വികസനപദ്ധതികൾ വരുന്നത് പല വഴിക്കാണ്. ചിലതൊക്കെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ രാഷ്ട്രീയ കക്ഷികൾ പറഞ്ഞിട്ടുണ്ടാവും. അധികാരത്തിൽ വന്നു കഴിയുമ്പോൾ ആ പദ്ധതികൾ പ്രാവർത്തികമാക്കാൻ സർക്കാർ നടപടികൾ ആരംഭിക്കുന്നു. പൊതു ചർച്ചകൾ ഉണ്ടാകുന്നത് കൊണ്ടുതന്നെ പദ്ധതികളുടെ കൈക്കുറ്റപ്പാടുകൾ തീർത്തെടുക്കാൻ സാധിക്കുന്നു. സർക്കാർ വകുപ്പുകൾ പ്രവർത്തനം വിപുലീകരിക്കാനായി ആവിഷ്കരിക്കുന്ന പദ്ധതികളുമുണ്ട്. പ്രാദേശികമായി ഉയർന്നു വരുന്ന ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ടും പുതിയ പദ്ധതികൾ നിലവിൽ വരും.
ജനങ്ങളുടെ ആവശ്യങ്ങളെയും പ്രശ്നങ്ങളെയും കുറിച്ചുള്ള അവബോധം, അവ പരിഹരിക്കാനുള്ള ഭരണപരമായ ഇച്ഛ, പ്രാവർത്തികമാക്കാൻ വേണ്ട സാമ്പത്തികവും സാങ്കേതികവുമായ ഇടപെടൽ, പദ്ധതികളുടെ സുതാര്യമായ നിർവഹണം, വിജയകരമായ പൂർത്തീകരണം. ഇതാണ് വികസനത്തിന്റെ വ്യാകരണം.
ജനങ്ങളുടെ പ്രശ്നനിവാരണമോ ആവശ്യങ്ങളുടെ സാഫല്യമോ ആയിരിക്കണം പദ്ധതികളുടെ ആത്യന്തിക ലക്ഷ്യം. ഇങ്ങനെയാണ് പദ്ധതികൾ ആവിഷ്കരിക്കപ്പെടുന്നതെങ്കിൽ സർക്കാരും സമൂഹവും രണ്ടു ഭാഷയിൽ സംസാരിക്കുകയില്ല. ജനങ്ങളുമായി സർക്കാരുകൾക്ക് കൊമ്പ് കോർക്കേണ്ടി വരുന്ന സന്ദർഭങ്ങൾ ഒരു ജനാധിപത്യഭരണ ക്രമത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. എങ്കിലും സമൂഹത്തിന്റെ താത്പര്യങ്ങൾ ഏകശിലാത്മകമല്ലാത്തതു കൊണ്ട്, വ്യത്യസ്തവും വിരുദ്ധവുമായ ആശയധാരകൾ സംഘർഷത്തിലേക്ക് നയിച്ചേക്കാം. എന്നാൽ ഏറ്റവും അപകടകരമായ ഒരു വിഭാഗം പദ്ധതികളുണ്ട്. ചില ഓർമ്മകൾ.
ഞാൻ ആഭ്യന്തരവകുപ്പു സെക്രട്ടറിയായിരിക്കുമ്പോൾ പരിചയമുള്ള ഒരു ചെറുപ്പക്കാരൻ കാണാൻ വന്നു. ഉചിതവും ഹൃദ്യവുമായ പെരുമാറ്റവും നല്ല വാക്ചാതുരിയും കൊണ്ട് ആരിലും മതിപ്പുണ്ടാക്കാൻ അയാൾക്ക് കഴിയും. എൻജിനിയറിംഗ് ബിരുദധാരിയാണ്, മലയാളിയാണ്, പക്ഷേ,വിദേശത്താണ് സ്ഥിരതാമസം.
ഒരു 'കിടിലൻ ആശയം" എങ്ങനെ പ്രാവർത്തികമാക്കാം എന്ന ഉപദേശമാണ് അയാൾക്ക് വേണ്ടത്. മൃഗങ്ങളെ വളർത്താനായി മാത്രം സിറ്റിയുടെ ഹൃദയഭാഗത്തു ഇത്രയും സ്ഥലം ദുരുപയോഗപ്പെടുത്തുന്നത് സാമ്പത്തിക യുക്തിക്കു നിരക്കാത്തതാണെന്നു സാറിനു തോന്നുന്നില്ലേ?,എന്നായിരുന്നു ആമുഖം. ഞാൻ ഒന്നും പറഞ്ഞില്ല. മ്യൂസിയവും മൃഗശാലയും സ്ഥിതിചെയ്യുന്ന വിശാലത തിരുവനന്തപുരത്തിന്റെ അനുഗ്രഹവും സൗന്ദര്യവുമാണല്ലോ. പിന്നെ സ്വരം താഴ്ത്തി, വലിയൊരു രഹസ്യം പോലെ അയാൾ പറഞ്ഞു: ആ സ്ഥലത്തു ഡിസ്നി ലാൻഡ് അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിക്കാൻ റെഡിയാണ്. ഞാൻ എല്ലാം സംസാരിച്ചിട്ടു വന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് ഡിസ്നി ലാൻഡ് സ്ഥാപിക്കപ്പെട്ടാൽ പിന്നെ കേരളത്തിലെ ടൂറിസത്തിന്റെ വളർച്ച എന്തായിരിക്കും. തൊഴിലവസരങ്ങൾ. ആഗോള പ്രചാരണം, ചാർട്ടേർഡ് ഫ്ലൈറ്റ്സ്!
അപ്പോൾ ഈ മൃഗങ്ങളെ എന്ത് ചെയ്യും?, എന്റെ മണ്ടൻ ചോദ്യം.
പാലോട് മുന്നൂറു ഏക്കർ കണ്ടു വച്ചിട്ടുണ്ട്. അങ്ങോട്ട് മാറ്റാം. ഇത് സർക്കാരിനെക്കൊണ്ട് സമ്മതിപ്പിക്കണം. സാർ എനിക്ക് ശരിക്കുള്ള വഴി പറഞ്ഞു തരണം. പിന്നെ എല്ലാം ഞാൻ ചെയ്തുകൊള്ളാം.
കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം ഞാൻ പറഞ്ഞു; ഈ പ്രൊജക്ടുമായി മുമ്പോട്ട് പോകരുത്. എന്നോട് പറഞ്ഞതിരിക്കട്ടെ. മറ്റൊരാളോടും ഇത് ചർച്ച ചെയ്യണ്ട. ഒരു കാരണവശാലും നടക്കുകയില്ല.
നഗരത്തിന്റെ ശ്വാസകോശമാണ് ആ സ്ഥലം. അവിടെ ഡിസ്നി ലാൻഡ് വന്നില്ലെന്ന് പറഞ്ഞു ഒരു കുറവുമില്ല. ഞാൻ ഒരു പഴഞ്ചനായിപ്പോയതിൽ അയാൾ പരിതപിച്ചിരിക്കണം. അയാൾ ആരെയൊക്കെയോ കണ്ടു. ഭാഗ്യത്തിന് ആരും ആ ചൂണ്ടയിൽ കൊത്തിയില്ല.
മറ്റൊരു സ്നേഹിതൻ കുമരകത്തിനടുത്തു കായൽ നികത്തി ഇൻറ്റർനാഷണൽ ഗോൾഫ് കോഴ്സ് സ്ഥാപിക്കാൻ അനുവാദത്തിനു വന്നു. ശുപാർശ ചെയ്യേണ്ട സമിതിയുടെ അദ്ധ്യക്ഷനാണ് ഞാൻ. ഞാൻ അയാളോട് ചോദിച്ചു.
ഗോൾഫ് കോഴ്സിനോട് ആർക്കും വിരോധമില്ല. പക്ഷേ കായൽ നികത്തിത്തന്നെ അത് ചെയ്യണമെന്നു എന്താ ഇത്ര നിർബന്ധം? ഒരു തെങ്ങിൻതോപ്പ് വാങ്ങി പുല്ലു വച്ച് പിടിപ്പിച്ചാലും ഗോൾഫ് കോഴ്സ് ആകുമല്ലോ. (തെങ്ങിന് വെള്ളവും കിട്ടും.)
അത് വലിയ ചെലവാണ്. കായലാണെങ്കിൽ ചുളിവിനു കാര്യം നടക്കും. ഏതായാലും ചുളിവിനു കാര്യം നടന്നില്ല. സമിതി അപേക്ഷ തള്ളി. അയാൾ എന്നെപ്പറ്റി ആരോടൊക്കെയോ പരാതി പറഞ്ഞു.സഹായ മനസ്ഥിതിയില്ലാത്ത ഒരുദ്യോഗസ്ഥൻ!എന്ന്.
ഞാൻ ടൂറിസം സെക്രട്ടറിയായിരുന്ന കാലത്ത് ഒരു വലിയ ഹോട്ടൽ ശൃംഖലയുടെ ചെയർമാൻ തിരുവനന്തപുരത്തെ റെസിഡൻസി കെട്ടിടം (ഇപ്പോൾ കിറ്റ്സ് നടത്തുന്ന മന്ദിരം) വന്നു കണ്ടു. അടുത്ത ദിവസം മുതൽ സ്വസ്ഥത തരാതെ അയാളുടെ പ്രതിനിധി തിരുവനന്തപുരത്ത് തമ്പടിച്ചു. എങ്ങനെയെങ്കിലും റസിഡൻസി മന്ദിരം കിട്ടണം. 'അത് നടക്കുകയില്ല, ഞാൻ ആവർത്തിച്ചു. പക്ഷേ ഞങ്ങളുടെ ചെയർമാൻ മോഹിച്ചു പോയി. പിന്മാറാൻ പറ്റില്ല, (ഭാഗ്യം അയാൾ ഒരു കെട്ടിടമല്ലേ കണ്ടു മോഹിച്ചുള്ളൂ!) ഏതായാലും അത് നടന്നില്ല. കൊച്ചിയിലെ ബോൾഗാട്ടി പാലസ് റാഞ്ചാൻ വന്ന ഭൈമീകാമുകൻമാരും കുറവല്ല.
ഇങ്ങനെ വന്നെത്തുന്ന അവതാരങ്ങളെയാണ് സൂക്ഷിക്കേണ്ടത്. ജനങ്ങളുടെ ആവശ്യമല്ല, ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. പരിസ്ഥിതിനാശമോ, പൈതൃകനഷ്ടമോ, സമൂഹത്തിന്റെ എതിർപ്പോ ഒന്നും അവർക്കൊരു വിഷയമല്ല. മായാവികളെപ്പോലെ അവർ പല വേഷത്തിൽ വരും.
വികസനത്തിന്റെ വക്താക്കളായി, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യസ്നേഹികളായി, കാര്യക്ഷമതയുടെ അപോസ്തലന്മാരായി, നാട് നന്നാക്കാനെത്തിയ ഉല്പതിഷ്ണുക്കളായി അങ്ങനെ ഒരുപാട് വേഷങ്ങളിൽ.
ചിലപ്പോൾ അവർ നേരിട്ട് മുൻപിൽ വരില്ല; കരുക്കളിറക്കിക്കളിക്കും. എല്ലാ ആശയങ്ങളും മോശമായിക്കൊള്ളണമെന്നില്ല. പക്ഷേ ലക്ഷ്യം പൊതുനന്മയാണോ, ലാഭമാണോ എന്ന് സൂക്ഷ്മമായി ചികയണം. ഇവരെ തിരിച്ചറിയാൻ എളുപ്പമാണ്. അസാധാരണമായ ബുദ്ധിശക്തിയും വമ്പൻ സ്വാധീനവും തിന്മയെ നന്മയായി അവതരിപ്പിക്കാനുള്ള കൗശലവും എന്തും ചെയ്യാനുള്ള മടിയില്ലായ്മയുമാണ് അവതാരങ്ങളുടെ ലക്ഷണം. ഓർമ്മയുണ്ടോ അത്തരം മുഖങ്ങൾ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |