തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ടിനെ ചൊല്ലി വീണ്ടും പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ്. ഇന്നലെ പ്രതിപക്ഷ എം.എൽ.എ കെ.എസ്. ശബരീനാഥനാണ് ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിനെതിരെ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്. നേരത്തെ സി.എ.ജി.യുടെ കരട് റിപ്പോർട്ട് ചോർത്തിയതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെതിരെ വി.ഡി.സതീശനും സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകിയിരുന്നു.
ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ലഭിച്ച സി.എ.ജി റിപ്പോർട്ട് ഗവർണർക്ക് അയച്ച് ഗവർണറുടെ അനുമതിയോടുകൂടി സഭയുടെ മേശപ്പുറത്ത് വയ്ക്കുക എന്നതായിരുന്നു അദ്ദേഹം സ്വീകരിക്കേണ്ട നടപടിക്രമം. എന്നാൽ അതിന് പകരം റിപ്പോർട്ടിലെ കിഫ്ബിയെ സംബന്ധിക്കുന്ന ഭാഗം പകർപ്പെടുത്ത് ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കിഫ്ബി സി.ഇ.ഒക്ക് അയച്ചുകൊടുത്തതായി ഒരു പ്രമുഖ മലയാളം ചാനലിൽ മന്ത്രി തോമസ് ഐസക് തന്നെ വെളിപ്പെടുത്തിയിരുന്നു. മന്ത്രിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരള നിയമസഭയുടെ നടപടിക്രമവും, കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം അഡി.ചീഫ് സെക്രട്ടറിക്കെതിരെ നോട്ടീസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |