തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രവും ശബ്‌ദവുമുപയോഗിച്ച് ചാറ്റ് ചെയ്‌ത് 'ഹണിട്രാപ്പി"ലൂടെ യുവാക്കളിൽ നിന്ന് പണം തട്ടുന്ന രണ്ട് രാജസ്ഥാൻ സ്വദേശികളെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു. നഹർ സിംഗ്, സുഖദേവ് സിംഗ് എന്നിവരാണ് ഇന്നലെ രാജസ്ഥാനിൽ പിടിയിലായത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ച തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോളേജ് വിദ്യാർത്ഥിനികളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
യുവാക്കളുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം പ്രലോഭിച്ച് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി മൊബൈൽ മണി സംവിധാനം വഴി പണം തട്ടുകയാണ് പതിവ്. ഇത്തത്തിൽ ലക്ഷങ്ങൾ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫേസ്ബുക്ക്, വാട്സ്ആപ്പ്, മൊബൈൽ മണി വാലറ്റ് എന്നിവയുടെ ലോക്കേഷനുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ കാമൻ, മേവാത്ത് എന്നിവിടങ്ങളിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് സൈബർ ക്രൈം പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശ്യാംലാലിന്റ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
ഇന്റർനെറ്റ് മാത്രം ഉപയോഗിക്കുന്ന പ്രതികൾ സ്ഥിരമായി സംഘടിക്കുന്ന സ്ഥലത്തെക്കുറിച്ച് സർവീസ് പ്രൊവൈഡർ വിവരം നൽകിയിരുന്നു. തുടർന്ന് ജിയോ മാപ്പിംഗ് സംവിധാനം വഴിയാണ് പ്രതികളെ പിടികൂടിയത്. രാജസ്ഥാൻ, ഡജ, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലുള്ള ഉൾനാടൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതികൾ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.
സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ റോജ ആർ, സബ് ഇൻസ്‌പെക്ടർമാരായ ബിജു രാധാകൃഷ്ണൻ, ബിജുലാൽ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാഗ്, വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |