കോഴിക്കോട് : കേന്ദ്ര-കേരള സർക്കാരുകളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ് ക്ലബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ പറഞ്ഞു.
ഡൽഹിയിലെ കർഷക സമരത്തോട് ജനാധിപത്യ മര്യാദ പോലും സർക്കാർ കാണിക്കുന്നില്ല. കർഷകർക്ക് വേണ്ടിയാണ് ബില്ലുകൾ പാസ്സാക്കിയതെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് കേസ് വീണ്ടും പൊടി തട്ടിയെടുക്കാനുള്ള സാഹചര്യമെന്താണ്. നേരത്തെ അന്വേഷിച്ച് തള്ളിയ കേസാണിത്. അഴിമതി, സ്വർണക്കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ മുഖം നഷ്ടപ്പെട്ട സർക്കാർ അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസുകളെടുക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് കൈമാറിയതിനെതിരെ സമർപ്പിച്ച ഹർജി തളളിയത് സർക്കാരിനേറ്റ പ്രഹരമാണ്. പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം പരിശോധിക്കാനുള്ള ലോഡ് ടെസ്റ്റ് തടയാൻ കോടതികൾ കയറിയിറങ്ങി ഒന്നര വർഷം സർക്കാർ ജനങ്ങളെ ദ്രോഹിച്ചു. അഴിമതി നടന്നെങ്കിൽ എന്തുകൊണ്ട് സർക്കാർ അഞ്ചു കൊല്ലം കാത്തിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |