പെരിയ ഇരട്ട കൊലക്കേസ് അന്വേഷണം സി.ബി.ഐയ്ക്കു വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജി നിരാകരിക്കപ്പെട്ടതിൽ അതിശയമൊന്നുമില്ല. സർക്കാർ ചോദിച്ചു വാങ്ങിയ വ്യവഹാര പരാജയങ്ങളിൽ ഇത് അവസാനത്തേത് ആകണമെന്നുമില്ല. സർക്കാരിന് നിയമോപദേശം കൊടുക്കുന്നവരുടെ പാപ്പരത്തം ഒരിക്കൽക്കൂടി പൊതുജനങ്ങൾക്കു മുൻപിൽ തുറന്നുകാട്ടി എന്നതിനപ്പുറം മറ്റൊരു നേട്ടവും സർക്കാരിനു ലഭിച്ചിട്ടുമില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ദൃഢമായ കാര്യകാരണ സഹിതമാണ് കേസന്വേഷണം സി.ബി.ഐ തന്നെ തുടരട്ടെ എന്നു കല്പിച്ചത്. അന്വേഷണവുമായി ക്രൈംബ്രാഞ്ച് ഏറെ മുന്നോട്ടുപോയെന്നും പ്രതികളെ മുഴുവൻ പിടികൂടാനായെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർത്തത്. എന്നാൽ കേസിലുൾപ്പെട്ട മുഴുവൻ പേരും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരുമായതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം നീതിപൂർവകമാകാനിടയില്ലെന്ന വാദം കണക്കിലെടുത്താണ് കേസ് സി.ബി.ഐയെ ഏല്പിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ സി.ബി.ഐയെ ഏല്പിക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു സർക്കാർ തീരുമാനം. സർക്കാർ മനോഗതം മനസിലാക്കിയ ക്രൈംബ്രാഞ്ച് കേസ് രേഖകൾ സി.ബി.ഐയ്ക്കു കൈമാറാതെ നിഷേധ നിലപാട് സ്വീകരിക്കുകയും ചെയ്തു. ചൊവ്വാഴ്ചത്തെ സുപ്രീംകോടതി വിധി എല്ലാ അർത്ഥത്തിലും സർക്കാരിനേറ്റ തിരിച്ചടി തന്നെയാണ്. രാഷ്ട്രീയ മാനങ്ങളേറെയുള്ള പെരിയ കേസിൽ ഇനി സ്വതന്ത്രമായ അന്വേഷണം നടക്കുമ്പോൾ പുറത്തുവരാതിരിക്കുന്ന പലതും വെളിപ്പെടുമെന്നു പ്രതീക്ഷിക്കാം. കൊലയ്ക്കു പിന്നിൽ നടന്ന ഗൂഢാലോചന സംബന്ധിച്ച രഹസ്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. അതിലുൾപ്പെട്ടവരിലേക്കും ചെന്നെത്തേണ്ടതുണ്ട്.
പെരിയ കേസിൽ സി.ബി.ഐ അന്വേഷണത്തെ സർക്കാർ നിശിതമായി എതിർക്കാൻ കാരണം രാഷ്ട്രീയം തന്നെയാണെന്ന് അറിയാത്തവർ ചുരുക്കം. എന്നാൽ ഇതുപോലൊരു ദാരുണമായ കൊല നടക്കുമ്പോൾ അതിനിരയായവരുടെ കുടുംബങ്ങളുടെ തീർത്താൽ തീരാത്ത വേദന കൂടി പരിഗണിക്കപ്പെടേണ്ടതല്ലേ? കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും സാധാരണക്കാരിൽ സാധാരണക്കാരായിരുന്നു. സന്ധ്യ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് രാഷ്ട്രീയ എതിരാളികൾ ജീപ്പിലും ബൈക്കുകളിലുമായി പിറകെ എത്തി ഇരുവരെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഇത്രയും നിഷ്ഠൂരമായി വധിക്കാൻ മാത്രം രാഷ്ട്രീയ പാതകങ്ങൾ ചെയ്തവരായിരുന്നില്ല ഈ രണ്ടു ചെറുപ്പക്കാരും. ജീവിതത്തിൽ നല്ല ഭാവി സ്വപ്നംകണ്ട് നാളുകൾ തള്ളിനീക്കുന്ന ഏതു ചെറുപ്പക്കാരെയും പോലെ നാട്ടുകാര്യങ്ങളിൽ ഇടപെട്ടും പൊതുപ്രവർത്തനം നടത്തിയും കഴിഞ്ഞിരുന്ന അവരെ എന്തോ നിസാര പ്രശ്നത്തിന്റെ പേരിലാണ് എതിരാളികൾ വകവരുത്തിയതെന്നാണ് അന്ന് പുറത്തുവന്ന വിവരം. ചാവേർ രാഷ്ട്രീയത്തിന്റെ ഇരകളാകേണ്ടിവന്ന ഈ ചെറുപ്പക്കാരുടെ ദുർഗതി മറ്റാർക്കുമുണ്ടാകാതിരിക്കട്ടെ എന്നു രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത സകലരും പ്രാർത്ഥിക്കുന്നുണ്ടാകും.
2019 സെപ്തംബർ 30-നാണ് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐയ്ക്കു വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. വിധി നടപ്പായിരുന്നുവെങ്കിൽ ഇതിനകം അന്വേഷണം പൂർത്തിയായി കേസ് വിചാരണ ഘട്ടത്തിൽ എത്തേണ്ടതായിരുന്നു. ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി പോയ സർക്കാർ അവിടെ തോറ്റപ്പോഴും യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തയ്യാറായില്ല. അങ്ങനെയാണ് സുപ്രീംകോടതിയിൽ പോയത്. അവിടെയും തിരിച്ചടി നേരിട്ടിരിക്കുകയാണ്. നീതിക്കായി എപ്പോഴും ഇരകളോടൊപ്പം നിൽക്കേണ്ട സർക്കാർ ഈ കേസിൽ മറിച്ചൊരു സമീപനം സ്വീകരിച്ചതിനു പിന്നിലെ രാഷ്ട്രീയം സ്വാഭാവിക നീതിക്കു നിരക്കാത്തതാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൂർണതൃപ്തി പ്രകടിപ്പിച്ച് സി.ബി.ഐയെ ഒഴിവാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുവെന്നു മാത്രമല്ല പൊതുഖജനാവിൽ നിന്ന് വലിയൊരു സംഖ്യ ഇതിനായി ചെലവാക്കേണ്ടിയും വന്നു. അഭിഭാഷകരുടെ കീശ വീർപ്പിക്കാൻ മാത്രം പ്രയോജനപ്പെട്ട ഈ ഉദ്യമം സർക്കാരിന് ഒരുതരത്തിലുമുള്ള കീർത്തിയും സമ്മാനിച്ചതുമില്ല. സി.ബി.ഐ വേണ്ടെന്ന കർക്കശ നിലപാട് സ്വീകരിച്ചതിലൂടെ എന്തൊക്കെയോ മറയ്ക്കാനുണ്ടെന്ന പ്രതീതിയും ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുകയായിരുന്നു. അന്വേഷണം നടത്തി ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നില്ല. സി.ബി.ഐ ഫയൽ ചെയ്യുന്ന കുറ്റപത്രത്തിനൊപ്പം ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രവും വിചാരണ കോടതി പരിഗണിക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം സി.ബി.ഐ അന്വേഷണം തടയാനുള്ള ഉപാധിയെന്ന നിലയ്ക്കാണ് സർക്കാർ എടുത്തത്. ഹൈക്കോടതിയിലെ പ്രധാന വാദവും അതായിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സാരമായ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സി.ബി.ഐയ്ക്കു വിട്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കൊലപാതകത്തിന് ദൃക്‌സാക്ഷികളാരുമില്ല. അതിനാൽ സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
കേസ് രേഖകൾ വിട്ടുകൊടുക്കാതെ പൊലീസ് സി.ബി.ഐയെ വട്ടം കറക്കുകയായിരുന്നു.
കൊലപാതകങ്ങളിൽ പാർട്ടി ഉന്നതന്മാരുടെ പങ്കും അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ വെളിച്ചത്തിൽ ഇതൊക്കെ അന്വേഷണത്തിൽ ഉൾപ്പെടുമെന്നാണു സൂചന. ഏതു കൊലപാതക കേസുകളിലും സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണത്തിനു വേണ്ടിയാകും എപ്പോഴും മുറവിളി ഉയരുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖമായ അന്വേഷണ ഏജൻസിയായ സി.ബി.ഐയ്ക്കു വേണ്ടിയാകും എപ്പോഴും ഏറെ ആവശ്യക്കാർ. എന്നാൽ സി.ബി.ഐ അന്വേഷണം വേണ്ടതില്ല എന്ന വാദവുമായി പരമോന്നത കോടതി വരെ നീണ്ട കേസ് നടത്തിപ്പിന് ഒരു സംസ്ഥാനം ഒരുങ്ങിയത് അപൂർവ സംഭവം തന്നെയാണ്. ഇതിനു ചെലവഴിച്ച പണം വേറെ നല്ല കാര്യങ്ങൾക്കായി വിനിയോഗിച്ചിരുന്നെങ്കിൽ നാട്ടുകാർക്കെങ്കിലും ഉപകാരപ്പെടുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |