തിരുവനന്തപുരം: മൂന്ന് വർഷം മുമ്പ് തീരദേശത്തെ കവർന്നെടുത്ത 'ഓഖി' യുടെ പേടിയിൽ ന്യൂനമർദ്ദം, ചുഴലിക്കാറ്റ്, മഴ എന്നിവയെ കുറിച്ച് മുന്നറിയിപ്പുണ്ടായാൽ സർക്കാരിനും ജനങ്ങൾക്കും ആധിയാണ്. പിന്നെ നടത്തുന്ന മുന്നൊരുക്കങ്ങളെല്ലാം അധികമായി പോകുന്ന സ്ഥിതിയാണ്.
2017 നവംബർ 30ന് ഇന്ത്യയുടെ തെക്കൻ തീരദേശ ഗ്രാമങ്ങളിൽ ഭീതിപരത്തി മുന്നൂറോളം പേരുടെ മരണത്തിനും നൂറോളം പേരെ കാണാതാകുന്നതിനും ഇടയാക്കിയ ഓഖിയുടെ മൂന്നാം വാർഷികത്തിലാണ് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നതും അതിന്റെ സഞ്ചാരപാത കേരള തീരത്തിനോട് വീണ്ടും അടുത്തുവന്നതും. അതോടെ മുന്നറിയിപ്പുകളെ വലിയ ഗൗരവത്തിലാണ് കേന്ദ്രസംസ്ഥാന സർക്കാരുകളും കാലാവസ്ഥാനിർണയ കേന്ദ്രങ്ങളും ദുരന്തനിവാരണ അതോറിറ്റിയുമെല്ലാം എടുത്തത്. നവംബർ 28ന് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി രൂപപ്പെട്ട ഈ ചുഴലിക്കാറ്റ് ഡിസംബർ രണ്ടോടെ വടക്കൻ ശ്രീലങ്കയുടെ മുകളിൽക്കൂടി കടന്ന് തെക്കൻ തമിഴ്നാട് തീരത്തോട് അടുത്തുവരികയും ഡിസംബർ മൂന്നോടെ കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കൻ തീരപ്രദേശത്തിനടുത്തുകൂടി ശ്രീലങ്കയുടെ പടിഞ്ഞാറുഭാഗത്തും ഇന്ത്യയുടെ തെക്കൻ തീരത്തിന് തെക്കുഭാഗത്തുമുള്ള കോമോറിന് ഭാഗത്ത് മണിക്കൂറിൽ 60 -70 കിലോമീറ്റർ വരെ വേഗമുള്ള ചുഴലിക്കാറ്റായി പ്രവേശിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതനുസരിച്ച് വിപുലമായ മുന്നൊരുക്കങ്ങളാണ് സംസ്ഥാനസർക്കാരെടുത്തത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും മുഖ്യമന്ത്രി പിണറായിവിജയനോട് സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ഒാഖിയിൽ മുന്നൊരുക്കത്തിന് വീഴ്ചയുണ്ടായെന്ന ആക്ഷേപം പരിഗണിച്ച് ആദ്യ മുന്നറിയിപ്പുണ്ടായ നവംബർ 28 ന് തന്നെ മുൻകരുതൽ നടപടികൾ തുടങ്ങി. വിമാനത്താവളം അടച്ചു. കാറ്റ് കടന്നുപോകാനിടയുള്ള ജില്ലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ 2891 ദുരിതാശ്വാസ ക്യാമ്പുകൾ തെക്കൻ ജില്ലകളിൽ സജ്ജമാക്കി. ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന,ജില്ലാ,താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും തുറന്നു.
വൈദ്യുതി, കുടിവെള്ളം, അഗ്നിശമനസേന, പൊലീസ്, വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കും നിർദ്ദേശം നൽകി. പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, സിവിൽ ഡിഫൻസ് തുടങ്ങിയ രക്ഷാസേനകളെ ആവശ്യമായ ഇടങ്ങളിൽ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 8 ടീമുകളെയും വിന്യസിച്ചു. വ്യോമസേനയോട് ഹെലികോപ്ടറും ഫിക്സഡ് വിംഗ് എയർക്രാഫ്റ്റും തയ്യാറാക്കി നിറുത്തി നാവികസേനയോട് അറബിക്കടലിൽ 30 നോട്ടിക്കൽ മൈൽ അകലെയായി കപ്പലുകൾ തയ്യാറാക്കി നിറുത്താൻ ആവശ്യപ്പെട്ടു. ആർമിയോടും അർദ്ധസൈനിക വിഭാഗങ്ങളോടും സജ്ജരായി ഇരിക്കാൻ ആവശ്യപ്പെട്ടു. ടെലികോം ഓപ്പറേറ്റർമാരോട് കമ്യൂണിക്കേഷൻ ഓൺ വീൽസ് സൗകര്യം തയ്യാറാക്കി വയ്ക്കാനും ഡീസൽ ജനറേറ്ററുകൾ ടവറുകളിൽ സജ്ജമാക്കാനും നിർദേശം നൽകി.
സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താൻ ആർമി, നേവി, എയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, കോസ്റ്റ്ഗാർഡ് തുടങ്ങിയ സേനകളുടെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. സംസ്ഥാനത്ത് ഹെൽപ് ലൈനും ജില്ലകളിൽ അവധിയും നൽകി.മത്സ്യത്തൊഴിലാളികളെ നാല് ദിവസം കടലിൽ പോകുന്നതിൽ നിന്ന് വിലക്കി.
അതേസമയം, ഇത്രയും മുൻകരുതലുകൾ നൽകിയിട്ടും ഒന്നും സംഭവിക്കാതിരുന്നത് മുന്നറിയിപ്പുകളെ ലാഘവത്തോടെ കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |