കേരള - തമിഴ‌്‌നാട് തീരങ്ങളെ കശക്കിയെറിയുമെന്നു ഭയപ്പെട്ടിരുന്ന ബുറേവി ചുഴലിക്കാറ്റ് വലിയ നാശമൊന്നും കൂടാതെ ഒഴിഞ്ഞുപോയത് ആശ്വാസമായി. കര തൊട്ടതോടെ ഉഗ്രഭാവം വെടിഞ്ഞ ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി രൂപാന്തരപ്പെട്ടതാണ് രക്ഷയായത്. കാറ്റും മഴയും ഉണ്ടായതൊഴിച്ചാൽ പറയത്തക്ക നാശമൊന്നും സംഭവിച്ചില്ല. കോടിക്കണക്കിനു ജനങ്ങൾക്കൊപ്പം കേരള - തമിഴ്‌നാട് സർക്കാരുകൾക്കും അനല്പമായ ആശ്വാസത്തിന് വകനൽകുന്നതാണ് ബുറേവിയുടെ രൂപമാറ്റം.
പ്രകൃതിയുടെ അപൂർവ പ്രതിഭാസങ്ങളിലൊന്നായ ചുഴലിക്കാറ്റുകളെ തടയാൻ സാദ്ധ്യമല്ലെങ്കിലും അതു സൃഷ്ടിക്കുന്ന കെടുതികളിൽ നിന്ന് വലിയ തോതിൽ സംരക്ഷണം നൽകാൻ ഭരണകൂടങ്ങൾക്കു കഴിയും. അതിന്റെ ഉദാത്ത മാതൃകയാണ് ബുറേവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്‌നാട്ടിലും കാണാൻ കഴിഞ്ഞത്. ആസന്നമെന്നു കരുതിയ തീവ്രസ്വഭാവം ബുറേവി കൈവരിച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. എന്നാലും അത്തരമൊരു സാഹചര്യം നേരിടാനുള്ള അതിവിപുലമായ സന്നാഹങ്ങൾ സർക്കാർ കൈക്കൊണ്ടിരുന്നു. അപകട സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ വരുമെന്നു സംശയിച്ച പ്രദേശങ്ങളിലെല്ലാം യുദ്ധസമാനമായ തയ്യാറെടുപ്പാണു നടന്നത്. കാറ്റിൽ നിലംപൊത്താനിടയുണ്ടെന്നു തോന്നിയ വൃക്ഷങ്ങൾ വരെ വെട്ടിമാറ്റി. ആലപ്പുഴ, കൊല്ലം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചത്തെ പി.എസ്.സി പരീക്ഷകളും സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചു. വലിയൊരു ആപത്തിനെ കൂട്ടായി നിന്നു നേരിടാനാവശ്യമായ വിപുലമായ സന്നാഹങ്ങളാണ് തെക്കൻ ജില്ലകളിൽ പൂർത്തിയാക്കിയത്. മാറ്റി പാർപ്പിക്കുന്നവർക്കായി രണ്ടായിരത്തിലധികം ക്യാമ്പുകൾ തുറന്നിരുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ മാതൃക തന്നെ കാഴ്ചവയ്ക്കാനായതിൽ സർക്കാരിന് അഭിമാനിക്കാം. ജനങ്ങളുടെയും സർക്കാരിന്റെയും ഭാഗ്യത്തിന് ദുരന്തം ഒഴിഞ്ഞുപോയതിൽ ഏവരും ആശ്വസിക്കുന്നു.
കേരള തീരത്ത് മൂന്നുവർഷം മുൻപുണ്ടായ ഓഖി ചുഴലിക്കാറ്റിന്റെ പേടിപ്പെടുത്തുന്ന ഓർമ്മകൾ ഉള്ളതിനാൽ സുരക്ഷാ നടപടികളിൽ ഒരുവിധ വീഴ്ചയും ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു. ദുരന്ത നിവാരണ സേനയടക്കം എല്ലാ സേനാ വിഭാഗങ്ങളെയും ഒരുക്കിനിറുത്തിയത് ഇതിന്റെ ഭാഗമാണ്. കരയിൽ മാത്രമല്ല, കടലിലും ആകാശത്തുമൊക്കെ ഏതു നിമിഷവും പ്രവർത്തനസജ്ജരായി സേനകളെ ഒരുക്കിനിറുത്തിയത് ഭീതിയിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്ക് പകർന്ന ആശ്വാസം വളരെ വലുതാണ്. ഓഖിക്കുശേഷം അഭിമുഖീകരിക്കേണ്ടിവന്ന തുടർച്ചയായ രണ്ട് പ്രളയങ്ങൾ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് ഏറെ അനുഭവ പാഠങ്ങൾ നൽകിയിട്ടുണ്ട്. ചിട്ടയോടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും ഇപ്പോൾ കഴിയുന്നു. മുൻകാലങ്ങളിൽ ലഭ്യമല്ലാതിരുന്ന അറിവും സാങ്കേതിക വൈദഗ്ദ്ധ്യവും രക്ഷാപ്രവർത്തനങ്ങളിൽ മുതൽക്കൂട്ടാവുന്നുമുണ്ട്. പ്രകൃതിദുരന്തങ്ങൾക്കു മുൻപിൽ പകച്ചുനിൽക്കുന്നതിനു പകരം സത്വരമായി ഇടപെട്ട് സാഹചര്യങ്ങൾ അനുകൂലമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചുഴലിക്കാറ്റും പ്രളയവുമൊക്കെ മുൻകൂട്ടി അറിയാനുള്ള സാങ്കേതികവിദ്യ ഇപ്പോൾ വളരെയധികം വികാസം പ്രാപിച്ചിട്ടുണ്ട്. ഇത്തരം സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് ബംഗാൾ ഉൾക്കടലിലുണ്ടാകുന്ന പല ചുഴലിക്കാറ്റുകളും ഒറീസ, ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിൽ വളരെയധികം നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. ആയിരക്കണക്കിനു ജീവനുകളെടുത്തുകൊണ്ടാണ് ഓരോ വർഷവും കടന്നുപോയിരുന്നത്. കാലാവസ്ഥാ നിരീക്ഷണവും പഠനവും മെച്ചപ്പെട്ടതോടെയാണ് ഇതിനു മാറ്റമുണ്ടായത്. ദുരന്തത്തിന്റെ വഴി അറിയാനും തീവ്രത അളക്കാനും കഴിയുന്നതിനാൽ അപകട മേഖലകളിൽ നിന്ന് ജനങ്ങളെ അപ്പാടെ ഒഴിപ്പിക്കാൻ സാധിക്കുന്നു. എത്ര ഭീകരമായ ചുഴലിക്കൊടുങ്കാറ്റിലും മനുഷ്യനാശം അങ്ങേയറ്റം പരിമിതപ്പെടുത്താൻ ഇന്നു സാദ്ധ്യമായിട്ടുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയമായി സംഘടിപ്പിക്കാനുള്ള ശേഷിയും ഇന്നു പ്രകടമാണ്. ഭൂകമ്പം പോലുള്ള നാശകാരിയായ മഹാ ദുരന്തങ്ങൾ മാത്രമാണ് മനുഷ്യന്റെ പിടിയിലൊതുങ്ങാതെ ശേഷിക്കുന്നത്.
ആഗോളതലത്തിൽ ദൃശ്യമാകുന്ന കാലാവസ്ഥാ മാറ്റങ്ങളിൽ നിന്ന് കേരളവും മുക്തമല്ലെന്നു തെളിയിക്കുന്നതാണ് സമീപകാലത്ത് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ. പ്രളയത്തോടൊപ്പം ഉരുൾപൊട്ടലുകൾ വർഷകാലത്ത് പതിവായിക്കഴിഞ്ഞു. മലനിരകൾ പലതും അപകടഭീഷണി ഉയർത്തിയാണു നില്പ്. പരിസ്ഥിതിലോല പ്രദേശങ്ങളിൽ വർദ്ധിച്ച തോതിലുള്ള മനുഷ്യ ഇടപെടലുകൾ വൻവിപത്തിനു കാരണമാകുന്നുണ്ട്. ഇതിനെതിരെ വിദഗ്ദ്ധർ ആവർത്തിച്ചു മുന്നറിയിപ്പുകൾ നൽകിയിട്ടും സമീപനം മാറ്റാൻ സർക്കാരും ജനങ്ങളും തയ്യാറാകുന്നില്ല. 2018-ലെ മഹാപ്രളയത്തിനു കാരണം അതിരുകവിഞ്ഞ പ്രകൃതി ചൂഷണമാണെന്നു തെളിഞ്ഞതാണ്. പ്രളയം സൃഷ്ടിച്ച ദുരന്തസ്മരണകൾ മായാൻ തുടങ്ങിയതോടെ എല്ലാം പഴയ പടിയായി. അടുത്ത തലമുറയുടെ ഭാവിയെ കരുതിയെങ്കിലും പ്രകൃതി സംരക്ഷണത്തിൽ സർക്കാരും ജനങ്ങളും കൂടുതൽ കരുതലും ജാഗ്രതയും കൈക്കൊണ്ടേ മതിയാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |