ഇന്ത്യയിലെ ധാന്യപ്പുരകൾ കുത്തക കമ്പനികൾക്ക് ചോർത്തിക്കൊടുക്കാനുള്ള തന്ത്രങ്ങൾ ബി.ജെ.പി പയറ്റുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പും നെല്ലും ഉത്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു കഴിഞ്ഞു .230 ദശലക്ഷം ടൺ നെല്ലും ഗോതമ്പുമാണ് നാം ഉത്പാദിപ്പിക്കുന്നത്. ഈ ഉത്പന്നങ്ങൾ കുന്നുകൂട്ടി വയ്ക്കാനുള്ള അധികാരം ആർക്കുമില്ല.
1953ൽ നെഹ്റുവിന്റെ കാലത്തു തന്നെ, ആവശ്യസാധന നിയമമനുസരിച്ച് ഒരു നിശ്ചിത അളവിൽ കൂടുതൽ ധാന്യങ്ങൾ ശേഖരിക്കാനോ സൂക്ഷിക്കാനോ സ്വകാര്യവ്യക്തികൾക്ക് അവകാശമില്ല. അതുകൊണ്ടാണ് എഫ്.സി.ഐ ഗോഡൗണുകൾ നിറഞ്ഞു കവിഞ്ഞത് . ഈ നിറവാണ് ഇന്ത്യയെ ബ്രിട്ടീഷ് കാലയളവിലുണ്ടായ ക്ഷാമത്തിൽ നിന്ന് രക്ഷിച്ചത്.അതുപോലൊരു ക്ഷാമകാലത്തേക്ക് നാം വഴുതി വീഴുമായിരുന്നു,ഈ കൊവിഡ് കാലത്ത്. പക്ഷേ, അതിൽ നിന്നും രാജ്യത്തെ രക്ഷിച്ചത് കർഷകർ ഉത്പാദിപ്പിച്ച ധാന്യവും അതു സംഭരിച്ച് വിതരണം ചെയ്ത കേന്ദ്ര- സംസ്ഥാന പൊതുവിതരണ ശൃംഖലയുമാണ്.
കുത്തകൾക്ക് എത്ര വേണമെങ്കിലും ധാന്യങ്ങൾ സംഭരിക്കാനും കൃത്രിമ ക്ഷാമം സൃഷ്ടിക്കാനും ജനങ്ങളുടെ വിശപ്പ് വിറ്റ് പണമുണ്ടാക്കാനും സാധിക്കും. കർഷകർക്ക് നൽകിക്കൊണ്ടിരിക്കുന്ന മിനിമം താങ്ങുവില ഇല്ലാതെ തന്നെ അവരിൽ നിന്നും മുൻകൂട്ടി ഉണ്ടാക്കിയ കരാറിലൂടെ ധാന്യം സംഭരിക്കാം. കർഷക മാർക്കറ്റുകൾ ഭക്ഷ്യ മേഖലയിൽ വളരെ പ്രധാനപ്പെട്ടതാണ്. അവ നോക്കുകുത്തികളായി മാറും . പണമെറിഞ്ഞ് ധാന്യങ്ങൾ കുന്നുകൂട്ടും. കർഷകന്റെ ദൈന്യതയും സാധാരണക്കാരന്റെ വിശപ്പും ഒരുപോലെ ചൂഷണം ചെയ്യുന്ന കുത്തകളുടെ രാഷ്ട്രീയ ഏജന്റായി ബി.ജെ.പി സർക്കാർ മാറിക്കൊണ്ടിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |