തുടങ്ങുമ്പോഴത്തെ കാറും കോളുമേയുള്ളൂ, പിന്നെയതു മഴയായി പെയ്യും. അരുവിയായി ഒഴുകും. കഥയുടെ പെരിയ ശില്പിയായ ടി.പത്മാനാഭനെ ആദ്യമായി കാണുമ്പോഴും അങ്ങനെയായിരുന്നു. കാൽനൂറ്റാണ്ടു മുമ്പാണ്. തിരുവനന്തപുരത്തെ ചൈത്രം ഹോട്ടലിലെ രണ്ടാംനിലയിലുള്ള റൂമിൽ മുട്ടിവിളിക്കുമ്പോൾ ഒട്ടും ഇഷ്ടപ്പെടാത്ത മട്ടിൽ പറഞ്ഞു: "ഇന്റർവ്യൂ ഒന്നും വേണ്ട, എനക്കതിന് താത്പര്യമില്ല." കസേരയിൽ ഇരിപ്പുറപ്പിച്ച അദ്ദേഹം അടുത്തുള്ള കസേരയിലേക്കു നോക്കിപ്പറഞ്ഞു: "അവിടിരിക്കാം. കവിത എഴുതും അല്ലേ...". എനിക്കപ്പോഴാണ് ശ്വാസം നേരെയായത്. ആളെ മനസിലായല്ലോ എന്ന ആശ്വാസം. ഇരിക്കുന്നതിനിടയിൽ ചോദിച്ചു- കഥകളിൽ പലയിടത്തും വാചകങ്ങൾ പകുതി മുറിച്ചു നിറുത്തുന്നതെന്താണ്? അത്രനേരവും കടുപ്പത്തിലായിരുന്ന മുഖം പൊടുന്നനെ അയഞ്ഞു. ദേഷ്യം മുറുകിനിൽക്കാറുള്ള ചുണ്ടിലും കണ്ണിലും ചിരി വിരിഞ്ഞു. അതുപോലെ നിഷ്‌കളങ്കമായ ഒരു ചിരി അതിനുമുമ്പ് ഞാൻ കണ്ടിട്ടില്ല. ഒന്നുകൂടി നിവർന്നിരുന്നുകൊണ്ട് പപ്പേട്ടൻ പറഞ്ഞു: "അതേ, അതങ്ങനാണ്. അതങ്ങനാണ്..."
ഇരുളിമയിൽ കൊള്ളിയാൻ മിന്നിവന്ന ഒരു കാർമേഘം ഇളംകാറ്റിൽ അലിഞ്ഞു മഴയാവുകയാണ്. ചരിഞ്ഞും ചാഞ്ഞും തിമിർത്തും വീശിയും അതു പെയ്തുകൊണ്ടേയിരുന്നു. കേട്ടറിഞ്ഞതിൽ നിന്ന് ഭിന്നമായ ഒരു കഥാകാരനെ കണ്ടറിയുകയാണ്. മൂന്നുമണിക്കൂറോളം നീണ്ട ആ കൂടിക്കാഴ്ച കഴിയുമ്പോൾ മഴ ശമിച്ചപോലെ. കഥയുടെ ആകാശത്ത് വെയിലിന്റെ പ്രഭ തെളിഞ്ഞുവന്നു. 'മഴപെയ്യുപോലെ പത്മനാഭൻ' എന്ന ശീർഷകത്തിലാണ് ദീർഘമായ ആ അഭിമുഖം വാരാന്ത്യകൗമുദിയിൽ പ്രസിദ്ധീകരിച്ചത്. 2011ൽ കേരളകൗമുദിയുടെ കണ്ണൂർ എഡിഷനിൽ ജോലിക്കെത്തുമ്പോൾ എന്റെ വലിയ ആശ്വസവും സന്തോഷവും പപ്പേട്ടനെ വല്ലപ്പോഴും നേരിൽ കാണാല്ലോ എന്നതായിരുന്നു. അവിടെ എത്തിയശേഷം ഒരു ദിവസം ലാൻഡ് ഫോണിൽ വിളിച്ചു. മറുതലയ്ക്കൽ - പത്മനാഭൻ - എന്ന് കേട്ടപ്പോൾ ഞാൻ പറഞ്ഞു- ഇന്ദ്രബാബുവാണ്. "അതാരാണ്..എനക്കറിയില്ല...എനക്കറിയില്ല" ചമ്മലോടെ ഞാൻ പറഞ്ഞു- ഒന്നു കാണാനാണ്. "നല്ല കാര്യം, സന്തോഷം...". ശബ്ദത്തിന്റെ പാരുഷ്യം അപ്പോഴേക്കും തെല്ലയഞ്ഞിരുന്നു - ഞാനിപ്പോൾ കേരളകൗമുദിയുടെ കണ്ണൂർ എഡിഷനിലുണ്ട്, നാളെ രാവിലെ 10 മണിയോടെ വന്നോട്ടെ."സന്തോഷം, നല്ല കാര്യം, 10 മണിക്കെത്തണം" പള്ളിക്കുന്നിലെ വീട്ടിലേക്കുള്ള വഴി പറഞ്ഞുതരുമ്പോൾ സഹപ്രവർത്തകരായ സി.പി.സുരേന്ദ്രനും ഒ.സി.മോഹൻരാജും പറഞ്ഞു- അവിടെ നിറയെ പട്ടികളുണ്ട്, കടിക്കാതെ നോക്കിക്കൊള്ളണം. മൂപ്പര് അവിടെ ഉമ്മറത്തു തന്നെയുണ്ടാവും. വാച്ചിൽ നോക്കി സമയം ഉറപ്പിച്ച് 10 മണിക്ക് നാലുമിനിട്ട് ശേഷിക്കെ അവിടെയെത്തി. കഥയുടെ പെരിയ ശില്പി പഴയ ഒരു ചാരുകസേരയിൽ നീണ്ടുനിവർന്ന് പത്രം വായിക്കുകയാണ്. വഴിയരികിൽ ഒരു നായ കിടപ്പുണ്ട്. കുറച്ചപ്പുറത്ത് മറ്റൊരെണ്ണം. ഒ.സി ചിരിച്ചുകൊണ്ട് (പാവം റമ്മിനെ സംശയിക്കേണ്ട, അത് ഒ.സി.മോഹൻരാജ്) പറഞ്ഞത് എനിക്കു കരച്ചിലാവുമോ എന്ന ശങ്കയോടെ അവയെ നോക്കിനോക്കി മുറ്റത്തേക്കു കയറി. കാൽപ്പെരുമാറ്റംകേട്ട് പപ്പേട്ടൻ പത്രം താഴ്ത്തി. പരിചയത്തിന്റെ നിഴൽ ആ മുഖത്ത് തെളിഞ്ഞു. തൊട്ടപ്പുറത്തെ മരച്ചില്ലയിലിരുന്ന രണ്ട് ഒാലഞ്ഞാലി കിളികൾ പപ്പേട്ടനരികിലൂടെ ചിറകുവീശിപ്പറന്നു. അപരിചിതനായ എന്നെ അവ നോക്കിയോ? പപ്പേട്ടന്റെ മുഖത്ത് ചിരിനിറഞ്ഞു." ഇവയെല്ലാം ഇവിടുള്ളതാണ്. വീട്ടിനകത്തു കയറിവരും, കിടപ്പുമുറിയിലെ കട്ടിലിൽ വന്നിരിക്കും..." ഏറെനാളായി വിളിക്കാത്തതിലും തിരുവനന്തപുരത്തെത്തിയപ്പോൾ ചെന്നുകാണാത്തതിലും കത്തയയ്ക്കാത്തതിലും ഒക്കെയുള്ള പരിഭവമെല്ലാം മാഞ്ഞുപോയിരുന്നു. ഇതും പൂച്ചക്കുട്ടികളുടെ വീടാണോ എന്നു ചോദിക്കണമെന്നു തോന്നിയതാണ്. പക്ഷേ, ചോദിച്ചില്ല. മതിലിന്റെ അരികിലുള്ള പൊന്തക്കാട്ടിലെ ഇലപ്പടർപ്പിൽ മുക്കാലും മറഞ്ഞിരുന്ന മൂന്നു പൂച്ചക്കുട്ടികളെ രാത്രി ഉറക്കപ്പായയിൽനിന്ന് ഇറങ്ങിവന്ന് റൊട്ടിക്കഷണങ്ങൾ നുള്ളിക്കൊടുത്ത് താലോലിക്കുന്ന കഥാകാരനെ കാണുന്ന സന്തോഷത്തിലായിരുന്നു ഞാൻ. " നോക്കൂ, ഇതു നിങ്ങളുടെ വീടാണ്. പക്ഷേ, നിങ്ങൾക്കു പുറമേ ഇവിടെ വേറെയും ആൾക്കാരുണ്ട്. അവരോടൊന്നും 'ഗ്ർർർ' എന്നു പറയരുത്. എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറണം. മനസിലായോ..." എന്നിങ്ങനെ ലാളിച്ചിരുന്ന പൂച്ചകളെ 'ചാക്കിൽക്കെട്ടി ദൂരെ ഉപേക്ഷിക്കും' എന്ന ഭാര്യയുടെ ദേഷ്യത്തിലുള്ള വാക്കുകൾ കേട്ടുകൊണ്ടാണ് ഒരു ദിവസം കഥാകാരൻ ഓഫീസിലേക്കു പുറപ്പെട്ടത്. മടങ്ങിയെത്തുമ്പോൾ കണ്ടതോ? 'സോഫയിലിരുന്ന് പുസ്തകം വായിക്കുന്ന ഭാര്യയുടെ മടിയിൽ മൂന്നു പൂച്ചക്കുട്ടികളും കിടന്നുറങ്ങുന്നു. താഴെ, ഭാര്യയുടെ കാൽച്ചുവട്ടിൽ നാരായണൻ, ഇത്തിരിമാറി ഒരു പ്ലേറ്റിൽ പാൽ..." കൃത്രിമമായ ഗൗരവത്തോടെ കഥാകാരൻ ചോദിച്ചു." ഇവരെയൊന്നും കൊണ്ടുപോയി കാന്റീന്റെ പിറകിൽ വിട്ടില്ലേ...? " ഭാര്യ പുസ്തകത്തിൽ നിന്നു മുഖമെടുക്കാതെ പറഞ്ഞു."നാളെ..." കഥാകാരൻ കിടപ്പുമുറിയിലേക്കു പോകുമ്പോൾ ഭാര്യ വീണ്ടും പറഞ്ഞു: "ഇതാ, ഇവരെയൊക്കെ ഒന്ന് എടുത്ത് മാറ്റിയില്ലെങ്കിൽ എനിക്ക് എഴുന്നേൽക്കാൻ കഴിയില്ല. പിന്നെ, ചായ കിട്ടാൻ വൈകിയെന്നൊക്കെപ്പറഞ്ഞ്..." കഥാകാരൻ വസ്ത്രം മാറി അടുക്കളയിൽ ചെന്ന് ചായയുണ്ടാക്കാൻ തുടങ്ങി. ആ മുഖത്ത് അപ്പോൾ ഒരു കള്ളച്ചിരിയുണ്ടായിരുന്നു. 'പൂച്ചക്കുട്ടികളുടെ വീട് ' എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. കഥാകാരന്റെ മുഖത്ത് അപ്പോൾ കണ്ട കള്ളച്ചിരി ആ കൂടിക്കാഴ്ചയിലും ഇടയ്ക്കിടെ പ്രകാശം പരത്തുന്നുണ്ടായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഇഷ്ടക്കേടോ എതിർപ്പോ ഉള്ള വ്യക്തികളെയോ സംഭവത്തെയൊ കുറിച്ച് പറയുമ്പോൾ ആ മുഖത്തു നിറയുന്ന നീരസത്തിലും കാണാം സ്നേഹത്തിന്റെ ഒളിമങ്ങാത്ത നൈർമല്യം.
2011 ജൂൺ 11ന് 'ശബ്ദമില്ലാത്ത കാലം' എന്ന എന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യുമ്പോൾ ടി. പത്മനാഭൻ പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായിരുന്ന മാതൃഭൂമിയിലെ പി.പി.ശശീന്ദ്രനായിരുന്നു അദ്ധ്യക്ഷൻ. ഞാൻ കണ്ണൂരിലെത്തിയതിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ടുള്ള ശശീന്ദ്രന്റെ ആമുഖ പ്രസംഗത്തോട് പ്രതികരിക്കുന്ന മട്ടിലായിരുന്നു പപ്പേട്ടന്റെ പ്രഭാഷണം.''വിദ്യാർത്ഥിയായിരിക്കെ ഇന്ദ്രബാബുവിനെക്കുറിച്ച് ആദ്യം ഉച്ചത്തിൽ പറഞ്ഞത് ഒരു വടക്കനാണ്." എന്താ,ശരിയല്ലേ എന്ന മട്ടിൽ എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: "അത് ഈ നിൽക്കുന്ന പത്മനാഭനാണ്. അന്ന്, ഇന്ദ്രബാബു കവിയായി അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ടാവില്ല..അതെന്തായാലും കവി വന്നുപെട്ടിരിക്കുന്നത് കണ്ണൂരാണ്. വ്യാകരണമില്ലാത്ത ഗദ്യം നാലായി മുറിച്ചുവച്ചിട്ട് കവിതയെന്നു വിളിക്കും. എന്നിട്ട് അതിനു ശില്പശാല നടത്തുന്ന നാടാണിത്.." കഥാശില്പിയുടെ പ്രസംഗം എങ്ങോട്ടാണെന്ന് അമ്പരന്ന ഞാൻ കൊല്ലത്തെയും തിരുവനന്തപുരത്തെയും ഗദ്യകവികളെക്കുറിച്ചും അപ്പോൾ ഓർമ്മിച്ചുപോയി.
മലയാളകഥയുടെ ഈ മഹാശില്പിക്ക് കഴിഞ്ഞയാഴ്ച 91 വയസായി. ദൈവാനുഗ്രഹത്താൽ പപ്പേട്ടൻ യൗവനത്തിന്റെ പ്രസരിപ്പിലാണിപ്പോഴും. പുസ്തകങ്ങളിലും വിക്കിപീഡിയയിലുമൊക്കെ കാണുന്നത് ജനനം 1931 ഫെബ്രുവരി അഞ്ച് എന്നാണ്. അത് ഔദ്യോഗിക കണക്കു മാത്രമാണ്. വൃശ്ചികത്തിലെ ഭരണിനക്ഷത്രത്തിലാണ് പിറവിയെന്നും പിന്നിട്ടത് 91-ാം പിറന്നാളാണെന്നും കാഥാകാരൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു കള്ളച്ചിരിയോടെ അതു പറയുന്ന പപ്പേട്ടൻ കഥയുടെ ആകാശത്തേക്ക് വീണ്ടും ചേക്കേറുകയാവും. കഥയിൽ സ്നേഹസംഗീതം നിറയ്‌ക്കുന്ന ആ സർഗവിദ്യയ്‌ക്ക് നിത്യയൗവനം. കവിതയിൽ പൂക്കുന്ന കഥാവസന്തത്തിന് നൂറ് ജന്മദിനാശംസകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |