രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം തമിഴ് രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ചിരിക്കുകയാണ്. രജനിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് കമൽഹാസൻ ഇന്നലെ വീണ്ടും ആവർത്തിച്ചുപറഞ്ഞതോടെ എല്ലാവരും അങ്ങനെയൊരു സഖ്യമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്
'എന്റെ സുഹൃത്തായ രജനിയ്ക്കൊപ്പം ചേർന്ന് തമിഴ് നാടിന്റെ വികസനത്തിന് പ്രവർത്തിക്കാൻ തയാറാണെന്ന്' കമൽഹാസൻ പറഞ്ഞത് പോയ വർഷം നവംബർ 20ന് ആയിരുന്നു. ഇന്നലെ പരസ്യമായി കമൽ അത് വീണ്ടും ആവർത്തിച്ചു.അന്നത്തെ കമൽ- രജനി കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ മാനം കൈവരുകയും ഇരുവരും ഒന്നിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നും ആരാധകർ മാനംമുട്ടെ പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷകൾക്ക് മങ്ങലേൽക്കില്ലെന്ന ശുഭസൂചന തരുന്നതാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശവും രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന കമൽഹാസന്റെ വാക്കുകളും.
തനിക്ക് മുഖ്യമന്ത്രിയാവാൻ താത്പര്യമില്ലെന്ന് പറഞ്ഞതിനാൽ കമൽഹാസൻ മുഖ്യമന്ത്രിയായി എത്തുന്നതിനെ രജനീകാന്ത് സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. രണ്ടു വർഷം മുൻപ് മലേഷ്യയിൽ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് അസോസിയേഷൻ പുതിയ കെട്ടിടം നിർമിക്കാനാവശ്യമായ പണം സ്വരൂപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി രാഷ്ട്രീയ കൂടിക്കാഴ്ച നടത്തിയത്.അന്ന് ഇരുവരും ചേർന്ന് സുദീർഘമായി സംസാരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കമൽഹാസൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. ആത്മീയ രാഷ്ട്രീയം എന്നതായിരുന്നു ഇതുവരെ രജനീകാന്തിന്റെ നിലപാട്. എന്നാൽ സംസ്ഥാനത്ത് മികച്ച നേതൃത്വം വേണമെന്ന തോന്നലുണ്ടായതു കൊണ്ടാണ് രജനിയും കമലും രാഷ്ടീയത്തിൽ ഇറങ്ങുന്നതെന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ തമിഴ്നാട്ടിലുണ്ട്. രണ്ടു പേരുടെയും ലക്ഷ്യം ജനസേവനമായിരിക്കും. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക , കർഷകരുടെ ജീവിതം മികച്ചതാക്കുക തുടങ്ങിയവയ്ക്കും മുൻഗണന ഉണ്ടാവും എന്നത് വലിയ പ്രതീക്ഷ നൽകുന്നു. 2018 ഫെബ്രുവരിയിലാണ് കമൽഹാസൻ മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. എന്നാൽ ലോക് സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കെട്ടിവച്ച കാശ് കിട്ടിയില്ല. എന്നാൽ മൂന്നര ശതമാനത്തിലേറെ വോട്ട് നേടിയിരുന്നു. അതിനാൽ മക്കൾ നീതി മയ്യത്തിന്റെ ഭാവി നിയമസഭാ തിരഞ്ഞെടുപ്പിൽ എന്താകുമെന്ന് പറയാൻ കഴിയില്ല.
രജനി- കമൽ സഖ്യം വരുമോ?
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ രജനി- കമൽ സൂപ്പർ സ്റ്റാർ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടായാൽ അത് തമിഴകത്ത് സൃഷ്ടിക്കുമെന്ന് കരുതുന്ന സ്വാധീനം ഉറ്റു നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. അതിനൊപ്പം രജനീകാന്തും കമൽഹാസനും തമിഴ് നാട് രാഷ്ട്രീയത്തിൽ എന്തു മാറ്റം കൊണ്ടുവരുമെന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്. അതാണ് രജനിയുടെയും കമലിന്റെയും മുന്നിലെ വെല്ലുവിളി. താൻ ജയിച്ചാൽ ജനങ്ങളുടെ ജയമായിരിക്കുമെന്നും തോറ്റാൽ ജനങ്ങളുടെ തോൽവിയായിരിക്കുമെന്നും രജനീകാന്ത് പറയുന്നതിനു പിന്നിൽ ഏറെ അർത്ഥമുണ്ട് . തമിഴക രാഷ്ട്രീയത്തിൽ രജനിയുടെ വരവ് വല്ലാതെ വൈകിപ്പോയി എന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. എന്നാൽ രജനിയുടെ പാർട്ടിയെ ആദ്യമേ സ്വാഗതം ചെയ്ത ഒരു നേതാവുണ്ട്. ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം. ഭാവിയിൽ രജനിയുമായി സഖ്യമുണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും ഒ. പനീർശെൽവം പ്രഖ്യാപിച്ചു കഴിഞ്ഞു.രജനിയെ കൂടെക്കൂട്ടി പനീർശെൽവം എ. െഎ. എ. ഡി. എം. കെ പിളർത്തുമോ എന്നതും ഉറ്റുനോക്കുന്നവരുണ്ട്. എന്തായാലും രജനിയുടെ രംഗപ്രവേശം ഏറ്റവുമധികം ഭീഷണി ഉയർത്തുന്നത് മുഖ്യമന്ത്രി എടപ്പാടിക്കും എ. െഎ. എ. ഡി എം. കെയ്ക്കുമായിരിക്കുമെന്ന് കരുതുന്നവരുണ്ട്.എന്നാൽ ഡി.എം.കെ നേതാവ് സ്റ്റാലിനും രജനിയുടെ വരവിനെ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |