കസ്റ്റംസ്- ഇ.ഡി സംയുക്ത അന്വേഷണം
തിരുവനന്തപുരം: രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിയ റിവേഴ്സ് ഹവാല ഇടപാടിലുൾപ്പെട്ടത് എത്ര ഉന്നതനായാലും കണ്ടെത്തുന്നതിന് അന്വേഷണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. ഇതോടെ വൻ സ്രാവുകളുൾപ്പെടെ ഇടപാടിലുൾപ്പെട്ടവരെല്ലാം കുരുങ്ങുമെന്നുറപ്പായി.
കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാവും അന്വേഷിക്കുക. കോൺസുലേറ്റിലെ ഉന്നതരും നിരവധി വിദേശികളുമുൾപ്പെടെ പ്രതികളായേക്കും. ഡിപ്ലോമാറ്റിക് ചാനലിലൂടെയുള്ള റിവേഴ്സ് ഹവാല ഉന്നതർക്ക് കുരുക്കാവുമെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്നു വർഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാട് നടത്തുന്നതായാണ് കണ്ടെത്തൽ. കോൺസുലേറ്റിലെ പണമിടപാട് സ്ഥാപനത്തിലൂടെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിദേശനാണ്യ വിനിമയ ഏജൻസികളിലൂടെയും ബാങ്കുകൾ വഴിയുമാണ് അനധികൃതമായി ഡോളർ ശേഖരിച്ചത്. കള്ളപ്പണം സുരക്ഷിതമായി യു.എ.ഇയിൽ എത്തിക്കാൻ സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷൻ ലഭിച്ചിരുന്നു.
ഡോളർ കടത്ത് എം.ശിവശങ്കറിന്റെ അറിവോടെയും സഹായത്തോടെയുമായിരുന്നു. ജൂണിൽ വന്ദേഭാരത് വിമാനത്തിൽ അഞ്ച് വിദേശികൾക്ക് ദുബായിലേക്ക് ടിക്കറ്റെടുക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നു. ഇവരുടെ ബാഗുകളിലും വിദേശകറൻസി കടത്തിയെന്നാണ് കണ്ടെത്തൽ. ഇവർ സർക്കാർ പരിപാടികളിൽ അതിഥികളായി വന്നതാണെണാണ് വിവരം. പരിപാടികളുടെ ഏകോപനം സ്വപ്നയായിരുന്നു. അതിഥികൾക്ക് വിമാനത്താവളത്തിൽ പരിശോധനയില്ലാത്ത ഗ്രീൻചാനൽ അനുവദിച്ചിരുന്നു.
നയതന്ത്ര പാഴ്സലുകളിൽ വിദേശ കറൻസി കേരളത്തിലെത്തിച്ചതായും കസ്റ്റംസിന് വിവരമുണ്ട്. യു.എ.ഇ കോൺസുലേറ്റിന്റെ ജീവകാരുണ്യ അക്കൗണ്ടുകളിലൂടെ 140കോടി എത്തിച്ചു. ഇതിൽ ഒരു അക്കൗണ്ടിലെ 58 കോടിയിൽ നാലു കോടി മാത്രമാണ് ശേഷിക്കുന്നത്.
കടത്തുംമുമ്പ് കോൺസുലേറ്റിലെ
സ്കാനറിൽ പരിശോധന
കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തത് സ്വപ്നയും കോൺസുലേറ്റിലെ ഖാലിദും ചേർന്ന്. കോൺസുലേറ്റിന്റെ രേഖകൾ നൽകി അനൗദ്യോഗിക അക്കൗണ്ടുകൾ തുറന്നു
റിവേഴ്സ് ഹവാലയിടപാട് നടന്നത് കോൺസൽ ജനറൽ അടക്കമുള്ളവരുടെ ഒത്താശയോടെ. ബാഗ് വിമാനത്താവളത്തിൽ പിടിക്കപ്പെടുമോയെന്ന് പരിശോധിച്ചത് കോൺസുലേറ്റിലെ സ്കാനറിൽ
ലൈഫ് മിഷനിലെ കോഴ 1.90ലക്ഷം ഡോളറാക്കി (1.40കോടി ) കടത്തിയത് ഖാലിദ്. തിരുവനന്തപുരത്തു നിന്ന് മസ്‌കറ്റ് വഴി കെയ്‌റോയിലേക്കാണ് പോയത്. സ്വപ്നയും സരിത്തും മസ്‌കറ്റ് വരെ അനുഗമിച്ചു
സ്വപ്നയുമായുള്ള ഉന്നതന്റെ വാട്സ്ആപ്
സന്ദേശങ്ങൾ വീണ്ടെടുത്തു
തിരുവനന്തപുരം: സ്വപ്നയും ഭരണഘടനാ പദവിയിലുള്ള ഉന്നതനും തമ്മിലുള്ള വാട്സ് ആപ് സന്ദേശങ്ങൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തു. കഴിഞ്ഞ രണ്ടു വർഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണിൽ നിന്നു ശാസ്ത്രീയ അന്വേഷണത്തിലൂടെ വീണ്ടെടുത്തത്. ഡോളർ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ. സ്വപ്നയ്ക്കൊപ്പം ഇദ്ദേഹം നാലുവട്ടം വിദേശയാത്ര
നടത്തിയതിന്റെയും ഗ്രീൻ ചാനൽ സൗകര്യമുപയോഗിച്ച് സ്വന്തം ബാഗിൽ ഡോളർ കടത്തിയതിന്റെയും വിവരങ്ങൾ വീണ്ടെടുത്ത ചാറ്റിലുണ്ടെന്നാണ് വിവരം. ഏതാനും വർഷങ്ങൾക്കിടെ 20 തവണത്തെ വിദേശയാത്രയുടെയും സ്വപ്നയുമായുള്ള വ്യക്തിബന്ധത്തിന്റെയും വിദേശത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ ഈ ദൈനംദിന ചാറ്റുകളിലുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |