തിരുവനന്തപുരം: ''ചിറക് ആവോളം വിരിച്ച് ആകാശത്ത് വിഹരിക്കുവാനാണ് കവിതയ്ക്ക് സഹജമായുള്ള അഭിനിവേശം. അതുകൊണ്ടാണ് അബോധപൂർവം കവിതയോട് അടുക്കുന്നവർ കാൽപ്പനികതയുടെ തേരേറി മണ്ണിൽ നിന്നും ഉയർന്നു പൊങ്ങുന്നത്.''-കവികളുടെ ഭാവന വിണ്ണേറുന്നതിനെ കുറിച്ച് ഒരിക്കൽ നീലമ്പേരൂർ മധുസൂദനൻ നായർ എഴുതി. എന്നാൽ മനുഷ്യന് മണ്ണിലേ കാലുറയ്ക്കൂ എന്നും കവിത മണ്ണിനെ കുറിച്ച് കൂടി ഉള്ളതാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇടശ്ശേരി കവിതകളോടായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം
തന്റേതായ ശരികളിൽ ഉറച്ച് നിന്ന് കവിത എഴുതുകയും ആ പക്ഷത്തിൽ വെള്ളത്തിൽ ചേർക്കാതെ എങ്ങനെ ജീവിക്കാമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് നീലമ്പേരൂർ മധുസൂദനൻ നായർ വിട പറഞ്ഞത്. നീലമ്പേരൂരിന്റെ ശരിപക്ഷം മിക്കപ്പോഴും ഇടതുപക്ഷമായിരുന്നു. ആ പക്ഷത്തോടു ചേർന്നു നിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത നിരീക്ഷണങ്ങൾ. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായിമൊക്കെ പ്രവർത്തിച്ചിരുന്നുവെങ്കിലും ഒരിക്കൽ പോലും സി.പി.എമ്മിൽ അംഗത്വം എടുത്തിരുന്നില്ല.
അവാർഡിനു വേണ്ടി പുസ്തകം അയക്കാതിരുന്ന നീലമ്പേരൂരിനെ തേടിയാണ് നിരവധി അവാർഡുകൾ എത്തിയത്. പ്രസാധകരും സുഹൃത്തുക്കളുമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അവാർഡ് കമ്മിറ്റികൾക്ക് അയച്ചിരുന്നത്. സംഘടനാ പ്രവർത്തനത്തിൽ അച്ചടക്കവും കാർക്കശ്യവും കാണിച്ചിരുന്ന നീലമ്പേരൂർ പക്ഷെ, എല്ലാവരുടെ മുന്നിലും സൗമ്യനായിരുന്നു.
ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും അവകാശങ്ങൾക്കായി മേലുദ്യോഗസ്ഥരോട് കലഹിച്ചിട്ടുണ്ട്. 'അസഹ്യത' എന്ന കവിതയിൽ അതിന്റെ സൂചനകളുണ്ട്
''വയ്യെനിക്കീ നഗ്‌ന-
സത്യങ്ങളെൻ കണ്ണിൽ
കത്തുന്നതൊട്ടും
സഹിച്ചു നിൽക്കാൻ സഖേ!''
കവിതയുടെ പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ മടിയില്ലായിരുന്നു. വിശാലമായ അർത്ഥം ധ്വനിപ്പിക്കുന്ന ധാരാളം ചെറുകവിതകളും എഴുതി.
'നാക്കു സൂക്ഷിക്കുക' എന്ന ചെറുകവിത ഇങ്ങനെ
രാജാവു നഗ്നനെന്നു
കേട്ടതു നേരോ? ചോദ്യം!
നേരല്ലോ കേട്ടതെന്നു
വാക്കിന്റെ ചിറകൊച്ച!
എങ്കിലാ വാക്കിൻ നാക്കു
വെട്ടുകെന്നാജ്ഞ! പിന്നെ
സന്ദേഹമെന്ത്? കാക്ക
കൊത്തുന്നു നാക്കിൻ തുണ്ടം!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |