തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണവും ഒരുമിച്ച് കൊണ്ടുപോകുന്ന ഒരു സ്ഥാനാർത്ഥിയാണ് തിരുവനന്തപുരം നഗരസഭയിലെ പൗഡിക്കോണം വാർഡിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന അർച്ചന മണികണ്‌ഠൻ. തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിച്ചുളള ഓട്ടം അർച്ചനയ്ക്ക് പുത്തരിയല്ല. ആശാ വർക്കറായി ജോലി നോക്കവെ കർമ്മനിരതയായി വീടുകൾ കയറിയിറങ്ങാൻ അർച്ചനയ്‌ക്ക് സാധിച്ചിട്ടുണ്ട്. അർച്ചന മണികണ്‌ഠൻ 'ഫ്ളാഷി"നോട് സംസാരിക്കുന്നു..
തിരഞ്ഞെടുപ്പ് അങ്കത്തിന് ആദ്യമായിട്ടാണല്ലോ. എങ്ങനെയുണ്ട് ഇരുപത്തിയഞ്ച് ദിവസത്തെ പ്രചാരണ അനുഭവം?
തിരഞ്ഞെടുപ്പ് രംഗത്ത് ഞാൻ ആദ്യമായിട്ടാണ്. ഞാനൊരു ആശാ വർക്കറാണ്. നമ്മുടെ സമൂഹത്തിന് വേണ്ടി ഇറങ്ങി പ്രവർത്തിക്കുന്ന ഒരാളാണ്. കൊവിഡിന്റെ സാഹചര്യത്തിൽ പോലും ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ആശാ വർക്കറായി നിന്നുകൊണ്ട് ചെയ്യാൻ സാധിച്ചിട്ടുണ്ട്.
കൊവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി പറയാമോ?
കൊവിഡ് കാലത്ത് ഒരുപാട് ക്വാറന്റീൻ കേസുകളും പോസിറ്റീവ് കേസുകളും കൈകാര്യം ചെയ്‌തിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പോയി സ്റ്റിക്കർ പതിപ്പിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്. പിന്നെ അവരുടെ ആരോഗ്യം കൂടി അന്വേഷിക്കണം. പക്ഷെ, ഞാൻ അതു മാത്രമല്ല ചെയ്‌തത്. അവരുടെ വീട്ടിലേക്ക് ആവശ്യമുളള സാധനങ്ങൾ വരെ വാങ്ങി കൊടുക്കുമായിരുന്നു. ചിലർക്ക് പൾസ് ഓക്‌സി മീറ്റർ ഉൾപ്പടെയുളളവ വാങ്ങി നൽകി സഹായിച്ചിട്ടുണ്ട്. പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ നിന്ന് കൃത്യമായി മരുന്ന് ആവശ്യമുളളവർക്ക് അരികിലേക്ക് എത്തിച്ചിരുന്നു.
വിജയിക്കും എന്ന പ്രതീക്ഷയുണ്ടോ. ജനങ്ങളുടെ പ്രതികരണമൊക്കെ എങ്ങനെയാണ്?
കഴിഞ്ഞ അഞ്ച് വർഷം ബി.ജെ.പിയുടെ കൗൺസിലർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. വോട്ട് ചോദിച്ച് പോകുന്നിടത്ത് നിന്നെല്ലാം അതു മനസിലാക്കാൻ കഴിയും. ബി.ജെ.പിക്ക് കഴിഞ്ഞ അഞ്ച് വർഷം മാത്രമാണ് വാർഡ് ഭരിക്കാൻ അവസരം കിട്ടിയത്. കിട്ടിയ അഞ്ച് വർഷം ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യാൻ കൗൺസിലർക്ക് കഴിഞ്ഞിരുന്നു. അതിൽ പോരായ്‌മകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നികത്തി കൂടുതൽ നല്ല കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്‌തു കൊടുക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ്.
മത്സരം ആരുമായിട്ടാണ്? എതിരാളി യു.ഡി.എഫാണോ എൽ.ഡി.എഫാണോ?
മൂന്നുപേർക്കും അവരവരുടേതായ നിലപാടുകളുണ്ട്. അവർ രണ്ട് പേരുമായിട്ടും മത്സരമുണ്ട്.
ജയിച്ചാൽ നടപ്പിലാക്കണമെന്ന് മനസിലുളള ആശയങ്ങൾ എന്തൊക്കെയാണ്?
ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. വെളളത്തിന്റെ ചെറിയ പ്രശ്‌നങ്ങളുണ്ട്. കുടുംബശ്രീയിലെ അമ്മമാർക്കായി ചെറുകിട പദ്ധതികൾ മനസിലുണ്ട്. അവർക്ക് സ്വയം വരുമാനം കണ്ടെത്താൻ കഴിയുന്ന പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. സ്ട്രീറ്റ് ലൈറ്റ് മറ്റൊരു വിഷയമാണ്. ബി.ജെ.പിയുടെ കൗൺസിലർമാർ ഉളളിടത്തെല്ലാം എൽ.ഡി.എഫ് ഭരണസമിതിയുടെ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ അവഗണനയുണ്ട്.
തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ആശാ വർക്കറായി മുന്നോട്ടുപോകുമോ?
തിരഞ്ഞെടുപ്പിൽ എനിക്കൊരു അവസരം കിട്ടി. ഞാൻ നിന്നുവെന്നേയുളളൂ. ആശാ വർക്കർ ജോലിയിൽ ഒരുപാട് സംതൃപ്‌തി കണ്ടെത്തുന്ന ഒരാളാണ് ഞാൻ. ജയിക്കുമോ തോൽക്കുമോ എന്നുളളതെന്നും നമ്മുടെ കൈയിൽ ഉളള കാര്യമല്ല. ഏതായാലും നാലായിരം വീടോളം വോട്ട് ചോദിച്ച് കയറിയിട്ടുണ്ട്. ആശാ വർക്കർ എന്ന നിലയിൽ അറുന്നൂറ് വീടുകളാണ് എന്റെ പരിധിയിൽ വരുന്നത്. ഇന്ന് തന്നെ ഗർഭിണിയായ ഒരാൾക്ക് ഗുളിക കൊടുക്കണമായിരുന്നു. ഈ തിരക്കിനിടയിലും ഞാൻ ഓടിച്ചെന്ന് ആ കുട്ടിയ്ക്ക് ഗുളിക നൽകി. ഇപ്പോഴും ദിനംപ്രതി പോസിറ്റീവ് കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
ആശാ വർക്കർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബാക്കിയുളളവർക്ക് രാഷ്ട്രീയം വിഷയമാകുന്നുണ്ടോ?
അങ്ങനെ കുഴപ്പമൊന്നുമില്ല. ആശാ വർക്കർ എന്ന നിലയിൽ ജനങ്ങൾക്ക് എന്ന നല്ലതു പോലെയറിയാം. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കിയിട്ടല്ല ഞാൻ അവരോട് ഇടപെടുന്നത്. പാർട്ടി വ്യത്യസ്‌തമാണെങ്കിലും ആശാ വർക്കർ എന്ന നിലയിൽ എന്നെപ്പറ്റി നല്ലതു മാത്രമേ മറ്റുളളവർ പറയൂവെന്ന കാര്യം എനിക്ക് ഉറപ്പുണ്ട്.
മന്ത്രിയുടെ കൈയിൽ നിന്നൊക്കെ അവാർഡ് വാങ്ങിയിട്ടുണ്ടെന്ന് കേട്ടിരുന്നല്ലോ?
മികച്ച ആശാ വർക്കറിനുളള അവാർഡ് മന്ത്രി കടകംപ്പളളി സുരേന്ദ്രന്റെ കൈയിൽ നിന്ന് വാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈയിൽ നിന്ന് തന്നെ മറ്റൊരു തവണ നാടിന്റെ ആദരവും ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |