നാല്പത് വർഷങ്ങൾക്കുമുമ്പ് 1980 ലെ ക്രിസ്തുമസ് ദിനത്തിലാണ് നവോദയയ്ക്കുവേണ്ടി ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തത്.പുതിയ സംവിധായകൻ,നായകൻ, നായിക, വില്ലൻ,സംഗീത സംവിധായകൻ എന്നിങ്ങനെ എല്ലാത്തിലും നവാഗതരെ പരീക്ഷിച്ച ,പുതുമ പകർന്ന ചിത്രമായിരുന്നു അത്.പ്രണയത്തിന് പുതിയ ഭാഷ്യം ചമച്ച ആ ചിത്രത്തിൽ തൂമഞ്ഞിൻ തുള്ളിപോലൊരു ഫ്രഷ്‌നെസ്സ് പ്രകടമായിരുന്നു.നാലുപതിറ്റാണ്ടുകൾ പിന്നിട്ട വേളയിൽ ആ സിനിമയുടെ പിറവിയെക്കുറിച്ചടക്കം സംവിധായകൻ ഫാസിൽ കേരളകൗമുദി ഫ്ളാഷ് മൂവിസിനോട് സംസാരിച്ചു.
മഞ്ഞിൽവിരിഞ്ഞ പൂക്കൾ രചന നിർവഹിക്കാനും സിനിമയാക്കാനുമുള്ള പശ്ചാത്തലം എന്തായിരുന്നു?
നവോദയ ആണല്ലോ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നിർമ്മിച്ചത്.അതിനുമുമ്പുതന്നെ ഞാൻ ഉദയായുമായി ബന്ധപ്പെട്ടിരുന്നു.ബോബൻ കുഞ്ചാക്കോ എന്റെ കോളേജ് മേറ്റായിരുന്നു. അതുകൊണ്ടുതന്നെ ഉദയായുടെ പല കഥാചർച്ചകൾക്കും എന്നെ വിളിച്ചുകൊണ്ടു പോയിട്ടുണ്ട്.അവരുടെ ഒരു പടത്തിലാണ് ഞാൻ ആദ്യമായി സഹ സംവിധായകനായത്.കൂടാതെ തന്നെ നവോദയ കുടുംബവുമായും, ജിജോയുമായിട്ടും എനിക്കു പരിചയമുണ്ടായിരുന്നു. അവരും ഒരു സബ്ജക്ട് ഡിസ്‌ക്കഷന് എന്നെ വിളിച്ചു. അതിലും ഞാൻ ഒരുപാട് കോൺട്രിബ്യൂട്ട് ചെയ്തു. മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രമായ തച്ചോളി അമ്പുവായിരുന്നു അത്. അതിനുള്ള പ്രതിഫലമായിട്ട് നവോദയ അപ്പച്ചൻ ഒരു കഥ തയ്യാറാക്കാൻ എന്നോട് ആവശ്യപ്പെട്ടു. അത്യാവശ്യമായതിനാൽ പെട്ടെന്ന് ഞാനൊരു കഥയെഴുതിക്കൊടുത്തു.അത് തീക്കടൽ എന്ന ചിത്രമായിരുന്നു. തീക്കടൽ തരക്കേടില്ലാതെ ഓടി.തച്ചോളി അമ്പു സൂപ്പർഹിറ്റുമായിരുന്നു. അതുകൊണ്ട് അവർ ഒരു പടം വേണേൽ ചെയ്‌തോളാൻ എന്നോട് പറഞ്ഞു. പുതുമുഖങ്ങളെവച്ച് ഒരു സിനിമ സംവിധാനം ചെയ്യാനാണ് താത്പ്പര്യമെന്ന് ഞാൻ ജിജോയെ അറിയിച്ചു. അതിന് നവോദയ അപ്പച്ചൻ സമ്മതവും മൂളി.കഥ ശരിയാക്കാൻ പറഞ്ഞു. പുതുമുഖങ്ങളെ വച്ചൊരു കഥ ഉണ്ടാക്കണമല്ലോ.. അങ്ങനെ കഥ തപ്പി നടന്നപ്പോൾ ജിജോ പ്രോബ് എന്ന ഒരു മാഗസിൻ എനിക്കുതന്നു.അതിൽ പ്രേതം ഉണ്ടോ ഇല്ലയോ എന്നൊരു സംവാദം ഉണ്ടായിരുന്നു. പ്രേതം ഉണ്ടെന്നു പറയുന്ന ഒരു അനുഭവ കഥയും അതിലുണ്ടായിരുന്നു.ആ അനുഭവ കഥ വായിച്ചു. അതിൽപ്പറഞ്ഞിരുന്ന ഒരു നടന്ന സംഭവത്തിന്റെ സ്പാർക്കിൽ നിന്നാണ് മഞ്ഞിൽവിരിഞ്ഞ പൂക്കൾ എഴുതുന്നത്.നാല്പത് വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ ഓരോ കഥകളും കണ്ടെത്തിയത് എന്റെ ചുറ്റുപാടുകളിൽ നിന്നാണ്.സ്വന്തമായി ഒരു കഥ കണ്ടെത്തുകയെന്നത് ജീനിയസുകൾക്കേ പറ്റൂ.എനിക്ക് എവിടെ നിന്നെങ്കിലും ഒരു ഐഡിയ വീണുകിട്ടണം.അതിനെ ഡെവലപ്പ് ചെയ്താണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ടായാലും അനിയത്തിപ്രാവായാലും മഞ്ഞിൽ വിരിഞ്ഞ പൂക്കളായാലുമെല്ലാം സംഭവിക്കുന്നത്.ആ സ്പാർക്ക് ഡെവലപ്പ് ചെയ്യുമ്പോൾ ഒറിജിനലുമായി ഒരു ബന്ധവും കാണണമെന്നില്ല.
ചിത്രത്തിന്റെ പേര് എങ്ങനെയാണ് കണ്ടെത്തിയത്?
ചിത്രത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തുന്ന സമയത്ത് പേര് നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. ഗാനങ്ങൾ രചിച്ചത് ബിച്ചുതിരുമലയായിരുന്നു.അദ്ദേഹം എഴുതിക്കൊണ്ടുവന്ന ഒരു വരിയിൽ ''മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ....''എന്ന വരിയുണ്ടായിരുന്നു.ആദ്യം ഇളം പൂക്കൾ എന്നൊക്കെ മനസിൽ വന്നു.പിന്നെയാണ് ഈ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ടൈറ്റിൽ ഇടാമെന്ന് തോന്നിയത്.ആ വരിയെങ്ങനെ വന്നുവെന്ന് ഞാൻ ബിച്ചുവിനോട് ചോദിച്ചു.ബിച്ചു ഈ ഗാനത്തിന്റെ വരികൾ ആലോചിച്ച് പ്രഭാതസവാരി നടത്താറുണ്ടായിരുന്നു.അദ്ദേഹം ആലപ്പുഴയിൽ കനാലിന്റെ തീരത്തുകൂടി നടന്ന് പോയപ്പോൾ മഞ്ഞിങ്ങനെ വീണുകിടക്കുന്നതായി തോന്നി.അത് മനസിൽ കിടന്നിട്ടാണ് മഞ്ഞിൽ വിരിഞ്ഞ പൂവേ എന്ന ഗാനമെഴുതിയത്. പിന്നീടാണ് മഞ്ഞില് പൂക്കൾ വിരിയാറില്ലെന്ന് ഞാൻ അറിയുന്നത്.മഞ്ഞുകാലത്ത് പൂക്കൾ കൊഴിയുകയെന്നത് പ്രകൃതിയുടെ നിയമമാണ്.മഞ്ഞിൽ പൂക്കൾ കൊഴിഞ്ഞാലേ വസന്തത്തിന് വരാൻ പറ്റുകയുള്ളു.അപ്പോൾ ഉറപ്പിച്ചു ഈ സിനിമയ്ക്ക് പറ്റിയ പേര് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നാണെന്ന്. പ്രേമും പ്രഭയും മഞ്ഞിൽവിരിഞ്ഞ പൂക്കളായിരുന്നു .അതുകൊണ്ട് അവരുടെ ജീവിതത്തിന് ഒരു വസന്തമില്ലായിരുന്നു...അങ്ങനെയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ടൈറ്റിലിലേക്ക് വരുന്നത്.
പരന്ന വായനാശീലമുള്ളയാളാണ് താങ്കൾ. അക്കാലത്ത് വായിച്ച മറ്റേതെങ്കിലും രചനകൾ മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന് പ്രചോദനം നൽകിയിട്ടുണ്ടോ?
ഒരു സാഹിത്യകൃതിയും മഞ്ഞിൽ വിരിഞ്ഞപൂക്കൾക്ക് പ്രചോദനം നൽകിയിട്ടില്ല. ഖസാക്ക് അന്ന് വായിച്ചിട്ടുണ്ടെങ്കിലും സിനിമയാക്കണമെന്ന രീതിയിൽ എന്നെ സ്വാധീനിച്ചില്ല. എന്നാൽ എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങൾ സിനിമയാക്കാൻ പറ്റിയ ഒരു വിഷയമാണെന്ന് തോന്നിയിട്ടുണ്ട്. കുറേന്നാൾ മനസിൽ കൊണ്ടുനടക്കുകയും ചെയ്തു. മയ്യഴിപ്പുഴയുടെ തീരങ്ങൾ സിനിമയാക്കാനാകും.പക്ഷേ അതിനു പുറകിൽ ഒരുപാട് പണിയുണ്ടെന്ന് മനസിലായപ്പോൾ ആ ആഗ്രഹം അങ്ങു കളഞ്ഞു.ഖസാക്ക് വലിയ വർക്കാണ്.അതിന് ഇറങ്ങിപ്പുറപ്പെടാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി.
മഞ്ഞിൽവിരിഞ്ഞ പൂക്കൾ കാസ്റ്റിംഗിൽ പങ്കെടുത്ത മറ്റാരെങ്കിലും പിന്നീട് മുഖ്യധാര സിനിമയിൽ എത്തിയിട്ടുണ്ടോ?
ഞങ്ങൾ അഞ്ചുപേരാണ് അന്ന് ഡയറക്ടർ ബോർഡിലുണ്ടായിരുന്നത്. ഞാനും ജിജോയും ജിജോയുടെ സഹോദരൻ ജോസും നവോദയയിലെ അമാനും മഞ്ഞിൽവിരിഞ്ഞ പൂക്കളിന്റെ തന്നെ സഹ സംവിധായകനായിരുന്ന സിബി മലയിലുമായിരുന്നു അത്. ജിജോയും സിബിയും പിന്നീട് സിനിമയിൽ സംവിധായകരായി.
ഈ സിനിമയുടെ കാസ്റ്റിംഗിനെപ്പറ്റി പറയാമോ?
കഥ എഴുതുമ്പോൾ തന്നെ നരേന്ദ്രൻ എന്ന വില്ലനാണ് എന്നെ ഏറെ അലട്ടിയിരുന്നത്. വല്ലാത്തൊരു വില്ലനാണല്ലോയെന്ന് പലപ്രാവശ്യം മനസ്സിൽ പറഞ്ഞു. അന്ന് മലയാള സിനിമയിലെ പ്രമുഖ വില്ലൻ കെ.പി.ഉമ്മറായിരുന്നു.വില്ലനെക്കുറിച്ച് ജിജോയോട് സംസാരിച്ചപ്പോൾ വെറുതെ ഞാൻ പറഞ്ഞു നമ്മുടെ വില്ലൻ സ്‌ത്രൈണ സ്വഭാവമുള്ള വില്ലനായാൽ നന്നായിരിക്കുമെന്ന് . ചുമ്മാതെ പറഞ്ഞതാണെങ്കിലും അത് ഞങ്ങളുടെ രണ്ടുപേരുടെയും മനസിൽ കിടന്നു.അപ്പോഴാണ് ഒരു നിമിത്തം പോലെ മോഹൻലാൽ കയറി വരുന്നത്. ലേഡീസ് കുടയും പിടിച്ചായിരുന്നു ആ വരവ്. എനിക്കും ജിജോയ്ക്കും അത്തരത്തിലുള്ള ഒരു വില്ലനെയായിരുന്നു ആവശ്യം. ഞങ്ങളുടെ മനസിലെ സ്‌ത്രൈണഭാവമുള്ള വില്ലന്റെ ഓർമ്മ അപ്പോൾ ഉണർന്നു.അതുകൊണ്ടാണ് ഞാനും ജിജോയും നൂറിൽ 90 നു മുകളിൽ മാർക്കിട്ടത്. ഇത് അറിയാത്തതുകൊണ്ടാകാം സിബിയും അമാനും ഒക്കെ നൂറിൽ മൂന്നും നാലും മാർക്കിട്ടതും.
ശങ്കറും പൂർണിമയും ?
ഒരുപാട് നായകൻമാരെ തേടിയതിന് ശേഷം തമിഴ് സിനിമയിലെ മുൻപരിചയം വച്ചാണ് ശങ്കറിനെ നായകനാക്കാൻ തീരുമാനിച്ചത്.പൂർണിമയുടെ ഒരു ഫോട്ടോ കണ്ടിട്ടാണ് നിശ്ചയിച്ചത്. അവർ ബോംബെയിലെവിടെയോ ആയിരുന്നു.നീല ബോർഡറുള്ള ഒരു വെള്ള സാരിയുടുത്ത് വിഷാദ ഭാവത്തോടെ നോക്കിനിൽക്കുന്ന പൂർണിമ ജയറാമിന്റെ ഫോട്ടോ കണ്ടപ്പോഴെ ഞാൻ നിശ്ചയിച്ചു അതാണെന്റെ മനസിലെ പ്രഭയെന്ന് . ഇന്റർവ്യു ചെയ്യാതെയാണ് പൂർണിമയെ കാസ്റ്റ് ചെയ്തത്.ശങ്കറിന്റെ കഥാപാത്രത്തിനു വേണ്ടി ഒരുപാടു പേരെ ഇന്റർവ്യു ചെയ്തിട്ടും തൃപ്തി വരാതെ ഒരുപാട് ഓടിയ ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലെ പെർഫോമൻസ് കണ്ട് നമ്മൾ കാസ്റ്റ് ചെയ്തതാണ് ശങ്കറിനെ. കുശലൻ എന്നൊരു കഥാപാത്രം വന്നപ്പോൾ അത് ആലുമ്മൂടൻ ചെയ്യുമെന്ന് തീരുമാനിക്കുകയായിരുന്നു. പ്രതാപചന്ദ്രന്റെ പണിക്കർ എന്ന കഥാപാത്രവും അങ്ങനെതന്നെയായിരുന്നു.എന്നാൽ നെടുമുടിവേണു അവതരിപ്പിച്ച സെയ്ദാലി അങ്ങനെയല്ല. ഞാനും വേണുവും തമ്മിലുള്ള വർഷങ്ങളായ സൗഹൃദത്തിൽനിന്നാണ് ആ കഥാപാത്രം ഉണ്ടാവുന്നത് , എന്റെ ആദ്യ സിനിമയിൽ വേണു തലയെങ്കിലും കാണിക്കണമെന്ന ആഗ്രഹം കൊണ്ട് സംഭവിച്ചതാണ്.ഞാൻ സിനിമയിൽ വരുംമുമ്പെ വേണുവുമായി അടുപ്പമുണ്ടായിരുന്നു.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചെയ്യും മുമ്പെ വേണു സ്റ്റാറായിക്കഴിഞ്ഞിരുന്നു.തകര മുമ്പെ റിലീസായിരുന്നു.
എപ്പോഴെങ്കിലും നരേന്ദ്രന്റെ കഥാപാത്രം ശങ്കറും പ്രേംകൃഷ്ണന്റെ കഥാപാത്രം ലാലും ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. മോഹൻലാൽ ഇന്റർവ്യൂവിന് വരുംമുമ്പെ ശങ്കറിനെ ഏറെക്കുറെ നായകനായി ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞിരുന്നു. പിന്നെ വേണ്ടിയിരുന്നത് വില്ലനെയാണ്. നരേന്ദ്രനെ തപ്പിയുള്ള ഒരു യാത്രയിലെ ഇന്റർവ്യൂ ആയിരുന്നു.അപ്പോഴാണ് മോഹൻലാൽ വരുന്നത്. ഇപ്പോൾ അത് തിരിച്ചായേനെ എന്നു ചോദിച്ചാൽ അത് മിസ് കാസ്റ്റായിരിക്കുമെന്നേ പറയാനാവുകയുള്ളു.അന്ന് ലാലിന് ഒരു ചോക്‌ളേറ്റ് മുഖമില്ലായിരുന്നു. സ്‌ത്രൈണ ഭാവമുള്ള കൗമാരവും ബാല്യവും കൈവിടാത്ത ഒരു കൂട്ടായിരുന്നു അന്ന് മോഹൻലാലിന്റെ മുഖം. നരേന്ദ്രനായിട്ടു തന്നെയാണ് ലാലിനെ ഇന്റർവ്യു ചെയ്തത്.വളരെ ലൈറ്റായിട്ടാണ് മോഹൻലാൽ അത് ചെയ്തത്.മോഹൻലാലിന് കിട്ടിയ ഒരനുഗ്രഹമെന്നത് ഒരു കാരക്ടർ ഉണ്ടാകുമ്പോൾ അതിനുള്ള എല്ലാ സാഹചര്യവും ഒരുങ്ങുന്നതുപോലെ ലാൽ വരുമ്പോൾ നരേന്ദ്രൻ എന്നൊരു കഥാപാത്രം അയാളെ കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു.
സംവിധായകന്റെ കുപ്പായമണിഞ്ഞ് ആദ്യമായി മോഹൻലാലിനെ ഡയറക്ട് ചെയ്തത് ഒന്ന് ഓർത്തെടുക്കാമോ?
ഒരു തുടക്കക്കാരനായ എനിക്കും ലാലിനും നേട്ടമായത് മഞ്ഞിൽവിരിഞ്ഞ പൂക്കൾ സിനിമ കാണുന്ന അതെ ഓർഡറിൽ ചിത്രീകരിക്കാൻ സാധിച്ചുവെന്നതാണ് . സ്‌ക്രി്ര്രപ് എങ്ങനെയാണോ ആ ഓർഡറിൽത്തന്നെ എടുക്കാൻ തുടങ്ങി. സ്‌ക്രി്ര്രപിൽ ഏതാണ്ട് ഒരു ഇന്റർവെൽ സമയമാകുമ്പോഴാണ് മോഹൻലാലിന്റെ നരേന്ദ്രൻ എന്ന കഥാപാത്രം വരുന്നത്. ഷൂട്ടിംഗ് തുടങ്ങുമ്പോൾ മുതൽ മോഹൻലാൽ അഭിനയിക്കാനായി തിരുവനന്തപുരത്തു നിന്ന് വന്ന് യൂണിറ്റിലുണ്ട്. ഓർഡറിൽ എടുക്കുന്നതിനാൽ ആദ്യത്തെ ദിവസമോ,രണ്ടാമത്തെ ദിവസമോ,മൂന്നാമത്തെ ദിവസമോ, നാലാമത്തെ ദിവസമോ ലാലിന് ഷൂട്ട് ഉണ്ടായിരുന്നില്ല. ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റിൽ വെറുതെ നോക്കിനിൽക്കേണ്ടിവന്നു. അത്രയും ദിവസം ലാൽ ഷൂട്ട് കണ്ട് കണ്ട് തഴമ്പിക്കുകയായിരുന്നു. അവസാനം എങ്ങനെയെങ്കിലും എനിക്കൊന്ന് അഭിനയിച്ചാൽ മതി, എന്റെയൊരു ഷോട്ട് എടുത്താൽ മതിയെന്ന ചിന്തയിലേക്ക് ലാൽ വന്നു.ഉൽക്കടമായ ആ ആഗ്രഹം ലാലിന്റെ മനസിൽ വന്ന് തിങ്ങുമ്പോഴാണ് ഞങ്ങൾ ഷൂട്ട് ചെയ്യുന്നത്. ഞാനിതിന് വേണ്ടി ജനിച്ചവനാണെന്നത്ര അനായസേനയാണ് ലാൽ ആ കഥാപാത്രത്തെ ഡെലിവർ ചെയ്തത്. വളരെ ഫ്‌ളെക്സിബിൾ ആയിരുന്നു.പിൽക്കാലത്ത് മോഹൻലാലിനെ ഏറ്റവും ഹെൽപ്പ് ചെയ്തത് ആ ഈസിനെസും ഫ്‌ളെക്സിബിലിറ്റിയുമാണ്. ഒരു പക്ഷെ ആദ്യ ദിനങ്ങളിൽത്തന്നെ ആ രംഗങ്ങൾ എടുത്തിരുന്നെങ്കിൽ ഒരു അങ്കലാപ്പും സങ്കോചവുമൊക്കെ ലാലിന് ഉണ്ടായേനെ.സഭാകമ്പമൊക്കെ വന്ന് ചിലപ്പോൾ വഴിമാറിപ്പോകാനും ഇടയാക്കിയേനെ.ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ലാൽ അങ്ങ് പാകപ്പെട്ടിരുന്നു.പാകം വന്നശേഷമാണ് മോഹൻലാലിന്റെ ഷോട്ടെടുത്തത്,.അത് വിധി മോഹൻലാലിനെ ഹെൽപ്പ് ചെയ്‌ത ഒന്നാണ്.
കാമറയിലൂടെമോഹൻലാലിന്റെ അഭിനയം കണ്ടപ്പോൾ എന്താണ് തോന്നിയത്?
മോഹൻലാൽ ഇന്നെങ്ങനെ ചെയ്യുന്നോ അതിൽനിന്ന് ഒരു അണുവിട മാറാതെ അന്നും ചെയ്തു. ലാൽ ചെയ്യുന്നതൊക്കെ ഓകെയാണല്ലോ,ഓകെയാണല്ലോയെന്ന് എനിക്കങ്ങ് തോന്നിത്തുടങ്ങി.ലാലിനെ ഇന്റർവ്യു ചെയ്യുന്ന സമയത്ത് ആദ്യ ഡയലോഗ് പറയുന്നതൊക്കെ ചെയ്യിച്ചിട്ടുണ്ട്. ഹലോ മിസ്റ്റർ പ്രേം കൃഷ്ണൻ എന്ന് തുടങ്ങുന്ന ആ ഡയലോഗ് പറയിപ്പിച്ചിട്ടുണ്ട്.അതേ ഡയലോഗാണല്ലോ പറയേണ്ടത്. ഷൂട്ടിൽ ലാൽ കറക്ടായി ചെയ്യാൻ തുടങ്ങി.ഒരു ഷോട്ടു പോലും റീടേക്ക് വേണ്ടി വന്നില്ല.അത്ര ഭംഗിയായാണ് ചെയ്‌തുകൊണ്ടിരുന്നത്. അന്നും ലാൽ ടാലന്റഡാണ്. ജന്മസിദ്ധി കൊണ്ടുണ്ടായ ടാലന്റാണത്. വളരെ കൃത്യതയോടെ ലാൽ നരേന്ദ്രനായി അഭിനയിച്ചു. അത്ര പെർഫെക്ടായിരുന്നു ലാലിന്റെ അഭിനയം. ആ തുടക്കക്കാരനായ ലാലിനെയാണ് ഇന്നും നമ്മൾ മലയാളികൾ സ്‌ക്രീനിൽ കാണുന്നത്.
അഭിമുഖത്തിന്റെ പൂർണരൂപം ഡിസംബർ ലക്കം ഫ്ളാഷ് മൂവീസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |