SignIn
Kerala Kaumudi Online
Sunday, 28 February 2021 12.31 AM IST

ദുരന്തം വരെ കാത്തിരിക്കരുത്

ksrtc

പുലർകാല റോഡപകടങ്ങൾക്കു മുഖ്യകാരണം വാഹനം ഓടിക്കുന്നവർ ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോകുന്നതാണെന്ന് നിരവധി പഠനങ്ങളിൽ വെളിപ്പെട്ടിട്ടുള്ളതാണ്. ഉറക്കം കണ്ണുകളെ കീഴ്‌പ്പെടുത്തുന്ന ഘട്ടമുണ്ടാകുമ്പോൾ വാഹനം സുരക്ഷിതമായി ഒതുക്കിയിട്ട് അല്പനേരം വിശ്രമിക്കുകയോ പറ്റുമെങ്കിൽ ഏതാനും സമയമെങ്കിലും ഉറങ്ങുകയോ ചെയ്യണമെന്നാണ് വിദഗ്ദ്ധ മതം. എന്നാൽ അധികമാരും ഈ സദുപദേശം ചെവിക്കൊള്ളാറില്ല. ഒരുമണിക്കൂറിനു മുമ്പെങ്കിലും ലക്ഷ്യസ്ഥാനത്തെത്താൻ തിടുക്കമുള്ളവർ രാപകൽ ഭേദമെന്യേ കുതിച്ചുപായുകയാണ്. പൊതുഗതാഗത മേഖലയിൽ പണിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം യാത്രയ്ക്കിടെയുള്ള വിശ്രമം ആഗ്രഹിച്ചാൽ പോലും നടക്കാത്ത കാര്യമാണ്. നിശ്ചിത സമയത്തിനകം ഓടിയെത്തേണ്ടത് കർത്തവ്യമായി മാറുമ്പോൾ ഉറക്കത്തിനും വിശ്രമത്തിനും അവധി കൊടുത്ത് തുടർച്ചയായി ഓടാൻ അവർ നിർബന്ധിതരാകുന്നു. രാത്രികാല അപകടങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ പതിവായിട്ടും വ്യവസ്ഥകൾ പഴയതുപോലെ തുടരുകയാണ്.

എറണാകുളം പാലാരിവട്ടത്ത് തിങ്കളാഴ്ച പുലർച്ചെ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് ബസിനു നേരിട്ട അപകടം പരിശോധിച്ചാൽ ബോദ്ധ്യമാകുന്നത് പഴയ അതേ കാര്യം തന്നെയാണ്. ഡ്രൈവർ അറിയാതെ ഉറക്കത്തിലേക്കു വഴുതിവീണതാകാം ബസ് മീഡിയനിലേക്കു കുതിച്ചുകയറി അവിടെയുണ്ടായിരുന്ന മരത്തിലിടിച്ചു തകർന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലായത്. ഇടിയുടെ ആഘാതത്തിൽ മുപ്പത്തേഴുകാരനായ ഡ്രൈവർ അരുൺ സുകുമാർ തൽക്ഷണം മരിച്ചു. കണ്ടക്ടറും യാത്രക്കാരുമടക്കം രണ്ടു ഡസനിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ കണ്ടക്ടറുടെയും മൂന്നു യാത്രക്കാരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബസ് ഒത്ത നടുക്കുവച്ച് മരത്തിലിടിച്ചു നിന്നതുകൊണ്ടുമാത്രമാണ് കൂടുതൽ ജീവഹാനി ഉണ്ടാകാതിരുന്നത്.

ഇടിയുടെ ആഘാതം താങ്ങാൻ തക്ക ശക്തി ബസിന്റെ ഷാസിക്കുണ്ടായിരുന്നുവെന്നാണ് മോട്ടോർ വാഹന പരിശോധകസംഘം പറയുന്നത്. അത് യാത്രക്കാരുടെ ഭാഗ്യം. ദേശീയ പാതയിലെ നാലുവരി പാത താരതമ്യേന സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമെന്നാണു വയ്പ്. വെളുപ്പാൻ കാലത്ത് ഗതാഗതവും നന്നേ കുറവാണ്. ഉറക്കച്ചടവോടെ വാഹനം ഓടിക്കുന്നവരെ അപകടത്തിലേക്കു ക്ഷണിക്കാൻ പറ്റിയ സമയമാണിത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട സൂപ്പർ ഡീലക്സിന്റെ സാരഥി ഈ അപകടമുണ്ടായിരുന്നില്ലെങ്കിൽ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ വാഹനം ഓടിക്കേണ്ട ആളായിരുന്നു. നാനൂറു കിലോമീറ്ററിലധികം ദൈർഘ്യം ഒറ്റയിരുപ്പിൽ ബസ് ഓടിക്കുന്നതിലെ, അതും രാത്രിയിൽ, അപകടം അറിയാത്തവരല്ല കെ.എസ്.ആർ.ടി.സിയുടെ നടത്തിപ്പുകാർ. കാലങ്ങളായി തുടരുന്ന ഏർപ്പാടായതിനാൽ ആരും ഇതിൽ അസ്വാഭാവികത കാണുന്നില്ലെന്നു മാത്രം. എന്നാൽ പണം കൊടുത്ത് ഇത്തരം ബസുകളിൽ യാത്രചെയ്യുന്ന അനവധി യാത്രക്കാരുടെ വിലപ്പെട്ട ആയുസും കൈയിൽ വച്ചാണ് ഈ രാത്രികാല സവാരിയെന്ന് അധികൃതർ ഓർക്കാറേയില്ല.

വല്ലപ്പോഴുമാണെങ്കിൽ പോലും ഉണ്ടാകുന്ന ഇതുപോലുള്ള അപകടങ്ങൾ ഒരു വീണ്ടുവിചാരത്തിന് നിശ്ചയമായും അവരെ പ്രേരിപ്പിക്കേണ്ടതാണ്. ദീർഘദൂര റൂട്ടുകളിൽ ജീവനക്കാരെ നിയോഗിക്കുമ്പോൾ അവരുടെ ശാരീരിക ക്ഷമത പരിശോധിക്കപ്പെടേണ്ടതാണ്. എട്ടുമണിക്കൂറിലധികം തുടർച്ചയായി വാഹനം ഓടിക്കേണ്ടിവരുമ്പോൾ അനുഭവപ്പെടാവുന്ന ക്ഷീണവും മടുപ്പും കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരം ദീർഘ റൂട്ടുകളിൽ ഇടയ്ക്കുവച്ച് ഡ്രൈവറെ മാറ്റാനുള്ള ഏർപ്പാടും ഉണ്ടാകണം. ഓപ്പറേഷൻ വിഭാഗത്തിന്റെ ചുമതലയാണത്. തിരുവനന്തപുരത്ത് നിന്ന് ഡ്രൈവറെയും കയറ്റി കോഴിക്കോട്ടേയ്ക്കോ കണ്ണൂരിലേക്കോ ബസ് അയയ്ക്കുമ്പോൾ നിശ്ചിത ലക്ഷ്യത്തിൽ അത് എത്തുമെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. യാത്രക്കാരുടെ ആയുസിന്റെ ബലമായിരിക്കരുത് അതിന് ആധാരം. ബസ് ഓടിക്കുന്നവരും മനുഷ്യരാണെന്നും ശാരീരിക ദൗർബല്യങ്ങൾ അവർക്കും ഉണ്ടാകാമെന്നും ബോധമുണ്ടായിരിക്കണം.

ക്രൂ ചേഞ്ച് സംവിധാനത്തെപ്പറ്റി എത്രയോ നാളായി ആലോചന നടക്കുന്നതാണ്. ഒരുവിധ അധികച്ചെലവുമില്ലാതെ നടപ്പിലാക്കാൻ കഴിയുന്ന ഈ സംവിധാനം രാത്രികാല സർവീസുകളെങ്കിലും സുരക്ഷിതമായി നടത്താൻ ഏറെ പര്യാപ്തവുമാണ്. പാലാരിവട്ടത്ത് സൂപ്പർ ഡീലക്സ് അപകടത്തിൽപെട്ട് മണിക്കൂറുകൾക്കകം ക്രൂ ചേഞ്ച് സംവിധാനം പ്രാബല്യത്തിൽ വരുത്തി കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ഉത്തരവു പുറപ്പെടുവിച്ചത് ഏറെ കൗതുകകരമായി. ജീവനക്കാർക്കും ബസ് യാത്രക്കാർക്കും ഒരുപോലെ ഗുണകരമായ ഒരു തീരുമാനം നടപ്പാക്കാൻ വലിയൊരു അപകടം ഉണ്ടാകുന്നതുവരെ എന്തിനാണു കാത്തിരുന്നത്.

അപകടത്തിൽ ജീവൻ നഷ്ടമായ യുവാവായ ഡ്രൈവർക്കു ഭാര്യയും പറക്കമുറ്റാത്ത മക്കളുമടക്കം കുടുംബമുള്ളതാണ്. ഗൃഹനാഥൻ നഷ്ടമായ ആ കുടുംബത്തിന് ഇത്തരത്തിലൊരു ദുരവസ്ഥ ഉണ്ടായതിന് പരോക്ഷമായിട്ടെങ്കിലും അയാളുടെ തൊഴിലുടമയായ കെ. എസ്.ആർ.ടി.സി മാനേജ്‌മെന്റും ഉത്തരവാദിയല്ലേ? റോഡപകടങ്ങൾ ആരും മനഃപൂർവം വരുത്തുന്നതല്ല. സാഹചര്യവശാൽ ഉണ്ടായിപ്പോകുന്നതാണ്. എന്നാൽ അപകടങ്ങൾ പരമാവധി ഇല്ലാതാക്കാനാവശ്യമായ കരുതലും ജാഗ്രതയും എടുക്കാവുന്നതേയുള്ളൂ. ഈ രംഗത്ത് കെ.എസ്.ആർ.ടി.സിയുടെ റെക്കാഡ് അത്രയൊന്നും പ്രശംസനീയമല്ലെന്നതാണു യാഥാർത്ഥ്യം. അപകടത്തിനിരയായ ഹതഭാഗ്യർക്കുള്ള നഷ്ടപരിഹാരം പോലും സമയത്തും കാലത്തും ലഭിക്കാറില്ല.

കെ.എസ്.ആർ.ടി.സിയുടെ പ്രീമിയം സർവീസുകൾ അപകടത്തിൽപ്പെടുന്നത് അസാധാരണമൊന്നുമല്ല. കോടികൾ വിലയുള്ള ഹൈടെക് ബസുകൾ സൃഷ്ടിക്കുന്ന അപകടം കാരണം ഉണ്ടാകുന്ന നഷ്ടവും ഭീമമാണ്. മുൻകാലങ്ങളിൽ ഏറെ പരിചയസമ്പന്നരെയായിരുന്നു ദീർഘദൂര സർവീസുകളിൽ നിയോഗിച്ചിരുന്നത്. ഏറെ ഉത്തരവാദിത്വബോധവും കർത്തവ്യനിഷ്ഠയും പുലർത്തിയിരുന്ന അവർക്ക് യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമായിരുന്നു. കാലഗതിയിൽ ഇതിനൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നുള്ളത് ശരിയാണ്. എന്നാലും തങ്ങളെ പരിപൂർണമായി വിശ്വസിച്ച് യാത്രയ്ക്കൊരുങ്ങിവരുന്നവരുടെ ആയുസ് തങ്ങളുടെ കൈയിലാണെന്ന പരമസത്യം ജീവനക്കാർക്ക് സദാ ഉണ്ടാകേണ്ടതാണ്. ഈ വിഷയത്തിൽ മാനേജ്‌മെന്റിനുള്ള ഉത്തരവാദിത്വം വളരെ വലുതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSRTC BUS ACCIDENT
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.