ഡിജിറ്റലായി സർട്ടിഫിക്കറ്റ് സമർപ്പിക്കാം
കൊച്ചി: കേന്ദ്രസർക്കാരിന്റെ പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31ൽ നിന്ന് 2021 ഫെബ്രുവരി 28ലേക്ക് നീട്ടിയത് ലക്ഷക്കണക്കിന് പേർക്ക് ആശ്വാസമാകും. കൊവിഡ് പശ്‌ചാത്തലത്തിലും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽപേരും നേരിട്ട് ബാങ്കിലെത്തുന്ന സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്.
പ്രായമായവർ ബാങ്കിലെത്തുന്നത് ഒഴിവാക്കുകയും തിരിക്ക് കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് തീയതി നീട്ടിയത്. ബാങ്കിൽ നേരിട്ട് ഹാജരാകാതെ ഡിജിറ്റലായും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഇ.പി.എഫ്.ഒ പ്രാദേശിക, ജില്ലാ ഓഫീസുകൾ, പെൻഷൻ ലഭ്യമാക്കുന്ന ബാങ്ക് ശാഖകൾ, പോസ്‌റ്റ് ഓഫീസ് എന്നിവയ്ക്ക് പുറമേ 'ഉമംഗ്" ആപ്പ് വഴിയും ഡിജിറ്റലായി സർട്ടിഫിക്കറ്റ് സമർപ്പിക്കാം.
പെൻഷൻകാർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വീട്ടുപടിക്കൽ പോസ്‌റ്റ്‌മാൻ മുഖേന എത്തിക്കുന്ന പദ്ധതിക്ക് പോസ്‌റ്റ് ബാങ്കും തുടക്കമിട്ടിട്ടുണ്ട്. പെൻഷൻ വാങ്ങുന്നവ്യക്തി ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ലൈഫ് സർട്ടിഫിക്കറ്റ്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം നവംബർ ഒന്നിൽ നിന്നാണ് കേന്ദ്രം നേരത്തേ ഡിസംബർ 31ലേക്കും ഇപ്പോൾ ഫെബ്രുവരി 28ലേക്കും നീട്ടിയത്.
സമയപരിധി നീട്ടിയെങ്കിലും ഇക്കാലയളവിലും പെൻഷൻ മുടങ്ങാതെ ലഭിക്കും. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി, വിവിധ സംഘടനകൾ ഉയർത്തിയ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം സമയപരിധി നീട്ടിയത്. കേന്ദ്ര വ്യക്തിഗത, പെൻഷൻ മന്ത്രാലയവും കൺട്രോളർ ജനറൽ ഒഫ് അക്കൗണ്ട്‌സുമായി ചർച്ച ചെയ്‌തായിരുന്നു തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |