കൊല്ലം. അമ്മയും മകനും തമ്മിൽ നേർക്കുനേർ പോരാടുന്നത് ആവേശത്തോടെയാണ് രാമലീലയിൽ പ്രേക്ഷകർ കണ്ടത്. അമ്മ രാഗിണിയെ പരാജയപ്പെടുത്തി ദിലീപ് അവതരിപ്പിച്ച രാമനുണ്ണി ജയിച്ചു. കഥയും കളരിയും വ്യത്യസ്തമാണെങ്കിലും ഇതാ ഇവിടെ ഒരമ്മയും മകനും തമ്മിൽ മത്സരിക്കുന്നു. കൊല്ലം ജില്ലയിലെ അഞ്ചൽ ഇടമുളക്കൽ ഗ്രാമപഞ്ചായത്തിലാണ് മത്സരം. പനച്ചവിള ദിവ്യാലയത്തിൽ സുധർമ്മ ദേവരാജും (54) മകൻ ദിനുരാജുമാണ്(31) നേർക്കുനേർ പോരാടുന്നത്. സുധർമ്മ ബി.ജെ. പിയുടെയും മകൻ ദിനു സി. പി. എമ്മിന്റെയും സ്ഥാനാർത്ഥിയാണ്.
വർഷങ്ങളായി സി. പി. എം പ്രവർത്തകരാണ് സുധർമ്മയും കുടുംബവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ വനിതാ സംവരണമായിരുന്നു. സുധർമ്മയ്ക്ക് സീറ്റു ചോദിച്ചപ്പോൾ സി. പി .എമ്മുകാർ കൊടുത്തില്ല. വിഷമം കൊണ്ട് സുധർമ്മ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഇതേ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചു. നിസ്സാര വോട്ടുകൾക്കാണ് തോറ്റത്-35. ജയിക്കാൻ വെറും 20 വോട്ട് കൂടി മതിയായിരുന്നുവെന്ന് സുധർമ്മ ഓർക്കുന്നു.
ഇക്കുറി ജനറൽ സീറ്റാണെങ്കിലും ബി.ജെ. പി സുധർമ്മയ്ക്കു തന്നെ സീറ്റു കൊടുത്തു. മത്സരം കടുക്കുമെന്നായതോടെ സിനിമയിലെപ്പോലെ സി. പി.എം അപാരബുദ്ധി പ്രയോഗിച്ചു. സുധർമ്മയുടെ മകൻ ദിനുവിനെ എതിർ സ്ഥാനാർത്ഥിയാക്കി. സിവിൽ എൻജിനിയറിംഗ് ബിരുദധാരിയായ മകനെ സി.പി.എം സ്ഥാനാർത്ഥിയാക്കിയതറിഞ്ഞപ്പോൾ അമ്മ ഞെട്ടിയതൊന്നുമില്ല. പിന്മാറുന്നുണ്ടോയെന്ന് മകൻ ചോദിച്ചെങ്കിലും അമ്മ തയ്യാറായില്ല. മാത്രമല്ല, നമുക്ക് ഒരുമിച്ച് മത്സരിക്കാമെന്നു പറഞ്ഞ് മകന് അമ്മ ആത്മവിശ്വാസം നൽകുകയായിരുന്നു. അദ്യമൊക്കെ അമ്മയ്‌ക്കെതിരാണല്ലോ മത്സരമെന്നൊക്കെ ഓർത്ത് ദിനുവിന് സങ്കടമുണ്ടായിരുന്നു. അമ്മയും മകനും വോട്ടു പിടിക്കാൻ ഒരുമിച്ചാണ് വീട്ടിൽ നിന്നിറങ്ങുന്നത്. പിന്നെ പലവഴിക്കു പോകുന്നു-സന്തോഷത്തോടെ. വോട്ട് ചോദിക്കുമ്പോൾ നാട്ടുകാരും അദ്ഭുതപ്പെടുന്നുണ്ട്. അമ്മയും മകനും വോട്ട് ചോദിക്കുന്നു - ആരെയും കുറ്റപ്പെടുത്താതെ, ഏറ്റവും സൗമ്യതയോടെ. ജയിച്ചേ അടങ്ങൂ എന്ന വാശിയിലാണ് അമ്മ. ഞങ്ങളിൽ ഒരാൾ ജയിക്കുമെന്ന് മകനും. എന്തായാലും മെമ്പർ സ്ഥാനം പഴയ കമ്മ്യൂണിസ്റ്റ് വീട്ടിൽ തന്നെ കിട്ടുമോയെന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |