തിരുവനന്തപുരം: സ്ഥാനാർത്ഥിച്ചിത്രങ്ങൾ പൂർത്തിയായി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറവേ, കെ.പി.സി.സിക്ക് തലവേദനയായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ അസ്വാരസ്യങ്ങൾ.
വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ ആർ.എം.പിയുമായി സഹകരിച്ചുള്ള ജനകീയമുന്നണി സ്ഥാനാർത്ഥിക്കെതിരെ രംഗത്തുവന്ന വിമത സ്ഥാനാർത്ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചതാണ് സ്ഥലം എം.പികൂടിയായ കെ. മുരളീധരനെ ക്ഷുഭിതനാക്കിയത്. കണ്ണൂരിൽ ഡി.സി.സിയോട് ആലോചിക്കാതെ മൂന്നിടത്ത് കെ.പി.സി.സി സ്ഥാനാർത്ഥികളെ ഇറക്കിയതിനെതിരെയാണ് കെ. സുധാകരൻ രംഗത്തുവന്നത്. രണ്ടുപേരും പ്രതിസ്ഥാനത്ത് നിറുത്തുന്നത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയാണ്. പ്രശ്നപരിഹാരത്തിനായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിട്ടുണ്ട്. മുരളീധരൻ ഉന്നയിച്ച പ്രശ്നം ചർച്ച ചെയ്യാമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. വെൽഫെയർ പാർട്ടിയുമായുള്ള പരോക്ഷ നീക്കുപോക്കിലും ആശയക്കുഴപ്പമുണ്ട്.
വടകരയിലെ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ച മുരളീധരൻ ഇന്നലെ തിരുവനന്തപുരം വട്ടിയൂർക്കാവിൽ പ്രചാരണം നടത്തുകയും ചെയ്തു.
കെ.പി.സി.സി പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നുവെന്നാണ് പരാതി. രാഷ്ട്രീയകാര്യസമിതി അംഗീകരിച്ച മാനദണ്ഡപ്രകാരമാണ് സ്ഥാനാർത്ഥി നിർണയമെന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റെ മറുപടി.
വിമതരെ പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് തുറന്നടിച്ച മുരളീധരൻ, താനും ആ പദവിയിൽ ഇരുന്നിട്ടുണ്ടെന്നും മാനദണ്ഡങ്ങൾ അറിയാമെന്നും ഓർമ്മപ്പെടുത്തി. അടുത്ത കാലത്തായി മുരളീധരനും മുല്ലപ്പള്ളിയും ഒന്നിലേറെ തവണ കൊമ്പുകോർത്തിരുന്നു. മുരളീധരനുമായി തർക്കമില്ലെന്നും അദ്ദേഹം അച്ചടക്കമുള്ള നേതാവാണെന്നും മുല്ലപ്പള്ളി ഇന്നലെ പറഞ്ഞത് തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ്.
കെ. സുധാകരന്റെ നേതൃത്വത്തിലാണ് കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിർണയിച്ചത്. എന്നാൽ, ഇരിക്കൂർ ബ്ലോക്കിലെ നുച്യാട് ഡിവിഷൻ, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ തിരുവങ്ങാട് വാർഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളിൽ ഡി.സി.സിയോട് ആലോചിക്കാതെയാണ് കെ.പി.സി.സി സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. ഇത് അംഗീകരിക്കില്ലെന്നാണ് സുധാകരന്റെ നിലപാട്.
എല്ലാ നേതാക്കളും ചേർന്നുണ്ടാക്കിയ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നാണ് മുല്ലപ്പള്ളിയുടെ വാദം. പരാതികൾ പരിഹരിക്കാൻ സമിതിയെ വച്ചിരുന്നു. സ്വന്തമായി ആരും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വരരുതെന്ന് നിർദ്ദേശിച്ചതാണ്. കോഴിക്കോട്ട് ആർ.എം.പിയുമായുള്ള നീക്കുപോക്കിനെപ്പറ്റി അറിയില്ല. ഇക്കാര്യം ഡി.സി.സിയോ യു.ഡി.എഫ് നേതൃത്വമോ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി, നേതാക്കൾ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മുരളിയുമായി അഭിപ്രായ
വ്യത്യാസമില്ല: മുല്ലപ്പള്ളി
തിരഞ്ഞെടുപ്പുവേളയിൽ നേതാക്കൾ അഭിപ്രായപ്രകടനം നടത്തുമ്പോൾ സംയമനം പാലിക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.
കണ്ണൂരിലും വടകരയിലും സ്ഥാനാർത്ഥി നിർണയത്തിലും മുന്നണി നീക്കുപോക്കിനെ ചൊല്ലിയുമുണ്ടായ അസ്വാരസ്യങ്ങളിൽ കെ. മുരളീധരനും കെ. സുധാകരനും മറ്റും നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ. മുരളീധരനുമായി തനിക്ക് അഭിപ്രായവ്യത്യാസമില്ല. പാർട്ടി അച്ചടക്കമുള്ള നേതാവാണ് മുരളീധരൻ. കോൺഗ്രസിന്റെ ദേശീയതലത്തിലുള്ള നയങ്ങൾക്കനുസരിച്ചാണ് നിലപാടുകളെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |