തൃശൂർ: കേരള പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും തൃശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇത്തരം നിയമത്തിനെതിരെ 2015ൽ സുപ്രീംകോടതി നിലപാട് എടുത്തപ്പോൾ അതിനെ പ്രശംസിക്കുകയും രാഷ്ട്രീയ പ്രചാരണ വിഷയമാക്കുകയും ചെയ്ത ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതേ പിണറായി സാമൂഹിക മാദ്ധ്യമങ്ങളെയും മുഖ്യധാരാ മാദ്ധ്യമങ്ങളെയും കരിനിയമം കൊണ്ടുവന്ന് നിയന്ത്രിക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയമായ എതിർപ്പിനെ പോലും തടസപ്പെടുത്താനുള്ള ഗൂഢ നീക്കമാണിത്.ഭരണത്തിനെതിരായ പ്രതിഷേധങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നതാണ്. ഇതാണ് 118 എ കൊണ്ടുവരാൻ പിണറായിയെ പ്രേരിപ്പിച്ചത്. കിഫ്ബിയുടെ പേരിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി തോമസ് ഐസക് ഇപ്പോൾ വീണിടത്ത് കിടന്നുരുളുകയാണ്. മസാലബോണ്ടിലും കിഫ്ബിയുടെ മറ്റു ഇടപാടുകളിലും അന്വേഷണം വരുമെന്ന ഭയം കാരണമാണ് സി.എ.ജി റിപ്പോർട്ട് ചോർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |