വാഷിംഗ്ടൺ: തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം കൂടുതൽ അക്രമങ്ങൾക്കു വഴിവയ്ക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാപ്പിറ്റോൾ ആക്രമണത്തിൽ തനിക്കു യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ ട്രംപ് അക്രമത്തിനു താൻ അനുയായികളെ പ്രേരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാതെന്നും പറഞ്ഞു.
വർഷങ്ങളായി തനിക്കെതിരെ നടക്കുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്മെന്റ് തട്ടിപ്പെന്നും ട്രംപ് പറഞ്ഞു. ജനങ്ങൾക്കിടയിൽ ഇതു കടുത്ത വിദ്വേഷത്തിനും വിഭജനത്തിനും കാരണമാകുന്നുണ്ട്. നിർണായകമായ ഈ സമയത്ത് ഇത്തരം നീക്കങ്ങൾ രാജ്യത്തിന് കൂടുതൽ അപകടകരമാകുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.
25-ാം ഭേദഗതി കൊണ്ടു എനിക്ക് യാതൊരു ഭീഷണിയുമില്ല. ബൈഡൻ ഭരണകൂടത്തെ അതു തിരിച്ചടിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ച് അതീവജാഗ്രത വേണം - ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച് തന്നെ പുറത്താക്കാൻ ഡെമോക്രാറ്റുകൾ നടത്തുന്ന നീക്കത്തോടുളള ആദ്യ പ്രതികരണമായി ട്രംപ് പറഞ്ഞു.
എതിർപ്പുമായി റിപ്പബ്ലിക്കൻസും
റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇംപീച്ച്മെന്റ് അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ജനപ്രതിനിധി സഭയിലെ മുതിർന്ന റിപ്പബ്ലിക്കൻ നേതാവും മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ മകളുമായ ലിസ് ചെനി അറിയിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങളായ ജോൺ കാറ്റ്കോയും ആഡം കിസിഞ്ജറും ഇംപീച്ച്മെന്റിനെ അനുകൂലിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |