കൊച്ചി : സംസ്ഥാന സർക്കാരിന്റെ ഐ.ടി പദ്ധതികളിൽ നിന്ന് കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ രണ്ടു വർഷത്തേക്ക് വിലക്കിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കൂപ്പർ കമ്പനി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.ഡിസംബർ 16 നകം ഹർജിയിൽ സർക്കാർ വിശദീകരണം നൽകണം.നവംബർ 27 നാണ് പ്രൈസ് വാട്ടറിനെ വിലക്കി സർക്കാർ ഉത്തരവിറക്കിയത്. കമ്പനി കൺസൾട്ടന്റായ സർക്കാരിന്റെ സ്‌പേസ് പാർക്ക് പദ്ധതിയിൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയെ നിയമിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. കെ ഫോൺ പദ്ധതി കരാർ പുതുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. തങ്ങളെ കേൾക്കാതെയും വിശദീകരണം ചോദിക്കാതെയും വിലക്കിയത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ഹർജി നൽകിയത്. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി കമ്പനിക്ക് വേണ്ടി ഹാജരായി.
സ്വപ്നയുടെ നിയമനം എം.ഡിയുടെ ശുപാർശയിലെന്ന്
സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി ഡോ. സി. ജയശങ്കർ പ്രസാദിന്റെ ശുപാർശയനുസരിച്ചാണ് സ്വപ്നയ്ക്ക് നിയമനം നൽകിയതെന്ന് ഹർജിയിൽ പറയുന്നു.
2019 ഒക്ടോബർ 19ലെ വർക്ക് ഒാർഡർ വ്യവസ്ഥയനുസരിച്ച് ഒരു ജൂനിയർ കൺസൾട്ടന്റിനെ നിയമിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ടു. തുടർന്ന് കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ എം.ഡിയിൽ നിന്ന് ലഭിച്ച ബയോഡേറ്റ വിഷൻ ടെക്നോളജി ആൻഡ് സ്റ്റാഫിംഗ് സൊല്യൂഷൻസ് കമ്പനിക്ക് കൈമാറി. സ്വപ്നയുടെ വ്യക്തി വിവരങ്ങൾ ക്ളിയറാണെന്ന മറുപടിയെത്തുടർന്ന് വിഷൻ ടെക്നോളജിയുടെ പേ റോളിൽ ഉൾപ്പെടത്തിയായിരുന്നു നിയമനം. സ്വപ്നയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളിൽ നിന്നാണറിയുന്നത്. മതിയായ പരിശോധന നടത്താതെ സ്വപ്നയ്ക്കു നിയമനം നൽകിയതു പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 24 ന് കെ.എസ്.ഐ.ടി.ഐ.എൽ നോട്ടീസ് നൽകി. ഇതിനുശേഷമാണ് ഏകപക്ഷീയമായി വിലക്കേർപ്പെടുത്തിയതെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |