SignIn
Kerala Kaumudi Online
Thursday, 10 July 2025 5.55 PM IST

കഥ/ ബേത്‌ലേഹേമിലെ പൊന്നുണ്ണി

Increase Font Size Decrease Font Size Print Page

y

ധനുമാസപൗർണ്ണമി പാൽ നിലാവുവർഷിച്ച ഒരു രാത്രിയായിരുന്നു അന്ന്; പൂർണചന്ദ്രാലംകൃതമായ ക്രിസ്‌തുമസ് രാത്രി! നനുത്ത മഞ്ഞിന്റെ കുളിരലകൾ കത്തീഡ്രൽദേവാലയത്തിൽ പാതിരാക്കുർബാനയ്‌ക്കെത്തിയ മനുഷ്യരുടെ മനസിലും ശരീരത്തിലും കുളിരണിയിച്ചു. മഞ്ഞിന്റെ നേർത്ത പാളികൾക്കുമേലെ വെള്ളിത്തിളക്കംപകർന്ന നിലാവ്, ദേവാലയപരിസരത്തെ സ്വർഗസമാനമാക്കി. പള്ളിമണികളുടെ സാന്ദ്രനിനാദം അന്തരീക്ഷത്തെ കൂടുതൽ ഭക്തിമയമാക്കി.

'അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം;
ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം!
ഇതാ നിങ്ങൾക്കായി പിറന്ന രക്ഷകൻ ,
കീറിയ പിള്ളക്കച്ചയാൽ പൊതിഞ്ഞ്,
ദരിദ്രമായൊരു കാലിത്തൊഴുത്തിൽ ... '

മാലാഖമാരുടെ ഗാനം ദേവാലയഗായകരുടെ സംഘം ഏറ്റുപാടി.

മെത്രാനോടൊപ്പം സഹകാർമ്മികനായി അൾത്താരയിൽ ദിവ്യബലിയർപ്പിച്ചുകൊണ്ടിരുന്ന സമയമെല്ലാം ബർണാഡച്ചന്റെ മനസിൽ തെളിഞ്ഞുനിന്നിരുന്നത് ഫാദർ ഗബ്രിയേലിന്റെ മുഖമായിരുന്നു. പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുഖത്തിനുപോലും ഗബ്രിയേലച്ചന്റെ ഛായയായിരുന്നു. പ്രീസ്റ്റ് ഹോമിൽ (പ്രായമായ പുരോഹിതർ വിശ്രമജീവിതം നയിക്കുന്ന സ്ഥലം) ച്ചെന്നു ഗബ്രിയേലച്ചനെയൊന്നു കാണണമെന്നു പലപ്പോഴും കരുതിയിട്ടുണ്ട്. എന്നാൽ ഒരിക്കലുമത് നടന്നിട്ടില്ല. അദ്ദേഹത്തോടു താൻചെയ്തത് വലിയ അനീതിയാണെന്ന ചിന്ത ബർണാഡച്ചന്റെ മനസിൽ രൂഢമൂലമായിരുന്നു. ഒരു കുറ്റബോധം മനസിൽ നിറഞ്ഞുനിന്നതിനാലാകാം പലപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കൽപ്പോലും പ്രീസ്റ്റ്‌ഹോമിൽച്ചെന്ന് ഗബ്രിയേലച്ചനെ കാണാൻ സാധിക്കാതെപോയത്. ഇനിയും അതുമാറ്റിവച്ചുകൂടാ! രാവിലെയുള്ള ദിവ്യബലി കഴിഞ്ഞാലുടൻ പ്രീസ്റ്റ് ഹോമിൽപ്പോയി ഗബ്രിയേലച്ചനെ നേരിൽക്കണ്ട് ക്രിസ്‌മസ് ആശംസകൾ പങ്കുവയ്‌ക്കണമെന്ന് ബർണാഡച്ചൻ നിശ്ചയിച്ചു.

ബർണാഡച്ചൻ പ്രീസ്റ്റ് ഹോമിലെത്തുമ്പോൾ അവിടുത്തെ അന്തേവാസികളായ അച്ചൻമാരെല്ലാം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. വട്ടേപ്പവും സ്റ്റൂവുമാണു പ്രധാന വിഭവം. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ബർണാർഡച്ചന്റെ സാമീപ്യം അവരുടെ സന്തോഷത്തിനു കൂടുതൽ തിളക്കമേകി. ഒരു ജീവിതകാലം മുഴുവൻ പലപല ഇടവകകളിലായി സേവനമനുഷ്ഠിച്ച്, പ്രായാധിക്യത്തിൽ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുന്ന ആ വൃദ്ധപുരോഹിതർക്ക്, വളരെ അപൂർവമായിമാത്രമേ സന്ദർശകരുണ്ടാകൂ. അതുകൊണ്ടുതന്നെ മെത്രാന്റെ സെക്രട്ടറിയായ ബർണാർഡച്ചന്റെ സാന്നിദ്ധ്യം എല്ലാവർക്കും ആഹ്ലാദകരമായിരുന്നു.
ഓരോരുത്തരോടും കുശലംപറഞ്ഞും ക്ഷേമാന്വേഷണങ്ങൾ നടത്തിയും അവിടിരിക്കുമ്പോഴും ബർണാർഡച്ചന്റെ കണ്ണുകൾ അവിടെയെല്ലാം ഗബ്രിയേലച്ചനെ തെരയുന്നുണ്ടായിരുന്നു.

''അല്ല; ഗബ്രിയേലച്ചനെമാത്രം ഇവിടെയെങ്ങും കണ്ടില്ലല്ലോ. അദ്ദേഹമെവിടെപ്പോയി?""

''പാതിരാക്കുർബാനയ്‌ക്ക് അയാളുണ്ടായിരുന്നു. കുർബാന കഴിഞ്ഞ് ഒരര മണിക്കൂറായപ്പോൾ, ഒരു ഓട്ടോറിക്ഷായിൽ കയറിപ്പോകുന്നത് കണ്ടു. വെളുക്കാറായപ്പോൾ ഒരു ഭ്രാന്തനേയും കൂട്ടി വന്നുകേറിയിട്ടുണ്ടെന്നു കുശിനിക്കാരൻ റപ്പേൽ പറയുന്നുണ്ടായിരുന്നു. പറഞ്ഞിട്ടു കാര്യമില്ലച്ചോ, അങ്ങേരൊട്ടും പ്രാക്ടിക്കലല്ല.""

നരച്ചുനീണ്ട താടിതടവിക്കൊണ്ടു ഫെർണാണ്ടസച്ചൻ പറഞ്ഞു.

കഴിഞ്ഞ കൊല്ലം ഗബ്രിയേലച്ചനുമായുണ്ടായ കൂടിക്കാഴ്‌ചയാണ് ബർണാർഡച്ചന്റെ മനസിലെത്തിയത്. അന്നദ്ദേഹത്തോടു താൻ പറഞ്ഞതും ഇതേ വാക്കുകളായിരുന്നുവെന്നു ബർണാർഡച്ചനോർത്തു.

''ട്രൈ ടു ബീ പ്രാക്ടിക്കൽ...""

കഴിഞ്ഞ വർഷത്തെ ക്രിസ്‌മസ് രാത്രിയിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പാതിരാക്കുർബ്ബാന കഴിഞ്ഞു ബർണാർഡച്ചൻ മുറിയിലെത്തുമ്പോൾ മൊബൈൽ ഫോണിൽ മുപ്പതിലധികം മിസ്ഡ് കോളുകൾ. ഈ രാത്രിയിൽ ഇത്രയധികം കോളുകൾ. ക്രിസ്‌തുമസ് ആശംസകൾ നേരാനാണെങ്കിൽ നേരംപുലർന്നിട്ടു വിളിച്ചാൽ മതിയല്ലോ! പിന്നെന്താവും കാര്യം? വിളിവന്ന നമ്പരുകൾ ഒന്നു പരിശോധിക്കുന്നതിനുമുമ്പേയെത്തി അടുത്ത കോൾ

രൂപതയിലെ അതിപുരാതനമായ ഒരിടവകയിലെ പ്രമാണിയായ ഒരു വ്യക്തിയാണു ലൈനിൽ. ഇടവകജനങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്യുന്ന ഇടവകവികാരിക്കെതിരായി അടിയന്തിരമായി നടപടിയെടുക്കണം എന്നതാണാവശ്യം. രാവിലെയുള്ള കുർബാനയ്‌ക്കുശേഷം പിതാവുമായി സംസാരിച്ചു തീരുമാനമെടുക്കാമെന്നു പറഞ്ഞു സംസാരമവസാനിപ്പിച്ചു. അതുപക്ഷേ അടുത്ത ഒരു കോളിന്റെ തുടക്കംമാത്രമായിരുന്നു. തുടർച്ചയായി നാലു കോളുകൾ എല്ലാവർക്കും പറയേണ്ടതൊന്നു മാത്രം; വേണ്ടിവന്നാൽ ഗബ്രിയേലച്ചനെ പൗരോഹിത്യത്തിൽനിന്നുതന്നെ വിലക്കണം. എല്ലാവർക്കും ഒരേ മറുപടിതന്നെ നല്കി 'പിതാവുമായി സംസാരിച്ചശേഷം നടപടികളെക്കുറിച്ചാലോചിക്കാം.'

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ലാൻഡ് ഫോണിന്റെ റിസീവർ എടുത്തു മാറ്റിവച്ചു. അപ്പോഴേക്കും പിതാവിന്റെ സന്ദേശമെത്തി. ഉടനെ അദ്ദേഹത്തിന്റെ മുറിയിലെത്തണം.

വിഷയം ഗബ്രിയേലച്ചൻ തന്നെ.

''വിളിപ്പിച്ചതെന്തിനാണെന്നു മനസ്സിലായിക്കാണുമല്ലോ. വിശ്വാസതീക്ഷ്ണതമൂലമുള്ള ചില എടുത്തുചാട്ടങ്ങളുണ്ടെന്നതൊഴിച്ചാൽ ഗബ്രിയേലച്ചൻ നല്ലൊരു പുരോഹിതനാണെന്നു തന്നെയാണ് ഞാൻ കരുതുന്നത്. എന്നാൽ ഈ രൂപതയിലെതന്നെ പാരമ്പര്യമുള്ള പുരാതന കുടുംബാംഗങ്ങളും പ്രമാണികളുമാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ നടപടിയാവശ്യപ്പെടുന്നത്. കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനായി ബർണാർഡച്ചനെ ചുമതലപ്പെടുത്താമെന്നും അച്ചന്റെ റിപ്പോർട്ടനുസരിച്ച് നടപടികൾ സ്വീകരിക്കാമെന്നും ഞാനവർക്കുറപ്പ് കൊടുത്തിട്ടുണ്ട്. നാളെത്തന്നെ അച്ചൻ ഇടവക സന്ദർശിച്ച്, പരാതിക്കാരിൽനിന്നും ഗബ്രിയേലച്ചനിൽനിന്നും വിശദാംശങ്ങൾ ചോദിച്ചറിയണം. ഏറെ വൈകാതെ റിപ്പോർട്ടു നൽകണം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം അവസാനിപ്പിക്കാനുതകുന്നവിധമാകണം അച്ചന്റെ റിപ്പോർട്ട്, എന്നാണു ഞാനാഗ്രഹിക്കുന്നത്.""

ക്രിസ്‌തുമസിന്റെ പിറ്റേന്നുതന്നെ ബർണാർഡച്ചൻ അന്വേഷണമാരംഭിച്ചു. പരാതിക്കാരായ ഇടവകാംഗങ്ങളെ ഒറ്റയ്‌ക്കും കൂട്ടായും കണ്ടു. നൂറ്റാണ്ടുകളായി ആ ദേവാലയത്തിലുപയോഗിക്കുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തെ നിന്ദിച്ചുകൊണ്ടു ദിവ്യബലിമദ്ധ്യേ പരസ്യമായി സംസാരിച്ച ഗബ്രിയേലച്ചൻ, പുരോഹിതനെന്ന പദവിയിൽ ഇരിക്കാനർഹനല്ലെന്ന നിലപാടിൽ ഇടവകജനം ഉറച്ചുനിന്നു.

''ഞങ്ങളുടെ പിതാമഹന്മാരുടെ കാലംമുതലേ വിശുദ്ധമായിക് കരുതി ഉപയോഗിക്കുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തെ ഒന്നിലധികം തവണ നിന്ദിച്ചു സംസാരിച്ചിട്ടും കുർബ്ബാന തടസപ്പെടുത്താനോ മറ്റെന്തെങ്കിലും അക്രമങ്ങളഴിച്ചുവിടാനോ ഇടവകജനത്തിലാരും തുനിഞ്ഞില്ലയെന്നത് രൂപതാനേതൃത്വം കണക്കിലെടുക്കും എന്നുതന്നെയാണ് ഞങ്ങൾ കരുതുന്നത്.""

ഗബ്രിയേലച്ചനെതിരെ നടപടിയുണ്ടായേതീരൂ എന്ന അഭിപ്രായത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എങ്കിലുമൊടുവിൽ അദ്ദേഹം പരസ്യമായി മാപ്പുപറഞ്ഞാൽ കടുത്ത നടപടിയൊന്നും വേണ്ടാ എന്ന അഭിപ്രായത്തിലേക്ക് അവരെയെത്തിക്കാൻ ബർണാർഡച്ചന് സാധിച്ചു.

' അച്ചൻ ആലങ്കാരികമായിനടത്തിയ ഒരു പ്രയോഗം മാത്രമായിരുന്നു അതെന്നാണു ഞാൻ കരുതുന്നത്.""

ബർണാർഡച്ചൻ ഗബ്രിയേലച്ചനോടു പറഞ്ഞു.

''അങ്ങനെയല്ലച്ചോ, ഞാൻ എന്തു പറഞ്ഞോ അതുതന്നെയാണു പറയാൻ ഉദ്ദേശിച്ചിരുന്നതും! അതാലങ്കാരികപ്രയോഗമായിരുന്നുവെന്നു ഞാനിപ്പോൾ പറഞ്ഞാൽ അതൊരാത്മവഞ്ചനയായിപ്പോകും.""

'അച്ചോ, അച്ചൻ കുറച്ചുകൂടെ പ്രാക്ടിക്കലാകണം. അച്ചൻ പറയുന്നതു പൂർണ്ണമായും തെറ്റാണെന്ന് എനിക്കഭിപ്രായമില്ല. എന്നാൽ, ഇതു വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തേയും പാരമ്പര്യത്തേയുമെല്ലാം ചോദ്യംചെയ്യുന്നതിനു തുല്യമാണ്.""

''ഒട്ടും പ്രാക്ടിക്കലല്ലാതെ കാൽവരിക്കുരിശിൽ നഗ്നനായി മരിച്ച നസറായനെ ( ഇസ്രായേലിലെ നസറേത്ത് എന്ന പ്രദേശത്തുനിന്നുള്ളവരെ വിളിക്കുന്നത്. ഈശോ വളർന്നത് നസറത്തിലാണ്) മാത്രം കണ്ടാണു ഞാൻ ഈ ളോഹ (കത്തോലിക്കാ പുരോഹിതർ ഉപയോഗിക്കുന്ന വസ്ത്രം) തിരഞ്ഞെടുത്തത്. കുറച്ചുകൂടി പ്രാക്ടിക്കലായി ചിന്തിച്ചിരുന്നെങ്കിൽ അവനൊരു ചക്രവർത്തിയാകാമായിരുന്നല്ലോ! എന്നാൽ അവൻ തിരഞ്ഞെടുത്തതു കാൽവരിയിലെ കുരിശിലേക്കുള്ള വഴിയല്ലേ? അവന്റെ കുരിശുനൽകുന്ന സന്ദേശം ജീവിതത്തിൽ പകർത്താൻമാത്രമേ ഞാനാഗ്രഹിക്കുന്നുള്ളു. അതിന്റെപേരിൽ അനുഭവിക്കേണ്ടിവരുന്ന ഏതു ശിക്ഷയുമേറ്റുവാങ്ങാൻ ഞാൻ തയ്യാറുമാണ്.""

''ശിക്ഷയുടെ കാര്യമൊക്കെ നിൽക്കട്ടെ, അച്ചൻ ആലങ്കാരികമായി പറഞ്ഞതാണെന്നും അതു വിശ്വാസികളിലുണ്ടാക്കിയ മുറിവുകൾക്കു മാപ്പുപറയുന്നുവെന്നുംമാത്രം അച്ചൻ കുർബാനമദ്ധ്യേ, ഇടവകജനങ്ങളെയറിയിച്ചാൽ മതി.""

ഇന്നലെ നടന്ന സംഭവങ്ങൾപോലെയാണു തോന്നുന്നത്. ഒരു വർഷം എത്രപെട്ടന്നു കഴിഞ്ഞുപോയിരിക്കുന്നു!

''ഗബ്രിയേലച്ചന്റെ മുറി എവിടെയാണ്? ഞാനദ്ദേഹത്തെ മുറിയിൽപ്പോയി കണ്ടുകൊള്ളാം.""

''ഞാൻ ഫാദർ ബർണാർഡാണ്.""

കുശിനിക്കാരൻ റപ്പേൽ കാണിച്ചുകൊടുത്ത മുറിയുടെ വാതിൽക്കൽ മൃദുവായി മുട്ടിക്കൊണ്ടു ബർണാർഡച്ചൻ പറഞ്ഞു.

''പുതിയ അന്വേഷണം വല്ലതുമാണോ?""

''എന്തായാലും അകത്തേക്കു വരാം, വാതിൽ പൂട്ടിയിട്ടില്ല.""ഗബ്രിയേലച്ചൻ മറുപടി നല്കി.

''ഒരു സൗഹൃദസന്ദർശനത്തിനായിമാത്രം വന്നതാണച്ചോ. ഹാപ്പി ക്രിസ്തുമസ്.""

വാതിൽതുറന്ന്, അകത്തേക്കു കയറുന്നതിനിടയിൽ ബർണാഡച്ചൻ ക്രിസ്തുമസ് ആശംസകൾ കൈമാറി.

ഗബ്രിയെലച്ചന്റെ സമീപത്തു മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യനിരിക്കുന്നുണ്ടായിരുന്നു. അയാൾ വൃത്തിയായി ഷേവു ചെയ്തിട്ടുണ്ട്. അലക്കിത്തേച്ച വസ്ത്രമാണ്. എങ്കിലും അയാളിൽ എന്തോ ഒരസാധാരണത്തം ദൃശ്യമാണ്. അയാളുടെ ചുണ്ടിലും മുഖത്തുമെല്ലാം അപ്പത്തിന്റെ തരിയും ഇറച്ചിച്ചാറുമെല്ലാം പറ്റിയിരിക്കുന്നു.

ഗബ്രിയേലച്ചൻ അപ്പവും ഇറച്ചിക്കറിയും അയാളുടെ വായിൽവച്ചു കൊടുക്കുകയാണ്.

ബർണാഡച്ചനെ കണ്ടപ്പോൾ അയാൾ വായ് തുറന്നു ചിരിച്ചു. അതോടെ വായിലുണ്ടായിരുന്ന ഭക്ഷണം വായുടെ വശത്തുകൂടെ പുറത്തേക്കു ചാടി.

''വെരി ഹാപ്പി ക്രിസ്തുമസ്... മേ ഗോഡ് ബ്ലെസ് യൂ, അച്ചനിരിക്കൂ."" ഗബ്രിയേലച്ചൻ അതിഥിയെ സ്വാഗതംചെയ്തു.

മുൻവർഷത്തെ ക്രിസ്തുമസ് രാത്രിയിലെ സംഭവങ്ങൾ അപ്പോൾ ഗബ്രിയേലച്ചന്റെ മനോമുകുരത്തിലേക്കു തെളിഞ്ഞുവരുന്നുണ്ടായിരുന്നു.

തിരുപ്പിറവിയാഘോഷത്തിനായി അണിഞ്ഞൊരുങ്ങിയ ദേവാലയത്തിൽ പള്ളിമണികൾ മുഴങ്ങി. കുർബാനമദ്ധ്യേ തിരുപ്പിറവിയുടെ പ്രതീകമായി ഉണ്ണിയേശുവിന്റെ തിരുസ്വരൂപം അൾത്താരയോടു ചേർത്തൊരുക്കിയ പുൽത്തൊഴുത്തിൽ കിടത്തി. ഗബ്രിയേലച്ചൻ അൾത്താരയിൽ ദിവ്യബലി തുടർന്നു. ദേവാലയത്തിലുണ്ടായിരുന്ന ഭൂരിപക്ഷംപേരും പുൽക്കൂടിനുമുന്നിൽ തിരക്കു കൂട്ടുകയായിരുന്നൂ, അപ്പോഴും.

''ഇവിടെ പുൽകൂട്ടിൽ ക്കാണുന്നത്, ഒരു കളിമൺശില്പം മാത്രമാണ്. ദിവ്യബലിക്കുശേഷവും നിങ്ങൾക്കു പുൽക്കൂടു സന്ദർശിക്കാൻ സാധിക്കുമല്ലോ, ദയവായി എല്ലാവരും വിശുദ്ധകുർബ്ബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുക.""

കുർബ്ബാനമദ്ധ്യേ ഗബ്രിയേലച്ചൻ നടത്തിയ അഭ്യർത്ഥന ബധിരകർണങ്ങളിലാണു പതിച്ചത്...

സുവിശേഷവായനയ്‌ക്കുശേഷമുള്ള പ്രസംഗത്തിൽ ഗബ്രിയേലച്ചൻ കുറച്ചുകൂടെ കടുത്ത ഭാഷയിലാണു സംസാരിച്ചത്.

'ഇവിടെ, ഈ പുൽക്കൂട്ടിൽ നിങ്ങൾ കാണുന്നതു വെറും മണ്ണുണ്ണിയെയാണ് , യഥാർത്ഥ പൊന്നുണ്ണി ഈ ദേവാലയത്തിനു വെളിയിലാണുള്ളത്. തെരുവിൽ അനാഥരും അവശരും ആലംബഹീനരുമായ അനേകരിലാണ് ഉണ്ണിയേശു ഇന്നു ജീവിക്കുന്നത്; അവരിലെക്കിറങ്ങിച്ചെല്ലാനും അവരെ സേവിക്കാനും നമ്മൾ തയ്യാറാകുമ്പോൾ നമ്മുടെ ഹൃദയങ്ങൾ, ഉണ്ണിയേശു പിറന്ന, ബെത്ലഹേമിലെ യഥാർത്ഥ പുൽക്കൂടായി മാറും. കേവലം ചില അനുസ്മരണങ്ങൾക്കായി മാത്രമുപയോഗിക്കുന്ന ബിംബങ്ങൾ നമ്മളെ യഥാർത്ഥ ആത്മീയതയിൽനിന്നകറ്റാനുള്ള ഉപാധികളായി മാറരുത്. ഈ മണ്ണുണ്ണിയെ വിട്ട്, നമുക്കു പൊന്നുണ്ണിയേശുവിനെ അന്വേഷിച്ചിറങ്ങുന്നവരായി മാറാം...'

കുർബ്ബാന കഴിയുന്നതുവരെ നിശ്ശബ്ദരായിരുന്ന ജനങ്ങൾ, കുർബാനയ്‌ക്കുശേഷം പള്ളിമുറ്റത്തു തടിച്ചുകൂടി. ഗബ്രിയേലച്ചനെ പള്ളിമേടയിലേക്കു പോകാനനുവദിക്കാതെ തടഞ്ഞു നിറുത്തി...

പിറ്റേന്നുതന്നെ ഏകാംഗ അന്വേഷണക്കമ്മീഷനായി ബർണാർഡച്ചനെത്തി. കൂടിക്കാഴ്ചയ്ക്കിടയിൽ ജീവിതത്തിൽ അവശ്യംവേണ്ട പ്രായോഗികതകളെക്കുറിച്ച് അദ്ദേഹം ഗബ്രിയേലച്ചനെ ഉപദേശിക്കുകയും ചെയ്തു.

ബർണാർഡച്ചന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചു കൊണ്ടാണെന്നു ഗബ്രിയേലച്ചൻ മറുപടിനല്കിയത്:

''മാപ്പുപറയേണ്ട തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല, പറഞ്ഞ കാര്യങ്ങൾ സത്യമായതുകൊണ്ട് എന്റെ വാക്കുകളിൽ ഞാൻ ഖേദിക്കുന്നുമില്ല. അനുസരണം ബലിയെക്കാൾ ശ്രേഷ്ഠമായതിനാൽ സഭാനേതൃത്വത്തിന്റെ ഏതു നടപടിയോടും ഞാൻ അനുസരണമുള്ളവനായിരിക്കും.""

ഗബ്രിയേലച്ചന്റെ മറുപടിയിൽ അനുരഞ്ജനത്തിനുള്ള അവസാനവഴിയുമടയുകയായിരുന്നു. ബർണാർഡച്ചന്റെ റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ, സഭാ ചുമതലകളിൽനിന്നു വിട്ടുമാറി, ഗബ്രിയേലച്ചൻ കുറച്ചുകാലം വിശ്രമജീവിതം നയിക്കട്ടെയെന്നാണു മെത്രാൻ തീരുമാനിച്ചത്. അങ്ങനെ നാല്പതുവയസു തികയുന്നതിനുമുമ്പേ ഗബ്രിയേലച്ചൻ പ്രീസ്റ്റ്‌ഹോമിലെ അന്തേവാസിയായി.
''ഇതാരാണ്, അച്ചന്റെ ഗസ്റ്റ് ?""

ബെർണാഡച്ചൻ ചോദിച്ചു.

''ഇതാണ് ബെത്‌ലഹേമിലെ യഥാർത്ഥ പൊന്നുണ്ണി...""

ഗബ്രിയേലച്ചൻ ഒരു പുഞ്ചിരിയോടെ തുടർന്നു:

''ഞാനിപ്പോഴും പ്രാക്ടിക്കലായിട്ടില്ലച്ചോ, പകരം എന്നെപ്പോലെ പ്രാക്ടിക്കലല്ലാത്ത കുറേ സഹപ്രവർത്തകരെക്കൂടെ കിട്ടിയിട്ടുുണ്ട്. അക്കൂട്ടത്തിലൊരാളാണ് പാതിരാക്കുർബ്ബാനകഴിഞ്ഞു മടങ്ങുമ്പോൾ വഴിയരുകിൽ തണുത്തുവിറച്ചുനിന്നിരുന്ന മനോനിലതെറ്റിയ ഇയാളുടെ കാര്യം എന്നെ വിളിച്ചറിയിച്ചത്. ഞങ്ങൾ രണ്ടാളും ചേർന്ന്, ഇദ്ദേഹത്തെ ഇങ്ങോട്ടു കൊണ്ടുപോന്നു. മുടിയൊക്കെ വെട്ടി, ഷേവുചെയ്തു കുളിപ്പിച്ചുകഴിഞ്ഞപ്പോൾ ആളെത്ര സുന്ദരനായി. ഇനി വേണ്ടതു നല്ലൊരു മനോരോഗവിദഗ്ദ്ധന്റെ ചികിത്സയാണ്.ജീവിതത്തിലേക്ക് ഇയാളെ തിരികെയെത്തിക്കാനുള്ള സ്‌നേഹപരിചരണവും.""

''വലിയ സേവനമാണച്ചൻ ചെയ്യുന്നത്.""

''യഥാർത്ഥ യേശുവിനെ ശുശ്രൂഷിക്കാനുള്ള എന്റെ എളിയ പരിശ്രമംമാത്രമാണിത്. ഇങ്ങനെയുള്ളവരെ കൊണ്ടുനിറുത്തി പരിചരിക്കുന്നതിനുള്ള സൗകര്യമൊന്നും ഇവിടില്ല. ക്രിസ്തുമസ് ദിനത്തിൽ ഈശോ എന്നോടൊപ്പമുണ്ടാകട്ടെ എന്നൊരു സ്വാർത്ഥതകൊണ്ട്, ഇന്നത്തേക്കിവിടെ നിർത്തിയതാണ്. പ്രീസ്റ്റ് ഹോമിൽ ഇങ്ങനെയൊരാളെക്കൊണ്ടു നിറുത്തിയതിനു് എന്തു ശിക്ഷയാണിനി കാത്തിരിക്കുന്നതെന്നെനിക്കറിയില്ല."" ബർണാർഡച്ചൻ അതിനു മറുപടി പറഞ്ഞില്ല. പകരം ആ മനോരോഗിയുടെ മുന്നിൽ മുട്ടുകുത്തി. അയാളുടെ നെഞ്ചിലേക്കു തന്റെ ശിരസു ചേർത്തു.

TAGS: LITERATURE, STORY, , WEEKLY, STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.