ആയിരക്കണക്കിന് അയ്യപ്പ ഭക്തി ഗാനങ്ങൾ ഭക്തർക്ക് നൽകിയ 'ജയവിജയന്മാ'രിലെ ജയൻ തന്റെ പ്രിയ പത്ത് അയ്യപ്പഭക്തി
ഗാനങ്ങളും അവ പിറന്ന വഴിയും ഓർത്തെടുക്കുന്നു....
ഗുരുവായൂരപ്പനെക്കുറിച്ചും മറ്റു ദൈവങ്ങളെക്കുറിച്ചുമുള്ള പാട്ടുകൾ കേട്ടാണ് ഞാനും അനിയനും വളർന്നത്. ഞങ്ങളുടെ ഇഷ്ടദൈവമാണ് അയ്യപ്പൻ. അയ്യനെക്കുറിച്ച് ഒരുപാട് പാട്ടുകളുണ്ടാക്കണമെന്ന ഞങ്ങളുടെ ആഗ്രഹത്തിന്റെയും ശ്രമത്തിന്റെയും ഫലമായാണ് ആയിരക്കണക്കിന് അയ്യപ്പ ഭക്തി ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തി പാടാൻ സാധിച്ചത്. ഇവയിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട അയ്യപ്പ ഭക്തി ഗാനങ്ങൾ തിരഞ്ഞെടുക്കുക എന്നത് ശ്രമകരമാണ്. ഇവിടെ തിരഞ്ഞെടുത്ത ഈ പാട്ടുകൾക്കെല്ലാം ഞാനും അനിയൻ വിജയനുമായി ബന്ധമുണ്ട്. നാടകരംഗത്തായിരിക്കെ ജയൻ, വിജയൻ എന്നീ വ്യത്യസ്ത പേരുകളിൽ നിന്ന് ജയവിജയ എന്ന ഒറ്റപ്പേരിലേക്ക് മാറിയതിന് ശേഷമാണ് ഈ പാട്ടുകളെല്ലാം ഉണ്ടായത്. ഇവയിൽ ചില ഗാനങ്ങളിൽ ഞങ്ങളുടെ സ്വരമാണ്. ചിലത് ചിട്ടപ്പെടുത്തിയപ്പോൾ മറ്റു ചിലതിന് വരികളെഴുതിയാണ് അവയുടെ ഭാഗമായത്. വിജയൻ പോയതിന് ശേഷം ഞാൻ ഒറ്രയ്ക്കും അയ്യപ്പനായുള്ള പാട്ടുപാടിയിട്ടുണ്ട്. കണ്ടു കൊതി തീർന്നില്ലയ്യ എന്ന പാട്ട് ഞാനൊറ്റയ്ക്കാണ് പാടിയത്. ഇനിയും അയ്യപ്പഭക്തി ഗാനങ്ങൾ ലോകത്തിന് സമർപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള ആയുസും ആരോഗ്യവും ഭഗവാൻ തരട്ടെയെന്നാണ് പ്രാർത്ഥന.
1 ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ
ഞാനും അനുജനും ബാലമുരളീകൃഷ്ണയുടെ കൂടെ മദ്രാസിൽ പഠിക്കുന്ന കാലം. ഹിസ് മാസ്റ്റേഴ്സ് വോയ്സ് അഥവാ എച്ച്. എം.വി എന്ന കമ്പനിയുമായി ബാലമുരളീകൃഷ്ണയ്ക്ക് വലിയ അടുപ്പമുണ്ടായിരുന്നു. അവരുടെ ഒരുപാട് പാട്ട് അവിടെ റെക്കാർഡ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുവാദത്തോടെ എച്ച്. എം.വിയിലെ ജനറൽ മാനേജർ തങ്കയ്യയെ കാണാൻ പോയി. ഞങ്ങളെ കൊണ്ട് പാട്ടുപാടിക്കണമെന്ന് ബാലമുരളീകൃഷ്ണയുടെ ശുപാർശയുണ്ടായിരുന്നു. അതനുസരിച്ച് തങ്കയ്യ പാടിച്ചു. പാട്ട് ഇഷ്ടപ്പെട്ട തങ്കയ്യ നല്ല സ്വരമാണല്ലോ റെക്കാർഡിലേക്ക് പാടിക്കാലോ എന്ന് പറഞ്ഞു. പാട്ടിനായി ഇഷ്ടമുള്ള എന്തെങ്കിലും വിഷയം കണ്ടുപിടിക്കാൻ പറഞ്ഞു. 'ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തന്മാർക്ക് വേണ്ടിയുള്ള പാട്ടായാൽ നന്നായിരുന്നു. പക്ഷേ, എഴുതാൻ ആരെയെങ്കിലും കണ്ടുപിടിക്കണം' എന്ന് ഞങ്ങളും പറഞ്ഞു. പുകഴന്തിയുടെ അമ്മാവനായ എം.പി ശിവം അവിടെയുണ്ടായിരുന്നു. അദ്ദേഹം കവിതയെഴുതി കൊണ്ടു വന്നു. അതാണ് ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ എന്ന പാട്ട്. ഇതിന് ഈണമിടാമോയെന്ന് തങ്കയ്യ ചോദിച്ചു. ഈണമിട്ടതിന് ശേഷം ആരെ കൊണ്ട് പാടിക്കും എന്ന ആലോചന വന്നു. അന്ന് പാട്ടുപാടി പേരെടുത്ത് നിൽക്കുന്നത് പി.ലീലയാണ്. അവരെ കൊണ്ട് പാടിച്ചാലോ എന്ന് ഞങ്ങൾ ചോദിച്ചു. ആണുങ്ങളെ കൊണ്ടാണ് പാടിക്കേണ്ടതെങ്കിലും പ്രശസ്തരായ ആരെങ്കിലും വേണമല്ലോ എന്ന് പറഞ്ഞ് പി.ലീലയെ കൊണ്ട് പാടിക്കാൻ തീരുമാനിച്ചു. പി.ലീലയുടെ വീട്ടിൽ പോയി പാട്ടിന്റെ റിഹേഴ്സൽ നടത്തി. പിന്നീട് അവർ സ്റ്റുഡിയോയിൽ വന്നു പാടി. അന്ന് ഗ്രാമഫോണായിരുന്നു എല്ലാ വീട്ടിലും പാട്ടുകേൾക്കാൻ. റെക്കാർഡിൽ പി.ലീലയുടെ ചെറിയ പടമൊക്കെ വച്ചാണ് ആ പാട്ടിറക്കിയത്. ഭക്തിഗാന രംഗത്തേക്കുള്ള ചുവട് വയ്പ്പായിരുന്നു ഞങ്ങൾക്കത്. ഇതേ ഗാനം ഞങ്ങളും പാടിയിട്ടുണ്ട്. ആദ്യ ഗാനം തന്നെ ഹിറ്റായി.
2 ശ്രീ ശബരീശാ ദീനദയാലാ
ഞങ്ങൾ ചേർന്നെഴുതി ഈണമിട്ട ഗാനമാണിത്. എല്ലാ സിനിമാമോഹികളുടെയും കേന്ദ്രമായ മദ്രാസിലെ സ്വാമീസ് ലോഡ്ജിൽ ഞങ്ങളും പോകുമായിരുന്നു. അവിടെ വച്ചാണ് ഗായകൻ പി.ജയചന്ദ്രനെ പരിചയപ്പെടുന്നത്. അദ്ദേഹവും ഞങ്ങളെ പോലെ വന്നതാണ്. ആ പരിചയത്തിന്റെ പുറത്ത് ഞങ്ങൾ ജയചന്ദ്രനോട് പറഞ്ഞു, താൻ പാടുമല്ലോ. നമുക്ക് എച്ച്.എം.വിയിൽ പോയി ഒരു പാട്ട് റെക്കാർഡ് ചെയ്യാം. അവർക്കിഷ്ടമായാൽ കൂടുതൽ പാട്ടുകിട്ടുമെന്ന്. ഞങ്ങൾ അപ്പോൾ തന്നെ ബസിൽ കയറി സ്റ്റുഡിയോയിലേക്ക് പോയി. അന്ന് ഞങ്ങൾക്ക് കാറൊന്നുമില്ല. അവിടെ ചെന്ന് ജനറൽ മാനേജർ തങ്കയ്യയോട് സംസാരിച്ച് ജയചന്ദ്രനെ കൊണ്ട് പാടിച്ചു. ജയചന്ദ്രന്റെ ആദ്യത്തെ അയ്യപ്പ ഭക്തിഗാനമാണ് ശ്രീ ശബരീശാ എന്നത്. പാട്ട് അവർക്ക് ഇഷ്ടമാവുകയും ജയചന്ദ്രന് കൂടുതൽ അവസരങ്ങൾ വന്നുചേരുകയും ചെയ്തു. ജയചന്ദ്രന്റെ ഗാനമേളയ്ക്ക് ഗണപതിസ്തുതിക്കും മുമ്പ് അദ്ദേഹം പാടുന്നത് ഈ പാട്ടായിരുന്നു.
3 ദർശനം പുണ്യദർശനം
എം.പി ശിവം എഴുതിയ പാട്ടായിരുന്നു ദർശനം പുണ്യദർശനം. ഞങ്ങൾ ഈണമിട്ടു. യേശുദാസിനെ കൊണ്ട് ഒരു അയ്യപ്പ ഭക്തി ഗാനം പാടിക്കണമെന്ന് ഞങ്ങൾക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ആയിടയ്ക്ക് യേശുദാസിന്റെ ഭാര്യ പ്രഭയെയും സഹോദരി ജയയെയും പാട്ടുപഠിപ്പിക്കാൻ ഞങ്ങൾ പോയിരുന്നു. അങ്ങനെ അവസരം വന്നപ്പോൾ ഈ പാട്ടിനെ കുറിച്ച് യേശുദാസിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സമ്മതം വാങ്ങി റെക്കാർഡിംഗ് നടത്തി. യേശുദാസ് പാടിയ ആദ്യ അയ്യപ്പ ഭക്തി ഗാനമാണ് ദർശനം പുണ്യദർശനം. അത് ഹിറ്റായി. തുടർന്ന് നിരവധി അയ്യപ്പഭക്തി ഗാനങ്ങൾ യേശുദാസിലൂടെ ഭക്തരിലേക്കെത്തി.
4 വണ്ടിപ്പെരിയാറും മേടും നടപ്പാതയാക്കി
കിഴക്കൻ ഭാഗത്തുള്ള വണ്ടിപ്പെരിയാർ വഴി അയ്യപ്പക്ഷേത്രത്തിലേക്ക് പോകാം. വണ്ടിപ്പെരിയാർ കഴിഞ്ഞ് കുറച്ച് മലകളുണ്ട്. ആ സ്ഥലത്തിന്റെ പേര് പുല്ലുമേടെന്നാണ്. ഒരിക്കൽ ഞങ്ങൾ അതുവഴി ശബരിമലയിലേക്ക് പോകുകയാണ്. ഒപ്പം ബിച്ചു തിരുമലയുണ്ട്. അപ്പോൾ ബിച്ചു പറഞ്ഞു. നമുക്ക് വണ്ടിപ്പെരിയാറും പുല്ലുമേടും ചേർത്തൊരു പാട്ടുണ്ടാക്കണം. അടുത്ത ദിവസം റെക്കാർഡിംഗുണ്ട്. അതിനൊപ്പം ചേർക്കാമെന്ന്. അപ്പോൾ തന്നെ ആലോചിച്ച് വരികളെഴുതി തന്നു. ഞങ്ങൾ തൊഴുതിറങ്ങി, മദ്രാസിൽച്ചെന്ന് ഈണമിട്ടു. ഈ പാട്ട് പാടിച്ചത് ജയചന്ദ്രനെ കൊണ്ടാണ്.
5 പതിനെട്ടു പടിയേറി തിരുമുമ്പിൽ നിന്നു
വണ്ടിപ്പെരിയാറും മേടും പാട്ട് പിറന്ന അതേയാത്രയിൽ തന്നെ ഉണ്ടായതാണ് ഈ പാട്ടും. ബിച്ചു തിരുമലയുമൊന്നിച്ച് ശബരിമലയിലേക്കുള്ള യാത്രയിൽ പതിനെട്ട് പടി കയറുന്നതിന്റെ അനുഭൂതിയെക്കുറിച്ചൊക്കെ ഞങ്ങൾ സംസാരിച്ചിരുന്നു. അതുകേട്ട് ബിച്ചു എഴുതിയതാണ് പതിനെട്ടു പടിയേറി തിരുമുമ്പിൽ നിന്നു സ്വാമിയേ ശരണമെന്നെൻ മനം നിറഞ്ഞുവെന്ന പാട്ട്. ഇപ്പോഴും അയ്യന്റെ മുന്നിൽ ചെന്നു നിൽക്കുന്നതിന്റെ അനുഭൂതിയാണ് ആ പാട്ട് കേൾക്കുമ്പോൾ.
6 എല്ലാമെല്ലാം അയ്യപ്പൻ
ശബരിമല ധർമ്മശാസ്താ എന്ന പടത്തിൽ ഞാനും വിജയനും ചേർന്ന് പാടിയ പാട്ടാണിത്. മണ്ഡലകാലത്ത് ശബരിമലയിൽ നടപ്പന്തലിലെ സ്റ്റേജിൽ മുപ്പതു പാട്ടുകളോളം ഒന്നിനുപുറകെ ഒന്നായി പാടും ഞങ്ങൾ. തിരുവാഭരണം കൊണ്ടുവരുമ്പോൾ ഈ പാട്ടാണ് പാടുക. ആ പാട്ടിന്റെ അവസാനം കണ്ടിതയ്യരുടെ തിരുവാഭരണം എന്ന വരിയുണ്ട്. ഒന്നാംപടി കയറി തിരുവാഭരണം നടപ്പന്തലിൽ എത്തുന്ന സമയം കണക്കാക്കിയാണ് ആ വരികൾ പാടുക. ആ സമയം ഭക്തരെല്ലാം ചേർന്ന് ശരണം വിളിക്കും. പ്രത്യേക അനുഭൂതിയാണ്. എത്രയോ വർഷം, ഞങ്ങൾക്കുണ്ടായ ഭാഗ്യമാണത്.
7 ശ്രീകോവിൽ നടതുറന്നു
ദേവസ്വം ബോർഡിന്റെ വകയായി കാസറ്റ് നിർമ്മാണത്തിലിരിക്കെ അവർ ഒരുപാട് പേരെ സമീപിച്ച കൂട്ടത്തിൽ ഞങ്ങളോടും പറഞ്ഞു ഒരു പാട്ട് ഈണമിടാൻ. അതിന്റെ ഭാഗമായി കവി കുഞ്ഞിരാമൻ എഴുതിയ ശ്രീകോവിൽ നടതുറന്നു എന്ന പാട്ട് ചിട്ടപ്പെടുത്തുകയായിരുന്നു. ഞങ്ങൾ തന്നെ പാടുകയും ചെയ്തു. ശബരിമല സന്നിധാനത്ത് നടതുറക്കും മുമ്പ് വയ്ക്കുന്ന പാട്ടിലൊന്ന് ഇതാണ്.
8 നല്ലതു വരുത്തുക നമുക്ക് നിലവയ്യാ
ട്രഡീഷണൽ പാട്ടാണിത്. സിനിമാമാസികയിലെ സി.കെ സോമൻ എന്ന എഡിറ്ററുണ്ടായിരുന്നു. അദ്ദേഹം ലൈബ്രറിയിൽ പോയി ഒരുപാട് വായിക്കുന്ന കൂട്ടത്തിലായിരുന്നു. ഒരിക്കൽ വായനയ്ക്കിടയിൽ നല്ലതുവരുത്തുക എന്ന പാട്ടിന്റെ വരികൾ കണ്ടു. അദ്ദേഹം ഉടൻ എഴുതിയെടുത്ത് ഞങ്ങളെ വിളിച്ചു. ഞങ്ങളന്ന് കോട്ടയത്താണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രമഫലമായി ഞങ്ങൾ സംഗീതം ചിട്ടപ്പെടുത്തി പാടിയ പാട്ടാണ് നല്ലതു വരുത്തുക നമുക്ക് നിലവയ്യാ എന്നത്.
9 പദാരവിന്ദ ഭക്തലോലുപാലനൈകലോലുപം
സി.കെ. സോമൻ തന്നെ കൊണ്ടു തന്ന പാട്ടാണ് പദാരവിന്ദ ഭക്ത ലോലുപാലനൈക ലോലുപം എന്നത്. സംസ്കൃത കൃതിയാണിത്. ഞാനും അനിയനും ചിട്ടപ്പെടുത്തി പാടിയ ഗാനമാണിത്. മദ്രാസിലായിരുന്നു റെക്കാർഡിംഗ്.
10 പമ്പാസ്തരത്തടം ഭുവനയ്യ സുന്ദരം
ബിച്ചു തിരുമല എഴുതിയതാണ്. ഞങ്ങൾ ഈണമിട്ട് എച്ച്.എം.വിയിൽ റെക്കാർഡ് ചെയ്ത പാട്ടാണിത്. പാട്ട് ഹിറ്റായിരുന്നു. അത് ഹിറ്റാകുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. പിന്നീട്, ഒരു ആൽബം ഇറക്കിയപ്പോൾ ഈ പാട്ടും ഉൾപ്പെടുത്തിയിരുന്നു. ഞങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ പാട്ട് എഴുതിയത് ബിച്ചുവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |