തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ രംഗത്തെത്തി. രമൺ ശ്രീവാസ്തവയെ വിശ്വസിച്ചിവർക്കെല്ലാം പണികിട്ടിയിട്ടുണ്ട്. കെ കരുണാകരന് ഉൾപ്പടെ പണികിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'രമൺ ശ്രീവാസ്തവ മന്ത്രിമാരേക്കാൾ ശക്തനായി മാറി. മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഉൾപ്പടെ ശ്രീവാസ്തവയെ വിശ്വസിച്ചവർക്കൊക്കെ പണികിട്ടിയിട്ടുണ്ട്. കരുണാകരന്റെ പടിയിറക്കത്തിൽ പങ്കുവഹിച്ച വ്യക്തിയാണ് ശ്രീവാസ്തവ. രാജ്യദ്രോഹിയെന്ന് വിളിച്ചവർ തന്നെ ഇപ്പോൾ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് കരുണാകരൻ ഭരിക്കുന്ന സമയത്ത്, പിണറായി വിജയൻ നിയമസഭയിൽ എം എൽ എയായിരുന്നു. ആ സമയത്താണ് 'ചാരമുഖ്യൻ രാജിവയ്ക്കുക, ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുക' എന്നുളള മുദ്രാവാക്യം ഉയർന്നത്. ആ ശ്രീവാസ്തവ ഇപ്പോൾ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. ശിവശങ്കറുണ്ടാക്കിയ പരിക്കിനൊപ്പം ശ്രീവാസ്തവ ഉണ്ടാക്കുന്ന പരിക്കുകൂടിയായാൽ പിണറായി രാഷ്ട്രീയമായി രക്ഷപ്പെടാത്ത അവസ്ഥയിലേക്ക് എത്തും'- കെ മുരളീധരൻ പറഞ്ഞു. ചാരക്കേസിൽ ശ്രീവാസ്തവയുമായുളള അടുപ്പമാണ് കെ കരുണാകരന് തിരിച്ചടിയായതും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ട അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയും. ഇക്കാര്യമാണ് കെ മുരളീധരൻ സൂചിപ്പിച്ചത്. നിലവിൽ പിണറായി വിജയന്റെ വിശ്വസ്തനായി മാറിയ രമൺശ്രിവാസ്തവയ്ക്ക് സി പി എമ്മിനും സർക്കാറിനും ഏറെ തലവേദനകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
സർക്കാരിന് ഏറെ കളങ്കമുണ്ടാക്കിയ വിവാദമായ പൊലീസ് നിയമഭേദഗതിയിലും കെ എസ് എഫ് ഇയിലെ റെയ്ഡിന് പിന്നിലും രമൺശ്രീവാസ്തവയാണെന്ന് ആരോപണമുയർന്നിരുന്നു. സി പി എമ്മിലെ പ്രമുഖരായ ചിലർതന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ രമൺശ്രീവാസ്തവയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി തളളിക്കഞ്ഞു.
പൊലീസ് നിയമഭേദഗതി ഓർഡിനൻസിന്റെ കാര്യത്തിൽ, പൊലീസ് ഉപദേശകൻ എന്തോ ചെയ്തുവെന്ന് താൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞതായുള്ള വാർത്ത പച്ചക്കള്ളമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മുമ്പുണ്ടായിരുന്നതുപോലുള്ള മാദ്ധ്യമ സിൻഡിക്കേറ്റ് വീണ്ടും പ്രവർത്തിച്ചുതുടങ്ങിയതിന്റെ സൂചനയായി ഇതിനെ കാണാമെന്നും കുറ്റപ്പെടുത്തി.ആഭ്യന്തരവകുപ്പിലെ ദൈനംദിന നടത്തിപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവയ്ക്ക് കഴിയില്ല. ആരും അദ്ദേഹത്തിന് റിപ്പോർട്ട് നൽകുകയോ നിർദ്ദേശം സ്വീകരിക്കുകയോ വേണ്ടതില്ല. വിജിലൻസ് പരിശോധനയ്ക്ക് ശ്രീവാസ്തവയുടെ റിപ്പോർട്ടിന്റെ ആവശ്യമില്ലെന്നും സൂചിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |