കായികമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം
തിരുവനന്തപുരം : മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്ടൻ വി.പി സത്യന്റെ വിധവ അനിതാ സത്യന് അർഹമായ പ്രൊമോഷൻ വൈകിപ്പിക്കാൻ കൗൺസിൽ ഭാരവാഹികൾ കള്ളക്കളി നടത്തുന്നതായി ആരോപണം. അർഹമായ സ്ഥാനക്കയറ്റത്തിനായി രണ്ടുവർഷം മുമ്പ് അനിത നൽകിയ അപേക്ഷ കൗൺസിൽ പൂഴ്ത്തിവച്ചത് കഴിഞ്ഞ ദിവസം കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്.ഇതോടെ അനിതയ്ക്ക് പ്രമോഷൻ വൈകിപ്പിക്കാനായി ഫയലിൽ തടസവാദങ്ങൾ ഉന്നയിച്ച് കുരുക്കിയിടാൻ നീക്കം തുടങ്ങിയിരിക്കുകയാണ്.
വാർത്ത വൈറലായതിനെത്തുടർന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട കായികമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കവും നടന്നിരുന്നു. അനിതയുടേത് ആശ്രിതനിയമനമാണെന്നും സർവീസ് ആനുകൂല്യങ്ങൾ ബാധകമല്ലെന്നുമുള്ള ന്യായീകരണമാണ് മുതിർന്ന കൗൺസിൽ ഉദ്യോഗസ്ഥൻ നടത്തിയതത്രേ.
വി.പി സത്യന്റെ മരണത്തെത്തുടർന്ന് 2007ൽവി.എസ് അച്യുതാന്ദൻ മന്ത്രിസഭ സ്പെഷ്യൽ ഓർഡർ നൽകിയാണ് അനിതയ്ക്ക് ജോലി നൽകിയത്. ഇത് ആശ്രിതനിയമനമായിരുന്നില്ല. ആശ്രിത നിയമനം നൽകിയാൽപോലും സർവീസ് നിയമങ്ങളെല്ലാവർക്കും ഒരുപോലെ ബാധകമാണ് താനും.2017ൽ അനിതയ്ക്ക് ഹയർഗ്രേഡ് നൽകുന്നതിൽ കൗൺസിലിന് ഈ സംശയമൊന്നുമുണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു കൗതുകം. അതുകൊണ്ടുതന്നെ ഇപ്പോൾ മന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കാനായി ചട്ടങ്ങൾ നിരത്തുകയായിരുന്നു എന്ന് വ്യക്തം. വിഷയത്തിൽ ഉടനടി വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അനിതയെ മാത്രമല്ല പ്രമോഷന് അർഹരായ മറ്റ് ചില ഉദ്യോഗസ്ഥരെക്കൂടി ദ്റോഹിക്കാനായാണ് ഫയലുകൾ പൂഴ്ത്തുന്നതെന്ന് ആരോപണമുണ്ട്.കൗൺസിലിലെ മൂടിവച്ചിരുന്ന അഴിമതികൾ അടുത്തിടെ രേഖകൾ സഹിതം പുറത്തുവന്നതിൽ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ഭരണസമിതി തലപ്പത്തുള്ളവർ സംശയിക്കുന്നു. ഇതിനെത്തുടർന്ന് സർവീസ് ചട്ടങ്ങളോ കൊവിഡ് പ്രോട്ടോക്കോളോ പാലിക്കാതെ അടുത്തിടെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരെ ഒരാൾ കോടതിയെ സമീപിച്ചിരുന്നു.കോടതി കേസെടുക്കുംമുമ്പേ അയാളുടെ ട്രാൻസ്ഫർ റദ്ദാക്കി കൗൺസിൽ തടിയൂരി. ഈ ചൊരുക്കിന്റെ പേരിലുള്ള പകപോക്കലാണ് ഇപ്പോൾ നടക്കുന്ന പ്രൊമോഷൻ തടയിടലെന്ന ആരോപണം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |