ഇന്ത്യയുടെ പാൽക്കാരൻ, വർഗ്ഗീസ് കുര്യൻ എന്ന ഡോ. വി. കുര്യന്റെ ജന്മശതാബ്ദി വർഷമാണിത്. 1921 നവംബർ 26ന് കോഴിക്കോട് പുത്തൻപാറയ്ക്കൽ കുര്യന്റെ മകനായി ജനിച്ച വർഗ്ഗീസ് കുര്യൻ, അഞ്ചുപതിറ്റാണ്ട് കാലം രാജ്യത്തെ ക്ഷീര വ്യവസായ രംഗത്ത് നടത്തിയ വിപ്ലവം സമാനതകളില്ലാത്തതാണ്.
ലോകത്തെ ഏറ്റവും വലിയ പാലുൽപ്പാദന രാജ്യമായി ഇന്ത്യയെ ഉയർത്തിയത് ധവള വിപ്ലവത്തിന്റെ പിതാവായ വർഗ്ഗീസ് കുര്യന്റെ പോരാട്ടങ്ങളാണ്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയുംജനകീയാസൂത്രണത്തിന്റെയും രാജ്യത്തെ ആദ്യ മാതൃകയാണ് ആനന്ദ് മാതൃക ക്ഷീര സഹകരണ പ്രസ്ഥാനം.
മദ്രാസ് ലയോള കോളേജിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിസ്റ്റിംഗ്ഷനോടെ ബിരുദാനന്തര ബിരുദം നേടിയ കുര്യൻ ഡയറി എഞ്ചിനിയറിംഗ് പഠനത്തിന് നിയോഗിക്കപ്പെട്ടതോടെ സ്വന്തം ജീവിതം മാത്രമല്ല, രാജ്യത്തെ ക്ഷീരകർഷകരുടെ ജീവിതം തന്നെ മാറ്റി മറിക്കപ്പെട്ടു. ഒപ്പം ഇന്ത്യയുടെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രവും. സർക്കാർ സഹായത്തോടെ നടത്തിയ ഉപരിപഠനം, നിർബന്ധിത സേവനത്തോടെയായിരുന്നു. അങ്ങനെ ബെംഗളൂരുവിലെ ഇംപീരിയൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ പരിശീലനത്തിന് ശേഷം ഗുജറാത്തിലെ കെയ്ര (ഇന്നത്തെ ഖേഡാ) ജില്ലയിലെ ആനന്ദ് എന്ന സ്ഥലത്താണ് വർഗ്ഗീസ് കുര്യന് സർക്കാർ നിയമനം നൽകിയത്. 1949 മേയ് 13 ന് ആനന്ദിലെത്തിയ അദ്ദേഹം കെയ്ര ജില്ലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ലിമിറ്റഡിൽ രണ്ട് മാസത്തെ കരാർ ജോലിക്കാരനായി. അറുനൂറ് രൂപയായിരുന്നു പ്രതിമാസ ശമ്പളം. പിന്നീട് ഇരുപത്തിമൂന്ന് വർഷക്കാലം ക്ഷീരോൽപ്പാദക യൂണിയന്റെ മാനേജരായും ജനറൽ മാനേജരായും സേവനമനുഷ്ഠിച്ചു. തുടർന്ന് ഗുജറാത്ത് സഹകരണ ക്ഷീരോൽപ്പാദക ഫെഡറേഷന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി. പത്ത് വർഷം ഈ പദവിയിലിരുന്നു. തുടർന്ന് ഗുജറാത്ത് ഫെഡറേഷന്റെ തെരഞ്ഞെടുക്കപ്പട്ട ചെയർമാനായി. 1998 നവംബർ 26 ന് ദേശീയ ക്ഷീരവികസന ബോർഡിന്റെ ചെയർമാൻ സ്ഥാനത്തു നിന്നും പിരിയും വരെയും ഡോ.വി.കുര്യൻ ഇന്ത്യയിലെ ക്ഷീര കർഷകർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു.
ഡോ. കുര്യന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യത്തെ ആധുനിക പാൽ ഉൽപ്പാദനസംസ്‌ക്കരണ കേന്ദ്രത്തിന് 1954 നവംബർ 15ന് രാഷ്ട്രപതിഡോ.രാജേന്ദ്ര പ്രസാദ് ആനന്ദിൽ ശിലാസ്ഥാപനം നടത്തിയപ്പോൾ ഇന്ത്യയുടെക്ഷീര വ്യവസായ മേഖലയുടെ മുഖച്ഛായ മാറുകയായിരുന്നു. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കിയ ഈ ഫാക്ടറി 1955 ഒക്ടോബർ 31 ന് സർദാർ വല്ലഭഭായി പട്ടേലിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു രാഷ്ട്രത്തിന് സമർപ്പിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡയറിയാണിത്. 'അമൂൽ', അമൂല്യം അഥവാ വില നിർണ്ണയിക്കാനാവാത്തത്, കഴിഞ്ഞ ആറ്
പതിറ്റാണ്ടിലേറെയായി കോടാനുകോടി മനസ്സുകളിൽ പതിഞ്ഞ നാമം, 1957 ലാണ് ഇത് രജിസ്റ്റർ ചെയ്യുന്നത്. 1968ൽ ധവള വിപ്ലവത്തിന്റെ അന്തിമ രൂപരേഖ തയ്യറാക്കി. 1970 ജൂലൈയിൽ ഔദ്യോഗികമായി 'ഒരു ബില്യൺ ലിറ്റർ ആശയം' പ്രഖ്യാപിച്ചു. ഒരു തുള്ളിയിൽ നിന്നും ഒരു പ്രളയത്തിലേക്കുള്ള അനുസൂതമായ പ്രയാണമായിരുന്നു അത്.
സംസ്ഥാനത്ത് ഇപ്പോൾ മൂവായിരത്തിലെറെ ക്ഷീരസഹകരണ സംഘങ്ങൾ പ്രവർത്തനക്ഷമമാണ്. അവയിലെല്ലാം കൂടി പത്ത് ലക്ഷത്തോളം ക്ഷീരകർഷകർ അംഗങ്ങളാണ്. ഇതിൽ രണ്ടേകാൽ ലക്ഷത്തോളം അംഗങ്ങൾ വനിതകളാണെന്ന കാര്യം ശ്രദ്ധേയമാണ്. പുതിയ കാലത്തിനനുസരിച്ച് കൂടുതൽ വ്യാപകവും ശക്തവുമായി കേരളത്തിലെ ക്ഷീര സഹകരണ മേഖല മുന്നോട്ട് പോകും. ഡോ.വി.കുര്യന്റെ സംഭാവനകൾ അതിന് കരുത്ത് പകരുന്നതാണ്.
(കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാനാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |