തിരുവനന്തപുരം: തിരക്കുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിനു പോകാൻ തയ്യാറെടുക്കുന്നവർക്കായി പ്രത്യേക പദ്ധതിയുമായി കെ.എസ്.ആർ.ടി.സി.
ബഡ്ജറ്റ് ടൂറിസം പാക്കേജുകളാണ് ദർശന സൗകര്യം കൂടി ഒരുക്കി പരിഷ്‌കരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ,ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതരുമായി കെ.എസ്.ആർ.ടി.സി ചർച്ച നടത്തി. വേഗത്തിൽ ദർശനം പൂർത്തിയാക്കി വഴിപാടും നടത്തി പ്രസാദവുമായി മടങ്ങുന്ന രീതിയിലാണ് ക്രമീകരണമൊരുക്കുക. ബഡ്ജറ്റ് ടൂറിസം ബസുകളിലെത്തുന്നവർക്ക് പ്രത്യേകം ക്യൂ ക്ഷേത്രങ്ങളിൽ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുനൽകിയിട്ടുണ്ട്.
അതെങ്ങനെ വേണമെന്ന് അതത് ബോർഡുകൾ തീരുമാനിക്കും. മറ്റ് ദേവസ്വം ബോർഡുകളുമായും കെ.എസ്.ആർ.ടി.സി ഉടൻ ചർച്ച നടത്തും. ഒന്നിലധികം ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചും കെ.എസ്.ആർ.ടി.സി യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ മുൻഗണന ലഭിച്ചാൽ കൂടുതൽ യാത്രക്കാരെ കിട്ടുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ.
മധുര,രാമേശ്വരം,പളനി ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ടൂർപാക്കേജുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബഡ്ജറ്റ് ടൂറിസം സെൽ. കൊടൈക്കനാൽ,ഊട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും പരിഗണനയിലുണ്ട്.
ഗവിയിൽ തുടങ്ങി;
വരുമാന നേട്ടത്തിൽ തിളങ്ങി
2021 നവംബറിൽ ചെറിയ യാത്രാപാക്കേജുകളുമായി ആരംഭിച്ച ബഡ്ജറ്റ് ടൂറിസം സെൽ ക്രമേണ കെ.എസ്.ആർ.ടി.സിയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായി മാറുകയായിരുന്നു. ആഗസ്റ്റ് വരെ 70 കോടി രൂപയാണ് വരുമാനം. പത്തനംതിട്ട ഗവിയിലേക്ക് ആരംഭിച്ച സാധാരണ ബസ് വിനോദസഞ്ചാരികൾ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെയാണ് പ്രത്യേക വിഭാഗമായി ആരംഭിച്ചത്.
ഏറ്റവും കുടുതൽ വരുമാനം
നേടിക്കൊടുക്കുന്ന 5 കേന്ദ്രങ്ങൾ
1.ഗവി
2.മൂന്നാർ
3.നെഫർറ്റിറ്റി (ആലപ്പുഴ കപ്പൽയാത്ര)
4.മലക്കപ്പാറ
5.വാഗമൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |