തിരുവനന്തപുരം: പകുതി മാത്രമുള്ള ഇടതു കൈ ഒരു കുറവായി സുരേഷ്‌കുമാറിന് അനുഭവപ്പെട്ടിട്ടില്ല. അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ സൈക്കിളിൽ ചാടിക്കയറി, ഒറ്റക്കൈ കൊണ്ട് ഹാന്റിലിൽ പിടിച്ച് ഓടിക്കുമ്പോൾ അപകടം ഉണ്ടാകുമെന്ന് കൂട്ടുകാരെല്ലാം പേടിച്ചു. പക്ഷേ, സുരേഷ് 'പുഷ്പം' പോലെ സൈക്കിളോടിച്ചു. പിന്നീട് സ്കൂട്ടറും. പി.എസ്.യു, ആർ.വൈ.എഫ് വഴി ആർ.എസ്.പിയിലെത്തിയപ്പോൾ സുരേഷ്‌കുമാർ കരിക്കകം സുരേഷായി. സ്വന്തം സ്ഥലത്തു നിന്നാണ് ഇപ്പോൾ തലസ്ഥാന നഗരസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
ജന്മനാ ഉള്ളതാണ് അംഗവൈകല്യം. കടകംപള്ളി പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു 20 വർഷം മുമ്പ്. അന്ന് സൈക്കിളിലായിരുന്നു യാത്ര. പിന്നീടാണ് കൈനറ്റിക് ഹോണ്ട സ്വന്തമാക്കിയത്. ആർ.എസ്.പിയുടെ വിദ്യാർത്ഥി സംഘടനയായ പി.എസ്.യു വിൽ പ്രവർത്തിക്കുമ്പോൾ ഒപ്പം പ്രവർത്തിച്ചവരിൽ ഒരാൾ എൻ.കെ. പ്രേമചന്ദ്രനാണ്.
56 കാരനായ സുരേഷ് കഴിഞ്ഞ തവണ ചാക്ക വാർഡിൽ നിന്നു മത്സരിച്ചിരുന്നു. മേയറായ എൽ.ഡി.എഫിലെ കെ.ശ്രീകുമാറാണ് അന്നു വിജയിച്ചത്. അതേ ശ്രീകുമാർ തന്നെയാണ് ഇക്കുറി കരിക്കകം വാർഡിലും എതിരാളി. ഇപ്പോൾ വനിതാവാർഡായ ചാക്കയിൽ നിന്നു ഭിന്നമാണ് കരിക്കകം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത് ബി.ജെ.പി. അതിനു മുമ്പ് എൽ.ഡി.എഫ്. അപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയത് ബി.ജെ.പി സ്ഥാനാർത്ഥി ഡി.ജി. കുമാരനാണ്. അദ്ദേഹമാണ് ഇത്തവണ ബി.ജെ.പിക്കു വേണ്ടി രംഗത്തുള്ളത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യു.ഡി.എഫിനെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തുക എന്ന ദൗത്യമാണ് സുരേഷിനുള്ളത്. നാലാം റൗണ്ട് പ്രചാരണത്തിൽ സുരഷ് സൈക്കിൾ ചവിട്ടിപോയാണ് വോട്ടർമാരെ കാണുന്നത്. ഭാര്യ സിന്ധു. മക്കൾ : രേഷ്മ, ഗ്രീഷ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |