ശബരിമല : കൂടുതൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ശബരിമലയിൽ പരിശോധന കർശനമാക്കി. സന്നിധാനത്തും പമ്പയിലുമുള്ള ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും ആന്റിജൻ പരിശോധന നിർബന്ധമാക്കി. ഇന്നലെ 200 പേരെ പരിശോധിച്ചു. ഇതിൽ നിലയ്ക്കലിൽ രണ്ട് തീർത്ഥാടകർ ഉൾപ്പെടെ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച 175 പേരെ പരിശോധിച്ചതിൽ നാല് ശുചീകരണ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ പൊലീസ്, ദേവസ്വം, അഗ്നിശമന സേന വിഭാഗങ്ങളിൽപ്പെട്ടവരെയാണ് പരിശോധിച്ചത്. ഇവരിൽ പുണ്യം പൂങ്കാവനം പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള രണ്ട് പേർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കും മാളികപ്പുറത്തുള്ള ദേവസ്വം താത്കാലിക ജീവനക്കാരനും കൊവിഡ് ബാധിച്ചതായി കണ്ടെത്തി. പമ്പയിലും നിലയ്ക്കലിലും നേരത്തേ നിരവധിപ്പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പമ്പ പൊലീസ് മെസിലെ പൊലീസുകാർക്ക് കൊവിഡ് ബാധിച്ചതോടെ മെസിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. തിരുമുറ്റം, സോപാനം, വാവര് നട തുടങ്ങിയ ഭാഗങ്ങളിൽ ആരെയും തങ്ങാൻ അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |