കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മാറ്റുരയ്‌ക്കാൻ രാഷ്ട്രീയേതര ജനകീയ കൂട്ടായ്‌മകളെത്തിയതോടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും നെഞ്ചിടിപ്പ് ഇരട്ടിപ്പിക്കുന്നു. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ച ട്വന്റി 20യുടെ ഉൗർജത്തിലാണ് പ്രാദേശിക കൂട്ടായ്‌മകളുണ്ടായത്. ജയപരാജയങ്ങൾ നിർണയിക്കാൻ ഇവർക്ക് കഴിയുമെന്നതിനാൽ കരുതലോടെയാണ് മറ്റ് പാർട്ടികളുടെ നീക്കം.
എറണാകുളം ജില്ലയിൽ കൊച്ചി കോർപറേഷനിലുൾപ്പെടെ കൂട്ടായ്‌മകൾ മത്സരിക്കുന്നുണ്ട്. കിഴക്കമ്പലം ട്വന്റി 20 നിലനിറുത്തുമെന്ന ഉറപ്പിലാണ് മത്സരിക്കുന്നത്. സമീപത്തെ മൂന്നു പഞ്ചായത്തുകളിലും ഇക്കുറി മത്സരിക്കുന്നുണ്ട്.
കൊച്ചിയിൽ വി. ഫോർ
കൊച്ചി കോർപറേഷനിൽ വി. ഫോർ കൊച്ചി എന്ന സംഘടന 74 ൽ 59 ഡിവിഷനുകളിലും മത്സരിക്കുന്നുണ്ട്. രാഷ്ട്രീയമില്ലാത്തവരുടെ കൂട്ടായ്‌മ മികവുകൾ വിലയിരുത്തിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. 21 വയസുകാരി മുതൽ വിരമിച്ച ഉന്നത ഉദ്യോഗസ്ഥർവരെ സ്ഥാനാർത്ഥികളാണ്. രാഷ്ട്രീയത്തിന് അതീതമായ വികസനമാണ് ലക്ഷ്യമെന്ന് സംഘടന പറയുന്നു. ഏതാനും മാസം മുമ്പാണ് വി. ഫോർ കൊച്ചി രൂപപ്പെട്ടത്. ജനങ്ങളിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് കൺവീനർ അലക്സാണ്ടർ ഷാജു പറഞ്ഞു.
തൃക്കാക്കരയിൽ ജനമുന്നേറ്റം
ജില്ലാ ആസ്ഥാനമായ കാക്കനാടുൾപ്പെടുന്ന തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ജനമുന്നേറ്റം 34 ഡിവിഷനുകളിൽ മത്സരിക്കുന്നു. 43 ഡിവിഷനുകളാണുള്ളത്. മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച കൂട്ടായ്‌മയോട് ജനങ്ങൾ താത്പര്യം കാട്ടിയതിനാൽ ബദലെന്ന നിലയിലാണ് മത്സരിക്കുന്നതെന്ന് പ്രസിഡന്റ് അഡ്വ. വി.എം. മൈക്കിൾ പറഞ്ഞു. പരസ്യമായി ഒപ്പം വരാൻ കഴിയില്ലെങ്കിലും വോട്ട് നൽകുമെന്ന് നൂറുകണക്കിന് പേർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചെല്ലാനത്തും ട്വന്റി 20
തീരപ്രദേശമായ ചെല്ലാനത്തും ട്വന്റി 20 എന്ന സംഘടന 21 വാർഡിലും മത്സരിക്കുന്നുണ്ട്. അഞ്ചു ബ്ളോക്ക് പഞ്ചായത്ത് വാർഡിലും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിക്കുന്നുണ്ട്. നാലായിരം അംഗങ്ങളുള്ള സംഘടന വാർഡ് കമ്മിറ്റികൾ രൂപീകരിച്ചാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്.
ആറുമാസം മുമ്പ് കടലാക്രമണം രൂക്ഷമായപ്പോഴാണ് ട്വന്റി 20 രൂപീകരിച്ചത്. കൊവിഡ് രൂക്ഷമായ കാലത്തും മികച്ച പ്രവർത്തനം നടത്തി. ഓരോ വാർഡിലും ഇരുനൂറ് വോട്ടുകൾ വീതമുണ്ടെന്ന് വൈസ് പ്രസിഡന്റ് ഉണ്ണി പറഞ്ഞു.
സൂക്ഷ്‌മമായി നിരീക്ഷിച്ച് പാർട്ടികൾ
വെല്ലുവിളിയല്ലെന്ന് മുന്നണികളും പാർട്ടികളും പറയുന്നുണ്ടെങ്കിലും കൂട്ടായ്‌മകളെ ആശങ്കയോടെയാണ് മുന്നണികൾ കാണുന്നത്. പലയിടങ്ങളിലും നിരവധിപേരെ മത്സരത്തിൽ നിന്ന് പിൻവലിപ്പിച്ചു. ഒരു വാർഡിൽ വിജയം നിർണയിക്കുന്ന വോട്ടുകൾ മറിക്കാൻ കഴിയുമെന്നതിനാൽ കൂട്ടായ്‌മകളെ നിരീക്ഷിക്കുന്നുണ്ടെന്ന് മുന്നണി നേതാക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |