തിരുവനന്തപുരം: മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയ്ക്ക് തലസ്ഥാനം ഊഷ്മളമായ സ്വീകരണം നൽകി.
മലങ്കര സുറിയാനി കത്തോലിക്കാ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തിൽ പട്ടം മേജർ ആർച്ച് ബിഷപ്‌സ് ഹൗസിൽ നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരുന്നു.
തിയോഡോഷ്യസ് മെത്രാപ്പൊലീത്തയുടെ നേതൃത്വവും സേവനവും മനുഷ്യസമൂഹത്തിന്റെ കൂടുതൽ നന്മയ്ക്ക് ഉതകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.മുരളീധരൻ എം.പി, ഒ.രാജഗോപാൽ എം.എൽ.എ, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് സൂസപാക്യം, യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പ, ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത, ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ, ജേക്കബ് പുന്നൂസ്, തോമസ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
മാർത്തോമാ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. സമൂഹത്തിൽ എല്ലാ വിഭാഗത്തിലുമുള്ളവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് അദ്ധ്യക്ഷത വഹിച്ചു. എ.പി.ജെ. അബ്ദുൾകലാം ടെക്‌നോളജിക്കൽ സർവകലാശാല വൈസ് ചാൻസലർ എം.എസ്. രാജശ്രീ, തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ, സൊസൈറ്റി സെക്രട്ടറി ഡോ.രാജൻ വർഗീസ്, റവ.ഫിലേമോൻ കോശി, ട്രഷറർ മാത്യു ജോർജ്, സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂൾ ഹെഡ് ഗേൾ അന്ന ജി. സാമുവൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |