തിരുവനന്തപുരം: കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിന് അടിയന്തരമായി സർവ്വകക്ഷി യോഗം വിളിക്കണമെന്നും, അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിറുത്തിവയ്ക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.
കേന്ദ്ര ധനകാര്യ മന്ത്രാലയം ഉപേക്ഷിച്ച കെ- റെയിൽ (സിൽവർലൈൻ) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും റിയൽ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണ്. കെ-ഫോൺ, ഇ- മൊബിലിറ്റി, ബ്രൂവറി ഡിസ്റ്റിലറി, സ്പ്രിൻക്ലർ ഡേറ്റാ കച്ചവടം, പമ്പാ മണൽകടത്ത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടുകളും ആരോപണങ്ങളും ഈ പദ്ധതിയെക്കുറിച്ചും സംശയങ്ങൾ ജനിപ്പിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥികാഘാത, സാമൂഹ്യാഘാത പഠനങ്ങളും നടത്തിയിട്ടില്ല. കേന്ദ്രം അനുമതി നിഷേധിച്ചിട്ടും, റവന്യു വകുപ്പ് വിലക്കിയിട്ടും അതിനെയെല്ലാം കാറ്റിൽപ്പറത്തി ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് റിയൽ എസ്റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണമുയരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |