തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി തമിഴ്നാട്, കേരള തീരത്തേക്ക് എത്തുമെന്ന് ആശങ്ക. ചുഴലിക്കാറ്റിന്റെ ഗതി ഇതുവരെ പൂർണമായി നിർണയിക്കാനായിട്ടില്ലെങ്കിലും സംസ്ഥാനത്ത് കനത്തമഴയും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് കാറ്റ് ആഞ്ഞടിച്ചില്ലെങ്കിൽ തെക്കൻ കേരളത്തിലും കന്യാകുമാരി ജില്ലയിലും ചുഴലിക്കാറ്റുണ്ടാകാനും സാദ്ധ്യതയുണ്ട്. അതേസമയം ശ്രീലങ്കയിൽ കാറ്റ് ശക്തമായാൽ ഇന്ത്യൻ തീരത്ത് എത്തുമ്പോഴേക്കും ശക്തി കുറയും. ഇവിടെ നിന്ന് ഒമാൻ തീരത്തേക്ക് പോയി ഇല്ലാതാകും.ചുഴലിക്കാറ്റിന്റെ ഫലമായി കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ മൂന്നര മീറ്ററോളം ഉയരാൻ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ചും നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട് വരെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോയും നാളെ ഓറഞ്ച് അലർട്ടുമുണ്ട്. തീവ്രന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അദ്ധ്യക്ഷതയിൽ ദേശീയ ദുരന്ത പ്രതികരണ സമിതി (എൻ.സി.എം.സി) വീഡിയോ കോൺഫറൻസിംഗ് വഴി യോഗം ചേർന്നു.
കേരള, തമിഴ്നാട് തീരത്ത് നാളെ
ഇന്നലെ വൈകിട്ടോടെ ശ്രീലങ്കയിൽ നിന്ന് 500കിലോമീറ്ററും കന്യാകുമാരിയിൽ നിന്ന് 900 കിലോമീറ്ററും അകലെയുള്ള സ്ഥലത്ത് അതിതീവ്ര ന്യൂനമർദ്ദമെത്തി.
നിലവിൽ മണിക്കൂറിൽ 11കിലോമീറ്ററാണ് കാറ്റിന്റെ വേഗത.
ഇന്ന് വൈകിട്ടോടെ ശ്രീലങ്കൻ തീരം പിന്നിടും. നാളെ രാവിലെ തമിഴ്നാട്, കേരള തീരത്തേക്ക് നീങ്ങും. രാവിലെ 75 കിലോമീറ്ററായിരിക്കും വേഗത.
ഉച്ചകഴിയുമ്പോൾ 90 കിലോമീറ്റർ വരെ വേഗത കൂടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |