ന്യൂഡൽഹി: ഒന്നര മാസത്തിലേറെയായി തുടരുന്ന കർഷക സമരത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിനു കഴിയില്ലെന്നു തുറന്നടിച്ച സുപ്രീംകോടതി, വിവാദ കാർഷിക നിയമങ്ങൾ സർക്കാർ സ്റ്റേ ചെയ്തില്ലെങ്കിൽ കോടതി നേരിട്ടു ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
നിയമം പഠിക്കാൻ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള വിദഗ്ദ്ധ സമിതിയെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതോടെ വിവാദ കാർഷിക നിയമങ്ങൾ അതേപടി നടപ്പാക്കാനുള്ള സാദ്ധ്യത മങ്ങി. നിയമങ്ങൾ സംബന്ധിച്ച് എന്തു കൂടിയാലോചനയാണ് നടത്തിയതെന്നു ചോദിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, നിയമഭേദഗതി ഉടൻ നടപ്പാക്കരുതെന്ന് വാക്കാൽ നിർദ്ദേശിച്ചു.സമിതി അംഗങ്ങളെ നിർദ്ദേശിക്കാൻ സർക്കാരിന് ഒരു ദിവസത്തെ സാവകാശം കോടതി അനുവദിച്ചു. റിട്ട. ചീഫ് ജസ്റ്റിസിനെ അദ്ധ്യക്ഷനാക്കാനാണ് കോടതി താത്പര്യം പ്രകടിപ്പിച്ചത്. സമരം ചെയ്യുന്ന 41 കർഷക സംഘടനകൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദാവെ വിദഗ്ദ്ധ സമിതി സ്വീകാര്യമാണെന്ന് വ്യക്തമാക്കി. എട്ടുതവണ സർക്കാരും സമരക്കാരും ചർച്ച നടത്തിയിട്ടും പരിഹരിക്കാൻ കഴിയാത്ത വിഷയത്തിലാണ് കോടതിയുടെ ഇടപെടൽ.സമരം പിൻവലിക്കണമെന്ന് കർഷകരോട് ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിവാദ നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടും, സമരം നടത്തുന്ന കർഷകരെ മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.
വീണ്ടുവിചാരമില്ലാതെ കൊണ്ടുവന്ന നിയമമാണ് തെരുവുയുദ്ധത്തിൽ എത്തിനിൽക്കുന്നതെന്ന വിമർശനവും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ നിന്നുണ്ടായി.
നിയമം സ്റ്റേ ചെയ്യുന്ന കാര്യത്തിലും വിദഗ്ദ്ധ സമിതി സംബന്ധിച്ചും കോടതി ഇന്ന് വിധി പറയും. നിയമത്തെക്കുറിച്ചുള്ള എല്ലാ വശങ്ങളും പഠിച്ച് എല്ലാവർക്കും പറയാനുള്ളത് കേട്ട ശേഷം വിദഗ്ദ്ധ സമിതി അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കും. പിന്നീട് ഈ നിയമം പൊതുജന താത്പര്യപ്രകാരമാണോ കൊണ്ടുവന്നതെന്ന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.
സമരവേദി മാറ്റണം
വൃദ്ധരും സ്ത്രീകളുംഉൾപ്പെട്ട കർഷക സമരത്തെ കേന്ദ്രം നേരിട്ട രീതി നിരാശാജനകമാണെന്ന് സൂചിപ്പിച്ച കോടതി, അതിശൈത്യത്തിൽ നിന്നും കൊവിഡിൽ നിന്നും രക്ഷപ്പെടാൻ സമരക്കാരോട് (സ്ത്രീകളോടും വൃദ്ധരോടും) തിരികെപ്പോകണമെന്ന് ആവശ്യപ്പെട്ടു.
സ്റ്റേ ഒഴിവാക്കാൻ അറ്റോർണി ജനറൽ
മനുഷ്യാവകാശ ലംഘനമില്ലാത്തതിനാൽ സ്റ്റേ ചെയ്യരുതെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. അധികാരപരിധി കടന്ന് നിയമനിർമ്മാണസഭ നിയമം കൊണ്ടുവരിക, നിയമം പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കുക, ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാവുക എന്നീ മൂന്നു സന്ദർഭങ്ങളിലാണ് കോടതിക്ക് സ്റ്റേ ചെയ്യാൻ കഴിയുന്നതെന്നും ഈ സാഹചര്യങ്ങൾ ഇക്കാര്യത്തിലില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രത്യേക സാഹചര്യങ്ങളിൽ നിയമങ്ങൾ സ്റ്റേ ചെയ്ത ചരിത്രം കോടതിക്കുണ്ടെന്ന് മഹാരാഷ്ട്രയിലെ മറാത്ത സംവരണം സ്റ്റേ ചെയ്തത് ഉദാഹരണമാക്കി കോടതി ചൂണ്ടിക്കാട്ടി. നിയമം സ്റ്റേ ചെയ്യുന്നതും നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി അറിയിച്ചു. കാർഷിക നിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരാണെന്നായി കേന്ദ്രത്തിന്റെ വാദം. പഴയ സർക്കാർ തീരുമാനിച്ചുവെന്ന ന്യായം ഈ സർക്കാരിനെ രക്ഷിക്കില്ലെന്ന് കോടതി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |