തിരുവനന്തപുരം: വഴിവിട്ട സാമ്പത്തിക ഇടപാടുകളുടെ പരമാവധി രേഖകൾ ശേഖരിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ 10ന് ചോദ്യം ചെയ്യലിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചത്. രവീന്ദ്രന്റെയും കുടുംബാംഗങ്ങളുടെയും നിക്ഷേപങ്ങൾ, സ്വത്തുവകകൾ, പണമിടപാട്, വാടകയടക്കമുള്ള വരുമാനം, ഓഹരികൾ എന്നിവയെക്കുറിച്ച് സമ്പൂർണചിത്രം ഇ.ഡിയുടെ പക്കലുണ്ട്.സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും ബന്ധുക്കളുടെ പേരിലടക്കം വൻതോതിൽ ബിനാമി സ്വത്തുണ്ടാക്കിയെന്നുമുള്ള ആരോപണങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. രവീന്ദ്രന്റെ ബിനാമിസ്വത്തെന്ന് കരുതുന്ന വടകരയിലെ ആറ് സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തുകയും ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്ത് പരിശോധന നടത്തുകയും ചെയ്തു. രവീന്ദ്രന്റെയും ഭാര്യയുടെയും ബാങ്കിടപാട് രേഖകളും വരുമാന സ്രോതസുകളും കണ്ടെത്തിയശേഷമാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്.സ്വപ്നയുടെ മൊഴിയും രവീന്ദ്രന് കുരുക്കാണ്. നയതന്ത്ര ബാഗിന്റെ മറവിൽ സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം.ശിവശങ്കറിനു മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകൾ സ്വപ്ന പറഞ്ഞതിൽ ഒരാൾ ടോറസ് ഡൗൺടൗൺ പദ്ധതിയിൽ ഉൾപ്പെട്ടയാളാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.ലൈഫ് മിഷൻ, കെ-ഫോൺ, ടോറസ് ഡൗൺടൗൺ, സ്‌മാർട്ട്സിറ്റി എന്നിവയിലെല്ലാം ശിവശങ്കറിനൊപ്പം രവീന്ദ്രന്റെ വഴിവിട്ട ഇടപെടലുണ്ടായി. 36 ലൈഫ് കരാറുകളിൽ 26ഉം രണ്ട് കമ്പനികൾക്ക് ലഭിച്ചത്, ടെൻഡറിനു മുൻപ് വിവരങ്ങൾ ചോർത്തിയതിലൂടെയാണെന്നും ഇ.ഡി സംശയിക്കുന്നു. വടകരയിലെ ബന്ധുവിനെയും മറ്റുചിലരെയും ബിനാമിയാക്കി ഭൂമി വാങ്ങിക്കൂട്ടിയെന്നും വടകരയിലെ സ്വർണക്കടയിലും ഇലക്ട്രോണിക്സ് സ്ഥാപനത്തിലും ഷോപ്പിംഗ് മാളുകളിലും പങ്കാളിത്തമുണ്ടെന്നും മൊബൈൽ ഫോൺ വിപണന ഏജൻസിയുണ്ടെന്നും ഇ.ഡിക്ക് വിവരം കിട്ടി. ഉറ്റബന്ധുവിന്റെ പേരിൽ ഷോപ്പിംഗ് കോംപ്ലക്സ്, വടകരയിൽ വസ്ത്രശാല, ഹോട്ടൽ, തലശേരിയിൽ ബഹുനില കെട്ടിടം എന്നിവയും ബിനാമിയിടപാടാണ്.
ഊരാളുങ്കലുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണമുണ്ട്. രവീന്ദ്രന്റെ ഭാര്യ 88 ലക്ഷംരൂപ വിലയുള്ള മണ്ണുമാന്തിയന്ത്റം മണിക്കൂറിന് 2500 രൂപയ്ക്ക് വാടകയ്ക്ക് നൽകി ലക്ഷങ്ങൾ നേടിയെന്ന് കണ്ടെത്തി. ഇതിന്റെ ബാങ്കുരേഖകളും കണ്ടെത്തി. 2018 മുതൽ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയിൽ യന്ത്റം പ്രവർത്തിക്കുന്നുണ്ട്.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പന്ത്റണ്ട് സ്ഥാപനങ്ങളിൽ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ ഓഹരിയുണ്ടെന്നും വിവരം കിട്ടിയിട്ടുണ്ട്.
ചോദ്യം ചെയ്യൽ പോളിംഗ് ദിനത്തിൽ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. സംശയത്തോടെയാണ് ഇതിനെ സർക്കാർ കാണുന്നത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് അന്ന് വോട്ടെടുപ്പ്. 14ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും വോട്ടെടുപ്പുണ്ട്. ഈ സമയത്തെ ചോദ്യംചെയ്യൽ യാദൃച്ഛികമല്ലെന്നാണ് വിലയിരുത്തൽ.
സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡി. നോട്ടീസ്; 10 ന് ഹാജരാകണം
കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഈ മാസം പത്തിന് ചോദ്യംചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്‌സ് മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) നോട്ടീസ് നൽകി. ഇത് മൂന്നാമത്തെ നോട്ടീസാണ്.കൊച്ചി ഓഫീസിലാണ് ചോദ്യംചെയ്യൽ. ആദ്യ നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രന് കൊവിഡ് ബാധിച്ചു. രണ്ടാമത് നോട്ടീസ് നൽകിയപ്പോൾ കൊവിഡാനന്തര പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ അഡ്‌മിറ്റായി. അന്വേഷണസംഘത്തിന് മുമ്പിൽ ഹാജരാകാത്തത് തെറ്റായ സന്ദേശം നൽകുമെന്ന് സി.പി.എം അഭിപ്രായപ്പെടുകയും രവീന്ദ്രനുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തുകയും ചെയ്തതോടെ രവീന്ദ്രൻ ആശുപത്രിവാസം അവസാനിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ, സ്വപ്‌ന സുരേഷ് എന്നിവരുടെ മൊഴികളെ അടിസ്ഥാനമാക്കി കെ -ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാട് കണ്ടെത്താൻ നടത്തുന്ന അന്വേഷണമാണ് രവീന്ദ്രന്റെ ചോദ്യംചെയ്യലിലേക്ക് എത്തിയത്. രവീന്ദ്രന് നിക്ഷേപമുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. സ്വത്തു വിവരങ്ങൾ അറിയിക്കാൻ സംസ്ഥാന രജിസ്‌ട്രേഷൻ വകുപ്പിന് അന്വേഷണസംഘം കത്ത് നൽകി. ഈ റിപ്പോർട്ട് ലഭിച്ച ശേഷം ചോദ്യംചെയ്യാനാണ് പത്താം തീയതി നിശ്ചയിച്ചത്. രവീന്ദ്രന്റെ ഭാര്യയ്ക്ക് ഉൗരാളുങ്കൽ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. 80 ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തി യന്ത്രം 2018 മുതൽ സൊസൈറ്റിക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |