ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ ചിത്രങ്ങളുമായി പുതുവർഷത്തിലും ഫഹദ് ഫാസിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്നു..
അൻവർ റഷീദിന്റെ ട്രാൻസും മഹേഷ് നാരായണന്റെ സീ യൂ സൂണുമാണ് കഴിഞ്ഞ വർഷം ഫഹദ് ഫാസിലിന്റെ ക്രെഡിറ്റിലുണ്ടായിരുന്ന ചിത്രങ്ങൾ. ട്രാൻസ് തിയേറ്റർ റിലീസായെത്തിയപ്പോൾ കൊവിഡ് കാലത്ത് ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് സീ യൂ സൂൺ റിലീസ് ചെയ്തത്.ഫഹദിലെ അഭിനേതാവിന്റെ 'ക്ളാസ് " വ്യക്തമാക്കിയതായിരുന്നു ഇരു ചിത്രങ്ങളും.മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച മാലിക്കാണ് റിലീസിന് ഒരുങ്ങിക്കഴിഞ്ഞ ഫഹദ് ചിത്രം.നവാഗതനായ സഹീദ് ആറാഫത്ത് സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രമായ തങ്കം പൂർത്തിയാകാനുണ്ട്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് വർക്കിംഗ് ക്ളാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ , രാജൻ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തങ്കത്തിൽ ഫഹദിനൊപ്പം ജോജു ജോർജും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ശ്യാം പുഷ്കരന്റേതാണ് രചന. സംഗീതം: ബിജിബാൽ.
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധായകനാകുന്ന ചിത്രവും ഫഹദിന് പൂർത്തിയാക്കാനുണ്ട്. മുംബൈയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഹൈദരാബാദിലാണ് നടന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഫഹദ് ജോയിൻ ചെയ്യും മുൻപേ ചിത്രം ഷെഡ്യൂൾ പായ്ക്കപ്പ് ചെയ്യുകയായിരുന്നു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീൻ സംവിധാനം ചെയ്യുന്ന ഇരുൾ ഫഹദ് പൂർത്തിയാക്കിക്കഴിഞ്ഞു. കുട്ടിക്കാനത്ത് ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ ദർശന രാജേന്ദ്രനാണ് നായിക.ആന്റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇരുളിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നതും ജോമോൻ ടി. ജോണാണ്.
ശ്യാം പുഷ്കരന്റെ രചനയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയിലാണ് ഫഹദ് ഇപ്പോഴഭിനയിക്കുന്നത്. ഈരാറ്റുപേട്ട എരുമേലി ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ജോജി ജനുവരി പത്തിന് പൂർത്തിയാകും.
ഫാസിൽ നിർമ്മിച്ച് മഹേഷ് നാരായണൻ രചനയും ഛായാഗ്രഹണവും നിർവഹിക്കുന്ന മലയൻകുഞ്ഞിലാണ് 2021ൽ ഫഹദ് ആദ്യമഭിനയിക്കുന്നത്. ഫെബ്രുവരിയിൽ തൊടുപുഴയിൽ ചിത്രീകരണം തുടങ്ങും.നേരം, പ്രേമം എന്നീ സൂപ്പർഹിറ്റുകളൊരുക്കിയ അൽഫോൺസ് പുത്രന്റെ പാട്ടാണ് പുതുവർഷത്തിൽ ഫഹദ് അഭിനയിക്കുന്ന മറ്റൊരു പ്രോജക്ട്.മാനഗരം, കൈദി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കും ഫഹദിന് ക്ഷണമുണ്ട്. കമൽഹാസൻ നായകനാകുന്ന ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ് ഫഹദിനെ കാത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ചർച്ചകൾ നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |