. ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ റിപ്പോർട്ട് നടപടിക്രമങ്ങൾ തെറ്റിച്ച് തയ്യാറാക്കിയതാണെന്ന് സർക്കാർ വാദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |