മഹാകവി കുമാരനാശാന്റെ വിയോഗത്തിന് 97 വയസ്. അദ്ദേഹത്തിന്റെ അകാലനിര്യാണം സംബന്ധിച്ച് അത്യന്തം വേദനാജനകവും അധികമാരും അറിഞ്ഞിട്ടില്ലാത്തതുമായ ചരിത്രസത്യങ്ങൾ...
എഴുത്തച്ഛനുശേഷം മലയാളം കണ്ട ഏറ്റവും വലിയ മഹാകവി കുമാരനാശാന്റെ അകാലനിര്യാണം സംബന്ധിച്ച് അത്യന്തം വേദനാജനകവും അധികമാരും അറിഞ്ഞിട്ടില്ലാത്തതുമായ ചരിത്രസത്യങ്ങൾ വായനക്കാർക്ക് പുതിയൊരനുഭവമായിരിക്കും. പല്ലനയാറിന്റെ തീരത്തുനടന്ന സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയവരിൽ ഒരാളായ എൻ. കൃഷ്ണൻ നൽകുന്ന ദൃക്സാക്ഷി വിവരണം മർമ്മഭേദകവും മനസിനെ മരവിപ്പിക്കുന്നതുമാണ്.
1099 മകരം 3-ാം തീയതി (1924 ജനുവരി 16) വെളുപ്പിന് മൂന്നുമണിക്ക് ട്രാവൻകൂർ ആന്റ് കൊച്ചിൻമോട്ടോർ സർവ്വീസ് വക റഡീമർബോട്ട് കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. 128 യാത്രക്കാരും എട്ടുജീവനക്കാരും ബോട്ടിലുണ്ടായിരുന്നു. കുമാരനാശാന്റെ മൃതശരീരം പത്തടി ആഴമുള്ള ആറ്റിൽ നിന്ന് പിറ്റേന്നാണ് കണ്ടെടുത്തത്.
''കോട്ടയം നാഗമ്പടം ആചന്ദ്രതാര പ്രശോഭിനി" സഭയുടെ വാർഷികയോഗത്തിൽ അദ്ധ്യക്ഷം വഹിക്കണമെന്ന ഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ചുള്ള യാത്രയായിരുന്നു. ഇതുസംബന്ധിച്ച് സഭാസെക്രട്ടിക്ക് അയച്ച കത്തുകളിൽ അസൗകര്യം അറിയിച്ചെങ്കിലും അവരുടെ നിർബന്ധത്തിന് വഴങ്ങി യാത്രയ്ക്കിറങ്ങുകയായിരുന്നു. മൂന്നാമതെഴുതിയ കത്തിലെ ചില വാചകങ്ങൾ അറം പറ്റിയതുപോലെ ആയി.'' ഞാൻ മറ്റന്നാൾ വൈകുന്നേരം ഇവിടെ വിടുന്നു. അതുകൊണ്ട് മേലാൽ ഇവിടത്തേക്ക് കത്തുകൾ അയയ്ക്കേണ്ടതില്ല. ഒഴിച്ചുകൂടാനാകാത്ത വല്ല സംഗതിയാലും എനിക്ക് പക്ഷേ വന്നുചേരാൻ കഴിയാതെ പോയാൽ സംഗതിക്ക് വിഘ്നം കൂടാതിരിപ്പാൻവേണ്ട മുൻകരുതലുകൾ ചെയ്താൽ നന്ന്." സഭാ സെക്രട്ടറി ശങ്കുവിന് My dear Sanku എന്ന അഭിസംബോധനയോടുകൂടി 01-06-99ൽ കുമാരനാശാൻ എഴുതിയ ഈ കത്തിലെ വാചകങ്ങൾ അറം പറ്റിയതുപോലെ ആയിപ്പോയി."" (മഹാകവി കുമാരനാശാൻ - സി. ഒ.കേശവൻ)
''മകരം 3ന് അർദ്ധരാത്രി കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബോട്ടപകടം ഉണ്ടായതും ആശാൻ മരിച്ചതും. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടുകിട്ടിയത് സംഭവം കഴിഞ്ഞ് 26 മണിക്കൂറിന് ശേഷമാണ്. അതിനകം അതിദാരുണമായ ആ മരണവാർത്ത നാടൊട്ടുക്ക് അറിഞ്ഞുകഴിഞ്ഞിരുന്നു. ചില ദിക്കുകളിൽ നിന്നും അദ്ദേഹത്തിന്റെ ആരാധകർ പല്ലനയിൽ വന്നെത്തി. മൃതദേഹം സംസ്കരിക്കുന്നതിനെപ്പറ്റിയുള്ള അവകാശവാദങ്ങൾ ഉണ്ടായി. ആലപ്പുഴ, കൊല്ലം, തോന്നയ്ക്കൽ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങിയെങ്കിലും പല്ലന നിവാസികളുടെ നിർബന്ധത്തിന് വഴങ്ങി അവിടെതന്നെ കല്ലറകെട്ടി അടക്കുകയാണ് ചെയ്തത്." (കുമാരനാശാൻ, എം.കെ. കുമാരൻ, ഡോ. കെ.ശ്രീനിവാസൻ)
മഹാകവി കുമാരനാശാന്റെ മരണവാർത്ത 1924 ജനുവരി 24ന് ഇറങ്ങിയ 'കേരളകൗമുദി" വിശദമായി പ്രസിദ്ധീകരിച്ചു. ഭാരത കാഹളത്തിൽ എൻ. കൃഷ്ണൻ എഴുതിയ ലേഖനം കൗമുദി വീണ്ടുംപ്രസിദ്ധീകരിച്ചു. ആശാന്റെ ചരമവും ചരമാനന്തരചടങ്ങുകളും സംബന്ധിച്ച് ഒരു ജീവചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ലാത്ത വിശദാംശങ്ങളടങ്ങിയ ആ ലേഖനം: - ''നേരം ഏകദേശം മൂന്നുമണിയായിരുന്നു. ആ അവസരത്തിൽ കമ്പനി കാഷ്യർ മിസ്റ്റർ ഗോപാലൻ വന്ന് കൊല്ലത്തുനിന്ന് ഇന്നലെ രാത്രി വിട്ട ബോട്ട് തൃക്കുന്നപ്പുഴയ്ക്കടുത്ത് പല്ലന (പുത്തൻകരി)വളവിൽ മറിഞ്ഞുപോയെന്നും മഹാകവി എൻ. കുമാരനാശാൻ കൂടി ബോട്ടിൽ ഉണ്ടായിരുന്നതായി കേൾക്കുന്നെന്നും പറഞ്ഞു. ഭയങ്കരമായ അപകടമൊന്നും സംഭവിച്ചിരിക്കയില്ലെന്ന് എനിക്ക് ഒന്നാമതായി തോന്നി. ഉടനേ തന്നെ ബോട്ടുകടവിൽ പോയി വിവരം അറിഞ്ഞുവരാൻ ഒരാളെ അയച്ചു. അയാൾ മടങ്ങിവരുന്നതിനു മുമ്പായിത്തന്നെ ബോട്ടിൽ നിന്നു രക്ഷപ്പെട്ടുവന്ന ഒരാളെ കണ്ട് സംസാരിച്ച് ഒരാൾ വന്നു. ബോട്ടിൽ ആശാൻ ഉണ്ടായിരുന്നതായി അയാൾ പറഞ്ഞുകേട്ടപ്പോൾ ഞങ്ങളെല്ലാവരും നടുങ്ങിപ്പോയി. ശരിയായ വിവരം ആർക്കും അറിവില്ലായിരുന്നു. അതിനിടയ്ക്ക് തൃക്കുന്നപ്പുഴയിൽ നിന്നും എന്റെ പരിചിതനായിരുന്ന ഒരാൾ ഓഫീസിലേക്ക് കടന്നുവന്നു. അയാളുടെ പിറകേ വേറെയും മൂന്നുനാലാളുകളുണ്ടായിരുന്നു. ''തൃക്കുന്നപ്പുഴ നിന്നല്ലെ വരുന്നത്. ബോട്ടുമറിഞ്ഞ വിവരം വല്ലതും അറിഞ്ഞോ" എന്നും ഞാൻ അയാളോട് ചോദിച്ചു. അറിഞ്ഞു; ഞാൻ അവിടെ നിന്നും ഈ വിവരം പറയുന്നതിനു വന്നതാണ് എന്ന് അയാൾ പറഞ്ഞു. ആശാൻ ബോട്ടിലുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ വേലായുധൻ ചാന്നാൻ (ട്രാവൻകൂർ പ്രൊഡ്യൂസ് കമ്പനി മാനേജിംഗ് ഡയറക്ടർ) അവർകളുടെ മകൻ നാണുവും ബോട്ടിൽ ഉണ്ടായിരുന്നെന്നും നാണു കരയ്ക്ക് കയറിയിട്ടുണ്ടെന്നും ആശാൻ അവർകളെ കണ്ടെത്തീട്ടില്ലെന്നും അറിയിച്ചു. ഇതോടുകൂടി അവിടെ ആകെ ബഹളമായി. ബോംബെ കമ്പനി വകയും മഡ്യൂര കമ്പനിവകയും ഓരോ ബോട്ടുകൾ ബാക്കിയുണ്ടെന്ന് കേട്ടപ്പോൾ അതിൽ ഏതെങ്കിലും ഒരു ബോട്ടു പിടിക്കുന്നതിന് കടപ്പായി വേലായുധൻ ചാന്നാരവർകളോടപേക്ഷിക്കുകയും അദ്ദേഹം ഉടൻതന്നെ കെ.എം. അയ്യപ്പുണ്ണിയെയും കൂട്ടി റിക്ഷാപിടിച്ച് ബോംബെ കമ്പനിയിൽ ചെന്ന് വളരെ പണിപ്പെട്ട് അവിടത്ത് ഹെഡ് ക്ലാർക്ക് വിശ്വനാഥയ്യരുടെ സഹായത്തോടുകൂടി രാത്രി ഒൻപതുമണിക്ക് തിര്യെ എത്തിച്ചുകൊടുക്കാമെന്നുള്ള വ്യവസ്ഥയിന്മേൽ അവരുടെ ബോട്ട് വിടുന്നതിന് ശട്ടം കെട്ടി. ബോട്ടിൽ കയറുന്നതിനുമുമ്പായി ഞങ്ങൾ വിവരം കെ.എം. കൃഷ്ണൻ വക്കീൽ അവർകളെ ധരിപ്പിച്ചു.
അദ്ദേഹവും വക്കീൽ പി.കെ. ദാമോദരൻ അവർകളും ഉടൻ സ്ഥലത്തെത്തി. ഞങ്ങൾ 15 പേർ പല്ലനയ്ക്കായി ബോട്ടിൽ പുറപ്പെട്ടു. ആ സമയത്ത് ബോട്ടുകടവിൽ ഏകദേശം നാന്നൂറില്പരം ആളുകൾ ഉണ്ടായിരുന്നു. ഞങ്ങളോട് ഒന്നിച്ചുവരാൻ ഒരുങ്ങിയ ഏകദേശം നൂറിൽ ചില്വാനം ആളുകളെ സ്നേഹവാക്ക് പറഞ്ഞ് തടുത്തു കരയ്ക്ക് നിറുത്തി. നാലരമണിക്ക് വിട്ട ബോട്ട് ആറേമുക്കാൽ മണിക്ക് അപകടം സംഭവിച്ച സ്ഥലത്ത് വന്നുചേർന്നു. വഴിക്ക് ഞങ്ങൾ മൂന്നുബോട്ടുകളുമായി കണ്ടു. അവരോട് വിവരങ്ങൾ ചോദിച്ചതിൽ രണ്ടുബോട്ടുകൾ ഒരക്ഷരം പോലും മറുപടി പറയാതെ പോയി. മറിഞ്ഞ ബോട്ട് പൊക്കിയെടുത്തിട്ടില്ലെന്ന് മൂന്നാമത്തെ ബോട്ടുകാർ പറഞ്ഞു. ഞങ്ങൾ തോട്ടപ്പള്ളിയിൽ എത്തിയപ്പോൾ ആശാൻ മരിച്ചുപോയെന്നും ശരീരം കരയ്ക്ക് കിട്ടിയിട്ടില്ലെന്നും ഉള്ള വിവരം ക്യനാൽ ഡിപ്പാർട്ട്മെന്റിലെ ജോലിക്കാരിൽ നിന്നറിഞ്ഞു. ഏകദേശം ഒരു നൂറടി അകലത്തിലായി ഒരു ഒഴിഞ്ഞ കടയുണ്ടായിരുന്നതിന്റെ മുൻവശത്ത് ഒരു കസാലയിൽ ഹരിപ്പാട് പൊലീസ് ഇൻസ്പെക്ടറും നിലത്ത് നാലഞ്ച് പൊലീസുകാരും ഇരുന്ന് മഹസർ തയ്യാറാക്കുന്നുണ്ടായിരുന്നു. ബോട്ട് മുകൾഭാഗം ഒഴികെ എല്ലാം ഞൊടിയിൽ താണു സ്വല്പം ചരിഞ്ഞാണ് കിടന്നിരുന്നത്. ആറ്റിന് ഒരു അൻപതടിയിൽ കൂടുതൽ വീതി കാണുന്നതല്ല. എന്നാൽ രണ്ടുവക്കിലും കാട്ടുചെടികൾ നിബിഡമായി വളരുന്നുണ്ട്. ഏകദേശം 15 അടി ആഴം കാണും. മുങ്ങിത്തപ്പി എടുക്കുന്നതിനോ ബോട്ട് നിവർത്തുന്നതിനോ ആളെ കിട്ടുമോ എന്നായിരുന്നു ഞങ്ങളുടെ ഒന്നാമത്തെ അന്വേഷണം. ആളെ കൊണ്ടുവരാമെന്ന് സ്ഥലത്തുള്ള ചില ഈഴവ യുവാക്കന്മാർ പറഞ്ഞു. ഞങ്ങൾ പൊലീസ് ഇൻസ്പെക്ടറെ കണ്ടു. ഞങ്ങൾ ആലപ്പുഴ നിന്നു വരുന്നതാണെന്നും ആശാന്റെ ആളുകളാണെന്നും പറഞ്ഞതിനു പുറമേ ബോട്ടിനു ചുറ്റും മുങ്ങിത്തപ്പുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും പറഞ്ഞു. നാളെ കാലത്ത് മുങ്ങിത്തപ്പാമെന്നും മനുഷ്യപ്രയത്നം കൊണ്ട് സാധിക്കാവുന്ന സകല വിദ്യകളും അവർ നോക്കികഴിഞ്ഞെന്നും മുങ്ങുന്നേടത്ത് മുതലകൾ ധാരാളം ഉണ്ടെന്നും അതുകൊണ്ട് അന്വേഷണങ്ങൾ നാളേക്കാക്കിയാൽ മതിയെന്നും ഇൻസ്പെക്ടർ പറഞ്ഞു. അതല്ല അപ്പോൾതന്നെ ഞങ്ങൾക്ക് പരിശോധിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോൾ അതു പറ്റില്ല, ബോട്ടിൽ ഉണ്ടായിരുന്നവരുടെ പത്തുമൂവായിരം രൂപയുടെ മുതലെങ്കിലും അതിൽ കാണുമെന്നും അത് പൊലീസ് മേൽനോട്ടത്തിൽ എടുക്കുന്നതുവരെ മിണ്ടരുതെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ഞങ്ങൾ തർക്കിച്ചപ്പോൾ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അടുത്തുതന്നെയുള്ള ഒരു കട്ടിലിൽ ഉണ്ടെന്നും അവിടെ ചോദിക്കണമെന്നും പറഞ്ഞു. കലവറയ്ക്കൽ എന്ന പ്രസിദ്ധ വീട്ടിലെ കാരണവർ നാരായണപിള്ള അന്ന് അതിനുവേണ്ട സഹായങ്ങളെല്ലാം താൻ ചെയ്യുമെന്നും പക്ഷേ നേരം പുലരാതെ ആളെ കിട്ടുന്നതല്ലാത്തതിനാൽ ഏതാനും മണിക്കൂർ നേരത്തേക്ക് കൂടി ക്ഷമിക്കാതെ തരമില്ലെന്നായി. ഇതിനിടയ്ക്ക് മംഗലത്തുനിന്ന് കെ.സി നീലകണ്ഠൻ ഭാഗവതരും ഏതാനും ആളുകളും കൂടി വന്നെത്തി. ആശാൻ കൂടെ ആലുവായ്ക്ക് പോകുന്നതിന് കോട്ടാറിൽ നിന്ന് വന്നിരുന്നവരും അപകടസമയത്ത് ബോട്ടിൽ ഉണ്ടായിരുന്നവരുമായ എസ്. കുമാരവേലപ്പണിക്കരും അയ്യാവുപ്പണിക്കരും ഞങ്ങളോട് വന്നുചേർന്നു വിവരങ്ങളെല്ലാം പറഞ്ഞു.
ഏതായാലും പരിസ്ഥിതികളെല്ലാം കൂടെ നോക്കിയപ്പോൾ മുങ്ങിത്തപ്പുന്നത് അടുത്തദിവസത്തേക്ക് മാറ്റിവയ്ക്കാൻ ഞങ്ങൾ നിർബന്ധിതരായി. ഞാനും വക്കീൽ പി.കെ. ദാമോദരനും കൊല്ലം പെരിനാട് മേലൂട്ട് പത്മനാഭപ്പണിക്കരും അവിടെതന്നെ നിന്നു. അതികാലത്തെ വീണ്ടും പല്ലന എത്തിക്കൊള്ളാമെന്നും ദേഹം ആലപ്പുഴ കൊണ്ടുവന്ന് സംസ്കരിക്കുന്നതിന് വേണ്ട ഏർപ്പാടുകൾ ചെയ്തുവരാമെന്നും ഏറ്റ് വക്കീൽ കെ.എം.കൃഷ്ണൻ, കടപ്പായി വേലായുധൻ റൈട്ടർ മുതലായി ബാക്കിയുണ്ടായിരുന്നവർ ബോട്ടിൽ തിരികെ പോന്നു. സമീപസ്ഥലക്കാരായ കെ.ജി.മാധവൻ, ശങ്കരൻകുട്ടിഎന്നീ യുവാക്കൾ എന്തു സഹായവും ചെയ്തുതരുന്നതിന് സന്നദ്ധരായി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ബോട്ടിൽ നിന്ന് രക്ഷപ്പെട്ടവരായ തമിഴ് ഈഴവർ കുമാരവേലുപ്പണിക്കരും അയ്യാവു പണിക്കരും ഞങ്ങളുടെ കൂടെതന്നെ വന്നു വെള്ളത്തിൽ പൊന്തിക്കിടക്കുന്ന ശരീരങ്ങളെ നോക്കിത്തുടങ്ങി. ആശാന്റെ ശരീരം അവിടെയെങ്ങും കാണാതെ ഞങ്ങൾ തിരിഞ്ഞു നിൽക്കുമ്പോൾ ഒരു കൊച്ചുവള്ളത്തിൽ കാപ്പി വിൽക്കാൻ കായലിലും മറ്റും കൊണ്ടുനടക്കുന്ന ഒരു മുഹമ്മദീയൻ കുറേ താഴെയായി ചട്ടയെല്ലാം ഇട്ടിട്ടുള്ള ഒരു ശരീരം പൊന്തിക്കിടക്കുന്നെന്ന് ഞങ്ങളോട് പറഞ്ഞു. ഉടനെതന്നെ മാധവൻ വക്കീൽ അദ്ദേഹത്തിന്റെ ചെറുവള്ളത്തിൽ കയറി മേല്പറഞ്ഞ ശങ്കരൻ കുട്ടി മുതലായ ഒന്നുരണ്ടു പേരോടുകൂടി അങ്ങോട്ടുപോയി. ഏകദേശം നൂറുമീറ്റർ അകലെയായി പൊങ്ങിക്കിടന്നിരുന്ന പിണത്തെപ്പിടിച്ച് കരയ്ക്കടിപ്പിച്ചു. ഹാ! ദൈവമേ! അതു നമുക്കെല്ലാം പ്രിയപ്പെട്ട ആശാന്റെ ശരീരമായിരുന്നു. കരയ്ക്കടുപ്പിച്ച് ഞങ്ങൾ ശരീരം എടുത്ത് ഒരു താഴപ്പായിൽ കിടത്തി. കോട്ടും ഷർട്ടും ദേഹത്തുണ്ടായിരുന്നു. അരയിൽ നിന്നും മുണ്ടഴിഞ്ഞുപോയിരുന്നു. കണ്ണുകൾ നല്ലവണ്ണം അടഞ്ഞിരുന്നു. രണ്ടുകാലുകളും മുട്ടിൽവച്ച് അല്പം അകത്തോട്ട് വളഞ്ഞിരുന്നു, മുഖഭാവം ശാന്തവും ഗംഭീരവുമായിരുന്നു. ഉടനേ ശരീരത്തിൽ പുരണ്ടിരുന്ന ചെളിയെല്ലാം ഞങ്ങൾ തേച്ചുകഴുകി വെയിൽ കൊള്ളാതിരിക്കുന്നതിന് ഒരു തട്ടിക പൊളിച്ചുകൊണ്ടുവന്നു മറച്ചു. അപ്പോഴേക്കും സമീപസ്ഥലങ്ങളിൽ നിന്നും ദൂരത്തുനിന്നുമായി അനവധി ആളുകൾ വന്നുചേർന്നിരുന്നു. ആരെല്ലാമെന്ന് വ്യക്തമായി ഓർക്കുന്നതിനു സാധിക്കുന്നതല്ല. പിന്നീട് സംസ്കാരത്തിന്റെ സംഗതിയെക്കുറിച്ചാണ് അവിടെ കൂടിയിരുന്ന ഞങ്ങൾ ആലോചിച്ചത്. പലർക്കും പല അഭിപ്രായമായിരുന്നു. ബോട്ടപകടം സംഭവിച്ച ആ സ്ഥലത്തിന്നു തൊട്ടു തെക്കേക്കരയിൽ പുത്തൻകരിയിൽ പപ്പു അവർകളുടെ സ്ഥലത്ത് മറവ് ചെയ്തു, ബോട്ടിലും വള്ളത്തിലും യാത്ര ചെയ്യുന്നവർക്ക് കാണത്തക്ക നിലയിൽ ഒരു കല്ലറ അപ്പോൾതന്നെ കെട്ടണമെന്ന് തീർച്ചയാക്കി. പ്രസിദ്ധ ധനികന്മാരും ധർമ്മിഷ്ടന്മാരുമായ കലവറ മൂപ്പീന്നും അനന്തിരവനും അവിടെ ഉണ്ടായിരുന്നു. കല്ലും കുമ്മായവും മണലും മറ്റുവേണ്ട സാധനങ്ങളും അവിടന്ന് തരാമെന്ന് ഔദാര്യപൂർവം സമ്മതിച്ചു. ഇതിനിടയ്ക്ക് ഒരു ഫോട്ടോ എടുപ്പിക്കുന്നതിന് ഫോട്ടോ ഗ്രാഫറെ വിളിക്കാൻ ഹരിപ്പാട്ടേക്ക് ആളു പോയെന്ന് മാത്രമല്ല, അടക്കം ചെയ്യുന്നതിനുള്ള പെട്ടി പണിയും തുടങ്ങിയിരുന്നു. കല്ലിനും കുമ്മായത്തിനും മണലിനും വള്ളങ്ങൾ അയച്ചു. മണി ഏകദേശം പന്ത്രണ്ടായിരുന്നു. കല്ലാശാരിയെ വരുത്തി കല്ലറ പണി തുടങ്ങി. ആര്യഭടൻ അവർകളാണ് ആദ്യത്തെ കല്ല് ചുമന്നത്. ഞങ്ങൾ ഓരോരുത്തരും അവിടെ ചെയ്യാത്ത ജോലി ഒന്നും ഉണ്ടായിരുന്നില്ല. ആലപ്പുഴ കൊച്ചുകുട്ടി, തണ്ടുതയ്യിൽ കിട്ടൻ, അയ്യപ്പുണ്ണി റൈട്ടർ, പട്ടാളം കേശവൻ എന്നിവർ കല്ലറപണിക്ക് സഹായിച്ചിരുന്നത് ഇന്നവിധമെന്നു പറവാൻ നിവൃത്തിയില്ല. ശരീരം നശ്വരമെന്ന് അപ്പോൾ ഓരോരുത്തരും വിശ്വസിച്ചിരുന്നു. കല്ലറ ഏകദേശം പൂർത്തിയായി. കാലത്തേതന്നെ കൊല്ലം പൊ. സൂപ്രണ്ട് പേഷ്കാർ, ഹരിപ്പാട് തഹസീൽദാർ തുടങ്ങിയ ഉദ്യോഗസ്ഥന്മാർ സ്ഥലത്ത് വന്നിരുന്നു. പൊലീസ് ഇൻസ്പെക്ടർ മഹസർ തയ്യാറാക്കി ദാമോദരൻ വക്കീലും ഞാനും കയ്യാലക്കലും മാധവൻ വക്കീലും അയ്യാവുപ്പണിക്കരും കുമാരവേലുപ്പണിക്കരും ബോട്ടിലുണ്ടായിരുന്ന ഒരു കോൺസ്റ്രബിളും മൊഴി കൊടുത്തു മഹസറിൽ ഒപ്പിട്ടിരുന്നു. ധരിച്ചിരുന്ന തടിച്ച കണ്ണൂർ ചെക്ക് കോട്ടിന്റെ പോക്കറ്റിൽ swamy dayananda Saraswathi എന്ന് ഇംഗ്ളീഷ് പുസ്തകത്തിൽ രണ്ടെഴുത്തുകളും മണിപാഴ്സിൽ ആറരരൂപയും ഒരു വിസിറ്റിംഗ് കാർഡും ബോട്ടുടിക്കറ്റും കണ്ണാടിയും കൂടും ഫൗണ്ടൻ പേനയും കർചീഫിന്റെ തലയ്ക്ക് കെട്ടിയിരുന്ന താക്കോലും ഉണ്ടായിരുന്നു. പെട്ടി കരയ്ക്ക് കിട്ടിട്ടീല്ല. ഈ സാധനങ്ങളൊക്കെ പൊലീസിന്റെ കൈയിലുണ്ട്.
17ന് വൈകുന്നേരം നാലരമണിക്കുതന്നെ കമ്പി കൊടുത്തിരുന്നതിനാൽ തിരുവനന്തപുരത്തു നിന്ന് ആൾ വരുമെന്നു പ്രതീക്ഷിച്ച് സകല ബോട്ടുകളും കടന്നുപോകുന്നതു വരെ (18-ാം തീയതി) ഞങ്ങൾ കാത്തുനിന്നു. നിർഭാഗ്യവശാൽ ആരെയും കണ്ടില്ല. ഇതിനിടയ്ക്ക് കല്ലറ പണി തീർന്ന് ഫോട്ടോ എടുക്കുകയും ശരീരം പെട്ടിയിൽ ആക്കുകയും ചെയ്തു. ദുർഗന്ധം വരാതിരിക്കാൻ യൂക്കാലിപ്റ്റസ് പെട്ടിയിൽ ഒഴിക്കുകയും സാമ്പ്രാണി പുകയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
മാന്യന്മാരായ അനവധി യോഗ്യന്മാരുടെ സാന്നിദ്ധ്യത്തിൽ നാരായണനാമം ജപിച്ചുകൊണ്ടിരിക്കെ അഞ്ചരമണിയോടുകൂടി ഞങ്ങൾ ആ പുണ്യപുരുഷന്റെ ചേതനയറ്റ ശരീരത്തെ അതിന്റെ വിശ്രമസ്ഥാനത്തേക്കിറക്കി എല്ലാവരും മണ്ണുവാരിയിട്ടു കുഴിമൂടി മേൽഭാഗം പടുത്തു കുമ്മായം തേച്ചു. രാത്രി ഏഴര മണിയായപ്പോഴേക്കും പണികൾ എല്ലാം കഴിഞ്ഞ് നെയ് വിളക്കുവച്ച് ഞങ്ങൾ തൊഴുതു. സ്ഥലത്തുണ്ടായിരുന്ന പേഷ്കാരവർകളോട് സി.വി മുതൽ പേർ മുൻനിന്ന് വളരെ അപകടം സംഭവിച്ചിട്ടുള്ള ആ മുക്കിൽ ശവകുടീരത്തിന്റെ മുമ്പിലായി ഒരു വിളക്ക് വയ്ക്കുന്നതിന് ഗവൺമെന്റ് സാങ്ഷൻ ചെയ്യണമെന്നപേക്ഷിച്ചു. വിളക്കുകാലും പണിചെയ്തു കൊണ്ടിരിക്കാമെന്ന് അപേക്ഷയോടു കൂടിത്തന്നെ പറഞ്ഞു. ഹർജി അയച്ചാൽ കഴിയുന്നതും ചെയ്യാമെന്ന് അദ്ദേഹം സദയം സമ്മതിച്ചു. എന്തിനധികം ദീർഘിപ്പിക്കുന്നു. ഓരോരുത്തരും പിരിഞ്ഞുപോയി. ആശാൻ അവർകൾ ഓട്ടുകമ്പനി മീറ്റിംഗിന് ആലുവായ്ക്ക് പോകുന്ന യാത്രയായിരുന്നു. സംസ്കാരം നടത്തിയത് തൃക്കുന്നപ്പുഴ ആത്മവിദ്യാസംഘാംഗങ്ങളിൽ പലരുടേയും സഹായത്തോടുകൂടിയാണ്. സംഘത്തിന്റെ ആഭിമുഖ്യത്തിൽ എന്നാൽ പറയേണ്ടത്. പരേതമായ ദേഹിക്ക് നിത്യശാന്തി ഭവിക്കട്ടെ.
(കേരളകൗമുദി ചരിത്രം ഒന്നാം ഭാഗം - നെടുങ്കുന്നം ഗോപാലകൃഷ്ണൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |