അടിമാലി: ദേവിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ട് പേർ അറസ്റ്റിൽ. ചൂരക്കെട്ടൻ ആദിവാസി കുടിയിലെ സിറിൾ (31), ചാറ്റുപാറ ചേന്നാട്ടിൽ ബിജു (38) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 22 ന് ദേവിയാർ പുഴയിൽ വൈദ്യുതി ഷോക്ക് അടിപ്പിച്ച് മീൻ പിടിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ചൂരക്കെട്ട് കുടിയിൽ നിന്നുള്ള ഷിബു രാജപ്പൻ (28) ആണ് മരിച്ചിരുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിൽ കൂടെ ഉണ്ടായിരുന്നവരെയാണ് അറസ്റ്റ് ചെയ്തത്.
വൈദ്യുത കമ്പിയിൽ നിന്ന് വെള്ളത്തിലേയ്ക്ക് വൈദ്യുതി എത്തിച്ച് മീൻ പിടിക്കുന്നതിനിടെയാണ് മരണം എന്ന് തെളിഞ്ഞതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനുള്ള സഞ്ജീകരണങ്ങൾ ചെയ്തതിനു ശേഷം ഇരുവരും ചേർന്ന് ഷിബുവിനെ മീൻ തരാമെന്ന് പറഞ്ഞു വിളിച്ചു വരുത്തുകയും വെള്ളത്തിൽ ചത്ത് പൊങ്ങിയ മീൻ എടുക്കുന്നതിന് ഇരുവരും ഷിബുവിനെ പുഴയിലേയ്ക്ക് ഇറക്കി വിടുകയായിരുന്നു. തുടർന്ന് ഷിബുവിന് ഷോക്ക് ഏൽക്കുകയാണ് ഉണ്ടായത്. കുറ്റകരമായ അനാസ്ഥ ഇരുവരുടെയും ഭാഗത്ത് നിന്ന് ഉണ്ടായതിനാലാണ് ഇരുവരെയും അറസ്റ്റ് ചെയ്തന്ന് സി.ഐ. അനിൽ ജോർജ്ജ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |