
കൊച്ചി: അമ്മ സുചിത്ര ക്യാമറ സ്വിച്ചോൺ ചെയ്തു. ജ്യേഷ്ഠൻ പ്രണവ് ആദ്യ ക്ലാപ്പടിച്ചു. മോഹൻലാലിന്റെ മകൾ വിസ്‌മയയ്ക്ക് വെള്ളിത്തിരയിൽ അരങ്ങേറ്റം. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 'തുടക്കം' സിനിമയിൽ നായികയായി വെള്ളിത്തിരയിൽ വിസ്മയയുടെ തുടക്കം. സിനിമയുടെ പൂജ ഇന്നലെ കൊച്ചി ക്രൗൺ പ്ളാസ ഹോട്ടലിൽ നടന്നു.
പ്രണവിന്റെ കൈപിടിച്ച്, മോഹൻലാലിന്റെയും സുചിത്രയുടെയും അനുഗ്രഹവും വാങ്ങിയാണ് വിസ്മയ പൂജാ ചടങ്ങിനെത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജാ ചടങ്ങിന്റെ വേദിയിലേക്ക് ആന്റണി പെരുമ്പാവൂർ ആനയിച്ച വിസ്‌മയയെ പ്രണവ് കൈപിടിച്ച് സ്വീകരിച്ചു. ആശിഷ് ആന്റണിയെ മോഹൻലാൽ വേദിയിലേക്ക് ക്ഷണിച്ച് പരിചയപ്പെടുത്തി.
മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർ നിലവിളക്ക് കൊളുത്തി. ജൂഡ് ആന്തണി മോഹൻലാലിന് തിരക്കഥ കൈമാറി. സംവിധായകരായ ജോഷി, അരുൺ ഗോപി, മേജർ രവി, നടൻ ദിലീപ്, ഛായാഗ്രാഹകൻ ജോമോൻ ടി. ജോസഫ്, നിർമ്മാതാക്കളായ ആർ. രഞ്ജിത്ത്, സാബു ചെറിയാൻ, സിയാദ് കോക്കർ തുടങ്ങിയവർ പങ്കെടുത്തു.
'സംഭവിച്ചതെല്ലാം വിസ്‌മയം'
സിനിമയിൽ അഭിനയിക്കുമെന്ന് കരുതിയവരല്ല താനും മക്കളുമെന്ന് മോഹൻലാൽ പറഞ്ഞു. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ താനും വന്നു. പ്രേക്ഷകരാണ് തന്നെ നടനാക്കിയതും 48 വർഷം നിലനിറുത്തിയതും. ജീവിതത്തിൽ സംഭവിച്ചതെല്ലാം വിസ്‌മയമായാണ് കരുതുന്നത്. മകൾക്കിട്ട പേരും വിസ്‌മയ എന്നാണ്. അഭിനയിക്കണമെന്ന് മകൾ പറഞ്ഞു. സിനിമാ അഭിനയം അനായാസമായ കാര്യമല്ല. അതിനുള്ള സൗകര്യങ്ങൾ തങ്ങൾക്കുണ്ട്. നിർമ്മാണ കമ്പനിയും കൂടെനിൽക്കുന്ന നിർമ്മാതാവുമുണ്ട്. ഇണങ്ങിയ കഥ കിട്ടിയപ്പോഴാണ് വിസ്‌മയ അഭിനയിക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞു.
'' മക്കൾ സിനിമയിൽ വരുമെന്ന് പ്രതീക്ഷിച്ചതല്ല. രണ്ടുവർഷം മുമ്പ് ആഗ്രഹം അറിയിച്ച മകൾ അഭിനയിക്കുന്നത് അഭിമാനമാണ്. ഭർത്താവ് മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതും അഭിമാനം നൽകുന്നതാണ്
-സുചിത്ര മോഹൻലാൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |