കൊച്ചി: 6,311 കോടി രൂപ ചെലവിൽ നാവിക സേനയ്ക്കു വേണ്ടി എട്ട് അന്തർവാഹിനി നശീകരണ യുദ്ധക്കപ്പലുകൾ നിർമ്മിക്കാനുള്ള പ്രവൃത്തികൾക്ക് കൊച്ചി കപ്പൽശാലയിൽ തുടക്കമായി.
ഷാലോ വാട്ടർ ആന്റി സബ്മറീൻ (അന്തർവാഹിനി നശീകരണ) യുദ്ധ കപ്പലുകളാണിവ. ആദ്യകപ്പലിന്റെ പ്ലേറ്റ് കട്ടിംഗ് നാവിക സേനാ സഹമേധാവി വൈസ് അഡ്മിറൽ ജി. അശോക് കുമാർ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കൊച്ചി കപ്പൽശാല സി.എം.ഡി മധു എസ്, വൈസ് അഡ്മിറൽ എസ്. ആർ ശർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് മറ്റു കപ്പൽനിർമാണ കമ്പനികളെ പിന്നിലാക്കി കൊച്ചി കപ്പൽശാല ഈ കരാർ നേടിയത്. ഏഴര വർഷത്തിനകം ഇവയുടെ നിർമാണം പൂർത്തിയാക്കാനാണു പദ്ധതി.
തുറമുഖ, തീര മേഖലകൾക്കു സമീപമെത്തുന്ന ശത്രു മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാനും നശിപ്പിക്കാനും ശേഷിയുള്ള പോർക്കപ്പലുകളാണിവ. 25 നോട്ട്‌സ് വേഗതയിൽ സഞ്ചരിക്കാനാകും.
വിമാനങ്ങൾക്കൊപ്പം സംഘടിത മുങ്ങിക്കപ്പൽ ഓപറേഷൻ നടത്താം. അത്യാധുനിക യന്ത്രങ്ങളും ക്രമീകരണങ്ങളും മികച്ച സംവിധാനങ്ങളുമാണ് ഈ പോർകപ്പലിൽ ഒരുങ്ങുന്നത്.
തദ്ദേശീയമായി രൂപകൽപ്പനയും നിർമാണവും നിർവഹിക്കപ്പെടുന്ന സാങ്കേതികത്തികവുള്ള ഈ അന്തർവാഹിനി നശീകരണ കപ്പലുകളിൽ വിവിധ ആയുധങ്ങളും ഉൾപ്പെടും. ശത്രു അന്തർവാഹിനികളുടെയും മറ്റും കണ്ണിൽപ്പെടാതിരിക്കാനുള്ള സാങ്കേതിക വിദ്യയും ഇവയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |