കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസും ഇന്നലെ അറസ്റ്റ് ചെയ്തു. സ്വപ്നയുടെ മൊഴിയടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 23 -ാം പ്രതിയാണ് ശിവശങ്കർ. ഇന്നലെ രാവിലെ കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കേസിൽ റിമാൻഡിലാണ് ഇദ്ദേഹം.
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കില്ലെന്നായിരുന്നു കസ്റ്റംസിന്റെ ആദ്യനിഗമനം. മറ്റുപ്രതികളിൽ ചിലരെ ജയിൽ ചോദ്യം ചെയ്തപ്പോഴാണ് തെളിവുകൾ ലഭ്യമായതെന്നും കസ്റ്റംസിന്റെ ഇപ്പോഴത്തെ നിലപാട്.
സ്വർണക്കടത്തിന് ശിവശങ്കർ സഹായവും പ്രേരണയും നൽകിയെന്നാണ് രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനു നൽകിയ മൊഴി. നവംബർ 18 ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്നും സാമ്പത്തിക കുറ്റങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ ഇന്നലെ കസ്റ്റംസ് അറിയിച്ചു. നേരത്തെ ഇ.ഡിക്കു നൽകിയ മൊഴിയിലും ശിവശങ്കറിനെതിരെ സ്വപ്നയുടെ പരാമർശങ്ങളുണ്ടായിരുന്നു.
10 ദിവസം കസ്റ്റഡിയിൽ വേണമെന്ന്
ഇനിയും ആരൊക്കെ സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സ്വർണക്കടത്തിനായി ഇവർ സ്വീകരിച്ച മാർഗങ്ങളെന്തൊക്കെയാണെന്നും കണ്ടെത്താൻ ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നും ഇതിനായി 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. ഇത് ഇന്നു പരിഗണിക്കും. കള്ളക്കടത്തു സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ സ്വാധീനം ചെലുത്തിയെന്ന് സ്വപ്ന ഇ.ഡിയോടും സമ്മതിച്ചിരുന്നു. സ്വർണക്കടത്തു കേസിൽ എം. ശിവശങ്കറിനെതിരെ നേരിട്ടുള്ള തെളിവു ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |