തിരുവനന്തപുരം: കേരള ബാങ്ക് ഭരണസമിതിയിലേക്ക് ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ വിജയം. എൽ.ഡി.എഫിന്റെ 14 സ്ഥാനാർത്ഥികളും വിജയിച്ചു. യു.ഡി. എഫ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കൊല്ലത്തു നിന്നു സി.പി.ഐയുടേയും കോട്ടയത്തുനിന്ന് ജോസ് വിഭാഗം മാണിഗ്രൂപ്പിന്റെയും പ്രതിനിധികൾ വിജയിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തതിനാൽ അത് ഒഴികെയുള്ള ജില്ലകളിലെ തിരഞ്ഞെടുപ്പാണ് നടന്നത്. ജില്ലാ ബാങ്കുകൾ കേന്ദ്രീകരിച്ചായിരുന്നു വോട്ടെടുപ്പ്.
വിജയിച്ചവർ: എസ്. ഷാജഹാൻ (തിരുവനന്തപുരം), ജി. ലാലു (കൊല്ലം), എം.സത്യപാലൻ (ആലപ്പുഴ), കെ.ജെ. ഫിലിപ്പ് (കോട്ടയം), കെ.വി ശശി (ഇടുക്കി), എം.കെ കണ്ണൻ (തൃശൂർ), എ. പ്രഭാകരൻ (പാലക്കാട്), പി. ഗഗാറിൻ (വയനാട്), സാബു എബ്രഹാം (കാസർകോട്), കെ. ജി വത്സലകുമാരി (കണ്ണൂർ), ഗോപി കോട്ടമുറിക്കൽ (അർബൻ ബാങ്ക് പ്രതിനിധി) .
കോഴിക്കോട് ജില്ലയിൽനിന്നുള്ള രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തിൽ നിർമലാ ദേവി (പത്തനംതിട്ട), പുഷ്പ ദാസ് (എറണാകുളം) എന്നിവർ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
13 ജില്ലാ പ്രതിനിധികളും അർബൻ ബാങ്കുകളുടെ ഒരു പ്രതിനിധിയുമാണ് ഭരണ സമിതിയിലുള്ളത്.സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ടുപേർ ഉൾപ്പെടെ ആറു പേരും ഭരണ സമിതിയിലുണ്ടാവും.
അർബൻ ബാങ്കുകളുടെ പ്രതിനിധിയായി ജയിച്ച ഗോപി കോട്ടമുറിക്കൽ കേരള ബാങ്ക് പ്രസിഡന്റാകാനാണ് സാദ്ധ്യത. സി.പി.എം വയനാട് ജില്ലാ സെക്രട്ടറി ടി.ഗഗാറിന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.
1557 പ്രൈമറി സർവീസ് സഹകരണ ബാങ്കുകളുടെയും 51അർബൻ ബാങ്കുകളുടെയും പ്രസിഡന്റുമാർക്ക് മാത്രമാണ്
വോട്ടവകാശം. എൽ.ഡി.എഫിന് 1019 മുതൽ 1026 വരെ വോട്ടുകൾ ലഭിച്ചു. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ, നബാർഡ് കേരള റീജിയണൽ ചീഫ് ജനറൽ മാനേജർ, കേരള സംസ്ഥാന സഹകരണ ബാങ്ക് സി.ഇ.ഒ എന്നിവരും ബോർഡിൽ അംഗങ്ങളായിരിക്കും. കോബാങ്ക് ടവറിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ ഡയറക്ടർമാർ ചുമതലയേൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |