കൊച്ചി: സ്വർണക്കടത്തിലും ഡോളർകടത്തിലും വമ്പൻസ്രാവുകൾ ഉണ്ടെന്ന വെളിപ്പെടുത്തലിനു പിന്നാലെ കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് നൽകിയ അപേക്ഷ എറണാകുളം സി.ജെ.എം കോടതി അനുവദിച്ചു.
രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി -3 നോടാണ് നിർദേശിച്ചത്. സ്വർണക്കടത്തു കേസിലും ഡോളർകടത്തു കേസിലുമാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. ഇന്നലെത്തന്നെ ഇരുവർക്കും കൗൺസലിംഗ് നൽകി. ഇന്നു രാവിലെ പതിനൊന്നു മണിയോടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴികൾ മുദ്രവച്ചകവറിൽ അഡി. സി.ജെ.എം കോടതിയിൽ നൽകണം.
സ്വപ്നയെയും സരിത്തിനെയും നവംബർ 27 മുതൽ 29 വരെ ചോദ്യംചെയ്തതിൽ നിന്ന് കസ്റ്റംസിനു ലഭിച്ച നിർണായക വിവരങ്ങൾ കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ഇവ പരിശോധിച്ച അഡി. സി.ജെ.എം കോടതി മനഃസാക്ഷിയെ ഞെട്ടിക്കുന്ന വമ്പൻമാരുടെ പേരുകൾ മൊഴിയിലുണ്ടെന്നും പേരുകൾ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് കസ്റ്റംസ് പ്രതികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |