SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.44 PM IST

മലയാളത്തിനോട് ബൈ പറഞ്ഞിട്ടില്ല: മഞ്ജിമ മോഹൻ

manjima

സിനിമയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ മഞ്ജിമ മോഹന്റെ വിശേഷങ്ങൾ

'ഒരു വടക്കൻ സെൽഫി'ക്ക് അഞ്ച് വയസ്. മഞ്ജിമ മോഹന്റെ നായിക പ്രവേശത്തിനും . ചെന്നൈയിലെ വീട്ടിൽ ലോക്കാണ് മഞ്ജിമ മോഹൻ. എന്നാൽ ചാടുകയും ഒാടുകയും നടക്കുകയും ചെയ്യുന്നുണ്ട്. മുടങ്ങാതെ ജോഗിംങും വ്യായാമവും. വീണു പോവുമെന്ന പേടി ഇപ്പോഴില്ല.ഒരു വർഷം മുൻപ് ഇതായിരുന്നില്ല സ്ഥിതി.മൂന്നു മാസം കഴിച്ചുകൂട്ടിയത് ചക്രക്കസേരയിലും കിടക്കയിലും. അഭിനയവും നൃത്തവും എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുമെന്നുവരെ കരുതിയ നാളുകൾ. എല്ലാത്തിനും വിട. അപ്പോഴാണ് ലോക് ഡൗൺ എത്തിയത്. ഏഴുമാസമായി മഞ്ജിമ തിരുവനന്തപുരത്തെ വീട്ടിൽ വന്നിട്ട്.വീട്ടുകാരെ കാണാതെ ഇത്രയും നാൾ കഴിയുന്നത് ഇതാദ്യമാണ്. എന്നാൽ ചെന്നൈ നഗരം എപ്പോഴും മഞ്ജിമയെ സന്തോഷവതിയാക്കുന്നു. മഞ്ജിമ എന്ന പെൺകുട്ടിയെ വള‌ർത്തിയ നഗരം. കോളേജ് ഒാർമകളാണ് ആദ്യ സെൽഫി. പിന്നേ പതിഞ്ഞത് 'ഒരു വടക്കൻ സെൽഫി'യുടെ തിളക്കം. ബാലതാരമായി ഒരുപാട് സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകൾ അന്നാണ് ആദ്യമായി നമ്മുടെ നായികയാവുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകൾ.

ജീവിതം തിരികെ പിടിച്ചപ്പോൾ ലഭിച്ച സന്തോഷത്തിന് അതിരുകളില്ലെന്ന് എത്രവട്ടം തോന്നി ?

ആ സന്തോഷമാണ് എന്റെ മുഖത്ത് ഇപ്പോൾ കാണുന്നത്. ജീവിതത്തിൽ ഏറെ വെല്ലുവിളി നേരിട്ട നാളുകളായിരുന്നു അത്. വീടിന്റെ ഗേറ്റ് തട്ടി ഇടതുകാലിന്റെ ഉപ്പൂറ്റി ഭാഗത്ത് ഒരു ചെറിയ മുറിവ് ഉണ്ടായി.രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്ന് കരുതി. വിവരം ചേട്ടനോട് മാത്രം പറഞ്ഞു. സ്റ്റിച്ച് നീക്കം ചെയ്തപ്പോൾ കാലിന് അസഹ്യമായ വേദന . നടക്കാൻ കഴിയുന്നില്ല. ഉപ്പൂറ്റി ഭാഗത്തെ മുറിവായതിനാൽ ഇനി നടക്കാൻ കഴിയുമോയെന്ന് പേടിച്ചു.നമ്മുടെ ശരീര ഭാരം നിയന്ത്രിക്കുന്ന ഇടമാണല്ലോ ഉപ്പൂറ്റി. വീണ്ടും വേദന കൂടിയതോടെ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ ദൊരൈ കുമാറിനെ കണ്ടു .അടിയന്തര ശസ്ത്രക്രിയ വേണമെന്നും അല്ലെങ്കിലും സ്ഥിതി ഗുരുതമാവുമെന്നും ഡോക്ടർ ഒാർമപ്പെടുത്തി. ആദ്യം ചികിത്സ തേടിയ ആശുപത്രി അധികൃതർ മുറിവേറ്റ ഭാഗം നന്നായി വൃത്തിയാക്കാതെ സ്റ്റിച്ചിട്ടു. മാത്രമല്ല, ഗേറ്റിന്റെ ചെറിയ ഒരു തുരുമ്പ് ക ഷ്ണം നീക്കം ചെയ്തതുമില്ല, മുറിവിൽ പഴുപ്പുണ്ടായതിനെ തുടർന്നാണ് വേദന അനുഭവപ്പെട്ടത്.ജീവിതത്തിൽ ആദ്യമാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നത്.ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കാലിന് നല്ല വേദന. സിനിമയും നൃത്തവും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് തോന്നി. മറ്രൊരു ഇടം തേടണമെന്നുപോലും ചിന്തിച്ചു. മൂന്നുമാസം നടക്കാൻ കഴിയില്ലെന്ന് ഡോക്ടർ ദൊരൈ കുമാർ ആദ്യമേ പറഞ്ഞിരുന്നു. അത് എന്നെ തളർത്തി. എന്നാൽ സാവാധാനം സാധാരണ ജീവിതത്തിലേക്ക് വരാൻ തുടങ്ങി.നൃത്തം ചെയ്യാൻ ഇപ്പോഴും തുടങ്ങിയിട്ടില്ല.

ലോക് ഡൗൺ കഴിഞ്ഞാൽ ആദ്യ ചെയ്യുന്നത് എന്തായിരിക്കുമെന്ന് തീരുമാനിച്ചോ?

അച്ഛനെയും അമ്മയെയും കാണാൻ തിരുവനന്തപുരത്തിന് പോവാനാണ് ആദ്യ യാത്ര. ലോക് ഡൗൺ പിൻവലിച്ചാൽ ഉടൻ യാത്ര ഉണ്ടാവില്ല. സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സ്ഥിതി ഉണ്ടായ ശേഷമേ പുറപ്പെടൂ. കുറച്ചു ദിവസം അച്ഛന്റെയും അമ്മയുടെയും അടുത്തു നിൽക്കണം. ഇപ്പോൾ ദിവസവും രണ്ടുമൂന്നു പ്രാവശ്യം വിളിക്കാറുണ്ട്. ഈസമയത്ത് അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കാൻ കഴിയുന്നത് വലിയ കാര്യമായിരുന്നു. ഒരുപാട് പേർക്ക് അതിനു കഴിയാതെ വരുന്നു. നിർഭാഗ്യവശാൽ ഞാനും അതിൽ പെടുന്നു.വീണ്ടും സിനിമയിൽ അഭിനയിച്ചു തുടങ്ങണം. ഇനി എപ്പോഴാണ് അതു ഉണ്ടാവുക എന്നു അറിയില്ലല്ലോ.

മിഖായേലിനുശേഷം മലയാള സിനിമയോട് ബൈ പറഞ്ഞോ?

ഞാൻ ഇതേവരെ ബൈ പറഞ്ഞിട്ടില്ല. മലയാള സിനിമ എന്നോട് ബൈ പറഞ്ഞുവെന്നാണ് തോന്നുന്നത്. മിഖായേൽ തീരെ പ്രതീക്ഷിക്കാതെ വന്ന സിനിമയായിരുന്ന. ആ സിനിമയിൽ എനിക്ക് ചെയ്യാൻ ഒന്നുമില്ലായിരുന്നു. ഈ വിവരം സംവിധായകനും നിർമാതാവും ആദ്യമേ പറഞ്ഞിരുന്നു.ആസമയത്ത് തമിഴ് സിനിമകളുടെ തിരക്കുണ്ടായിരുന്നു. എന്നാൽ മലയാളത്തിൽ വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹിച്ചപ്പോഴാണ് മിഖായേൽ വരുന്നത്,.മലയാളം സിനിമയുടെ ലൊക്കേഷനിൽ ഇരിക്കുമ്പോൾ പ്രത്യേക സുഖമാണ്. ബാലതാരമായി അഭിനയിച്ചു തുടങ്ങിയതും മലയാളത്തിൽനിന്നാണ്. ലോക് ഡൗണിനു മുൻപ് മലയാളത്തിൽനിന്ന് ഒാഫർ വന്നിരുന്നു. ആ സിനിമകൾ സംഭവിച്ചാൽ എന്റെ തിരിച്ചു വരവുകൂടിയാവുമെന്ന് കരുതുന്നു.

ഗോസിപ്പുകൾ മഞ്ജിമ എന്ന നടിയിൽനിന്ന് അകലെയാണെന്ന് തോന്നുന്നു?

ഞാനും ഇതേക്കുറിച്ച് ആലോചിച്ചിട്ടുണ്ട്.ഗോസിപ്പിന്റെ ഭാഗമാവാത്തതു കൊണ്ടാവാം. എന്റെ ശരീര ഭാരം കൂടി , കുറഞ്ഞു എന്നതിനെപ്പറ്റി എഴുതി കണ്ടിട്ടുണ്ട്.ആളുകളിൽനിന്ന് മാറിനിൽക്കുന്ന സ്വഭാവമാണ് എന്റേത്. ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചാൽ മാത്രം പറയും. സിനിമയിൽ അധികം സുഹൃത്തുക്കളില്ല. സിനിമയ്ക്ക് പുറത്താണ് എന്റെ സുഹൃത്തുക്കൾ. അതും വളരെ കുറച്ചു പേർ. ഒരിക്കലും ഗോസിപ്പിൽനിന്നു മനപൂർവം മാറി നിൽക്കുന്നില്ല.ആരും എഴുതുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJIMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY