തിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റീവ് സർവീസിലെ (കെ.എ.എസ്) മൂന്നാം സ്ട്രീമിലേക്ക് വിദ്യാഭ്യാസവകുപ്പിലെ ഗസറ്റഡ് അദ്ധ്യാപകരിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. 15വരെയാണ് അപേക്ഷിക്കേണ്ടത്. ഇതുസംബന്ധിച്ച കൂട്ടിച്ചേർക്കൽ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപേക്ഷിക്കാനുള്ള വയസ്, യോഗ്യത എന്നിവ 2019 നവംബർ ഒന്നിലെ ആദ്യ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇന്നലെ ചേർന്ന കമ്മിഷൻ യോഗത്തിലാണ് തീരുമാനം.
പുതുതായി അപേക്ഷിക്കുന്ന ഗസറ്റഡ് അദ്ധ്യാപകർക്ക് മാത്രമായി 29ന് പ്രാഥമിക പരീക്ഷ നടത്തും. നേരത്തെ സ്ട്രീം രണ്ടിലേക്ക് അപേക്ഷിച്ച് പ്രാഥമിക പരീക്ഷ എഴുതിയ ഗസറ്റഡ് അദ്ധ്യാപകർ ഈ പരീക്ഷ എഴുതേണ്ടതില്ല. ഇവരെ സ്ട്രീം രണ്ടിൽ നിന്ന് സ്ട്രീം മൂന്നിലേക്ക് മാറ്റും. 29ലെ പ്രാഥമിക പരീക്ഷയിലെ വിജയികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ജനുവരി 15,16 തീയതികളിൽ മൂന്നാം സ്ട്രീമിലേക്ക് മുഖ്യപരീക്ഷ നടത്താനും കമ്മിഷൻ തീരുമാനിച്ചു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പേര് പിൻവലിക്കണമെങ്കിൽ നോട്ടറി സർട്ടിഫിക്കറ്റ് വേണമെന്ന പി.എസ്.സി നിർദ്ദേശം ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാനും കമ്മിഷൻ തീരുമാനിച്ചു. നിർദ്ദേശം ഭാവിയിൽ വൻതിരിമറികൾക്ക് വഴിവച്ചേക്കുമെന്ന് യോഗം വിലയിരുത്തി. റാങ്ക് ലിസ്റ്റിൽ ഒരാൾ പിന്മാറിയാൽ തൊട്ടടുത്തയാളിന് ജോലി ലഭിക്കാമെന്നതിനാൽ പ്രൊഫൈലിലൂടെ ജോലിവേണ്ടെന്ന അറിയിപ്പ് നൽകുന്നത് യഥാർത്ഥ പ്രൊഫൈൽ ഉടമ ആകണമെന്നില്ല. പലരും കമ്പ്യൂട്ടർ സെന്റർ വഴി അപേക്ഷിക്കുന്നത് മൂലം ഇതിൽ തട്ടിപ്പ് നടക്കുമെന്നതിലാണ് ഗസറ്റഡ് ഓഫീസർ, നോട്ടറി എന്നിവരുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്ന് യോഗത്തിൽ ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |